രാഹുൽ അപമാനിച്ചത് സവർക്കറെയല്ല, ഇന്ദിരാ ഗാന്ധിയെ: ബി.ജെ.പി

രാഹുലിന് കൂടുതൽ ചേർന്ന പേര് 'രാഹുൽ ജിന്ന' എന്നാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹറാവു ഇന്നലെ പറഞ്ഞിരുന്നു

രാഹുൽ അപമാനിച്ചത് സവർക്കറെയല്ല, ഇന്ദിരാ ഗാന്ധിയെ: ബി.ജെ.പി

ന്യൂഡൽഹി: സവർക്കർക്കെതിരായ പരാമർശം കൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപമാനിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മുത്തശ്ശിയും ഇന്ത്യൻ മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയെയാണെന്ന് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസ്സൈൻ. ഇനി അദ്ദേഹം മാപ്പ് ചോദിച്ചാലും രാജ്യം അദ്ദേഹത്തോട് ക്ഷമിക്കില്ലെന്ന് ഹുസ്സൈന്‍ പറഞ്ഞു.

'സ്വാതന്ത്ര്യ സമരത്തിൽ സവർക്കർ നൽകിയ സംഭാവനകളെ പ്രശംസിച്ച സ്വന്തം മുത്തശ്ശിയെയാണ് രാഹുൽ ഗാന്ധി തന്റെ പ്രസ്താവനയിലൂടെ അപമാനിച്ചിരിക്കുന്നത്. ഇനി രാഹുൽ തന്റെ പ്രസ്താവനയിൽ മാപ്പു പറയാൻ ആഗ്രഹിച്ചാലും രാജ്യം അദ്ദേഹത്തോട് ക്ഷമിക്കില്ല.'-ഹുസ്സൈൻ പറഞ്ഞു.

റെയ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പു പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിന് മറുപടി പറയവേ കഴിഞ്ഞദിവസം നടന്ന കോൺഗ്രസിന്റെ ഭാരത് ബച്ചാവോ റാലിയിലാണ് രാഹുൽ ഗാന്ധി സവർക്കറുടെ പേരെടുത്തിട്ടത്. തന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും രാഹുൽ സവർക്കർ എന്നല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 'റെയ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ ബി.ജെ.പി ആവശ്യപ്പെട്ടതുപോലെ ഞാൻ മാപ്പു പറയില്ല. എന്റെ പേര് രാഹുൽ ഗാന്ധി എന്നാണ്, രാഹുൽ സവർക്കർ എന്നല്ല. മാപ്പുപറയേണ്ടത് മോദിയും അമിത്ഷായുമാണ്'-എന്നിങ്ങനെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ നേരത്തേ ബി.ജെ.പിയും ശിവസേനയും രംഗത്തെത്തിയിരുന്നു.

രാഹുലിന് കൂടുതൽ ചേർന്ന പേര് 'രാഹുൽ ജിന്ന' എന്നാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹറാവു ഇന്നലെ പറഞ്ഞിരുന്നു. 'രാഹുൽ ഗാന്ധിക്ക് ഏറ്റവും യോജിച്ച പേര് രാഹുൽ ജിന്ന എന്നാണ്. നിങ്ങളുടെ മുസ്ലിം പ്രീണന രാഷ്ട്രീയവും മാനസികാവസ്ഥയും നിങ്ങളെ സവർക്കറെയല്ല, മുഹമ്മദ് അലി ജിന്നയുടെ പ്രതിനിധിയാണ് ആക്കുന്നത്.'-എന്നിങ്ങനെയായിരുന്നു നരസിംഹറാവുവിന്റെ പ്രതികരണം.

രാഹുൽ ഗാന്ധിക്ക് ഒരിക്കലും രാഹുൽ സവർക്കർ ആകാൻ കഴിയില്ലെന്ന് മറ്റൊരു ബി.ജെ.പി നേതാവ് സാമ്പിത് പത്ര പറഞ്ഞു. 'രാജ്യസ്നേഹത്തിനും ധീരതയ്ക്കും ത്യാഗത്തിനും വേണ്ടി നിലകൊണ്ടയാളാണ് സവർക്കർ. രാഹുൽ ഗാന്ധിക്ക് ഒരിക്കലും 'രാഹുൽ സവർക്കർ' ആകാൻ കഴിയില്ല. പൗരത്വ ഭേദഗതി ബിൽ, ആർട്ടിക്കിൾ 370, സർജിക്കൽ സ്‌ട്രൈക്ക് തുടങ്ങിയ വിഷയങ്ങളിൽ പാകിസ്താൻ പറഞ്ഞ കാര്യങ്ങൾ അതേപോലെ പറഞ്ഞ ഒരാളാണ് കോൺഗ്രസ് നേതാവ്.'- സാമ്പിത് പത്ര പറഞ്ഞിരുന്നു.

രാഹുൽ ഗാന്ധിക്ക് സവർക്കറുടെ നഖത്തിന് പോലും തുല്യമാകാനാകില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ശിവേസനയും രാഹുലിന്റെ പ്രസ്താവനയക്കെതിരെ രംഗത്തെത്തി. ഠമഹാരാഷ്ട്ര മാത്രമല്ല, മുഴുവൻ രാജ്യത്തിന്റെയും വിഗ്രഹമാണ് വീർ സവർക്കർ. സവർക്കർ എന്ന പേര് രാഷ്ട്രത്തെയും സ്വന്തം വ്യക്തിത്വത്തേയും കുറിച്ചുള്ള അഭിമാനത്തെ സൂചിപ്പിക്കുന്നു. നെഹ്റുവിനെയും ഗാന്ധിയെയും പോലെ സവർക്കറും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചു. അത്തരത്തിലുള്ള എല്ലാ മഹത് വ്യക്തിത്വങ്ങളും ബഹുമാനിക്കണം. ഇതിൽ വിട്ടുവീഴ്ചയില്ല.'- ബി.ജെ.പി എം.പി സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തിരുന്നു.

Read More >>