നട്ടെല്ലില്ലാത്ത പൊലീസ്, നട്ടെല്ലില്ലാത്ത കോടതി;ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ നടപടിയെടുക്കാൻ സമയം നീട്ടി നൽകി ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ രജ്ദീപ് സർദേശായി

കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറാണ് കോടതിയിൽ ഹർജി നൽകിയത്

നട്ടെല്ലില്ലാത്ത പൊലീസ്, നട്ടെല്ലില്ലാത്ത കോടതി;ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ നടപടിയെടുക്കാൻ സമയം നീട്ടി നൽകി ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ രജ്ദീപ് സർദേശായി

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് കാരണമായെന്ന് പറയപ്പെടുന്ന ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകളിൽ നടപടിയെടുക്കാൻ സമയം നീട്ടി നൽകി ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നട്ടെല്ലില്ലാത്ത പൊലീസ്, നട്ടെല്ലില്ലാത്ത കോടതി'- എന്നായിരുന്നു സർദേശായിയുടെ ട്വീറ്റ്.

ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകളിൽ നടപടിയെടുക്കാൻ ഒരു മാസത്തെ സമയാണ് ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ അദ്ധ്യക്ഷനും സി. ഹരിശങ്കർ അംഗവുമായി ബഞ്ച് നൽകിയത്. കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ ഹർഷ് മന്ദറാണ് കോടതിയിൽ ഹർജി നൽകിയത്. ബുധനാഴ്ച ഡൽഹി പൊലീസിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയ ജസ്റ്റിസ് എസ് മുരളീധറിന്റെ ബഞ്ച് എത്രയും വേഗം നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു. ഇല്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച അർദ്ധരാത്രിയാണ് കേന്ദ്രസർക്കാർ തിടുക്കത്തിൽ ജസ്റ്റിസ് മുരളീധരിനെ പഞ്ചാബ്-ഹരിയാന കോടതിയിലേക്ക് സ്ഥലം മാറ്റിയത്.

ഇതുമായി ബന്ധപ്പെട്ട ഭരണ-പ്രതിപക്ഷ വിവാദം ചൂടുപിടിച്ചു നിൽക്കുന്ന വേളയിലാണ് തിടുക്കത്തിൽ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് വരുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, കപിൽ മിശഅര, അഭയ് വർമ്മ, പർവേശ് വർമ്മ തുടങ്ങിയവർക്കെതിരെ നടപടിയെടുക്കാനാണ് ജസ്റ്റിസ് മുരളീധറിന്റെ ബഞ്ച് ആവശ്യപ്പെട്ടിരുന്നത്. പൊലീസ് നിഷ്‌ക്രിയത്വത്തെ രൂക്ഷമായി വിമർശിച്ച അദ്ദേഹം മറ്റൊരു 1984 ആവർത്തിക്കാൻ സമ്മതിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇന്ന് ഉച്ച തിരിഞ്ഞ് വീണ്ടും വാദം കേട്ട ഹർജിയിൽ ഒരു ദിവസം പോലും കാത്തിരിക്കരുത് എന്നും എത്രയും വേഗം കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു. പോയി കൊല്ലൂ എന്നായിരുന്നു ഒരു രാഷ്ട്രീയപ്പാർട്ടിയുടെ മുദ്രാവാക്യമെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ തങ്ങൾക്കും കാര്യങ്ങൾ പറയാനുണ്ട് അതുകൂടി കേട്ടുമാത്രമേ ഉത്തരവ് പുറപ്പെടുവിക്കാവൂ എന്നും കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചേതൻ ശർമ്മ അഭ്യർത്ഥിച്ചു. ഇതോടെ എതിർ സത്യവാങ്മൂലം നൽകാൻ കോടതി കേന്ദ്രസർക്കാറിന് നാലാഴ്ച സമയം നൽകുകയായിരുന്നു.

കലാപത്തിൽ ഇതുവരെ 48 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാഹുൽ മെഹ്റ അറിയിച്ചു. ഡൽഹി പൊലീസിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലവിലെ സാഹചര്യത്തിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കോടതിയെ അറിയിച്ചു. കേസെടുത്താൽ അത് സമധാന അന്തരീക്ഷത്തെ ഇല്ലാതാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Next Story
Read More >>