വിധി മാനിക്കണം, ഐക്യം നിലനിർത്തണം; അയോദ്ധ്യയിൽ പ്രതികരണവുമായി രാഹുൽ

നമ്മൾ ഇന്ത്യക്കാർക്കിടയിൽ സാഹോദര്യവും വിശ്വാസവും പരസ്പര സ്‌നേഹവും ഉണ്ടാകേണ്ട സമയമാണിത്

വിധി മാനിക്കണം, ഐക്യം നിലനിർത്തണം; അയോദ്ധ്യയിൽ പ്രതികരണവുമായി രാഹുൽ

ന്യൂഡൽഹി: അയോദ്ധ്യ തർക്ക ഭൂമി കേസിലെ സുപ്രിം കോടതി വിധിയിൽ പ്രതികരണവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. വിധിയെ മാനിക്കണമെന്നും ഐക്യം നിലനിർത്തണമെന്നും രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ' അയോദ്ധ്യ വിഷയത്തിൽ സുപ്രിം കോടതി വിധി പ്രസ്താവിച്ചു. കോടതിയുടെ ഈ തീരുമാനത്തെ മാനിക്കുമ്പോൾ തന്നെ, നാമെല്ലാവരും പരസ്പര ഐക്യം നിലനിർത്തണം. നമ്മൾ ഇന്ത്യക്കാർക്കിടയിൽ സാഹോദര്യവും വിശ്വാസവും പരസ്പര സ്‌നേഹവും ഉണ്ടാകേണ്ട സമയമാണിത്.'-രാഹുൽ ട്വീറ്റ് ചെയ്തു.

അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകുന്നതാണ് സുപ്രിം കോടതി വിധി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. മുസ്ലിംകൾക്ക് പള്ളി നിർമ്മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കർ അനുവദിക്കണമെന്ന് വിധി പ്രസ്താവത്തിൽ പറയുന്നു. തർക്ക ഭൂമി മൂന്നാക്കി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിം കോടതി തള്ളി. പള്ളി നിർമ്മിക്കുന്നതിന് അഞ്ച് ഏക്കർ ഭൂമി യു.പി സർക്കാരോ കേന്ദ്ര സർക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോർഡിന് കൈമാറണം.ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രിം കോടതി നിർണായക തീരുമാനം എടുത്തത്.

നിർമോഹി അഖാരക്ക് പുതിയ ക്ഷേത്രത്തിന്റെ പരിപാലനത്തിന് അർഹമായ പ്രാതിനിധ്യം നൽകണം. ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം ഏറ്റെടുക്കണം. ട്രസ്റ്റായിരിക്കും ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുക. ട്രസ്റ്റ് രൂപീകരിക്കാൻ മൂന്ന് മാസം സമയം കേന്ദ്ര സർക്കാരിന് അനുവദിച്ചിട്ടുണ്ട്. രണ്ടര ദശാബ്ദത്തോളം നീണ്ട, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസിലാണ് രാജ്യത്തെ പരമോന്നത കോടതി ഇന്ന് രാവിലെ പത്തരയ്ക്ക് വിധി പറയുന്നത്. വിധിക്ക് മുമ്പോടിയായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്നലെ ചീഫ് ജസ്റ്റിസ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. യു.പിയിൽ മാത്രം 40 കമ്പനി അർദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. അയോദ്ധ്യയിലെ 2.7 ഏക്കർ വരുന്ന ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് കോടതി പരിഗണിച്ചത്. 40 ദിവസം തുടർച്ചയായാണ് കോടതി കേസിൽ വാദം കേട്ടത്.

Read More >>