ഇന്ത്യക്കാർ മറന്ന നെഹ്‌റുവിനെ അമേരിക്കക്കാർ ഓർത്തതിൽ സന്തോഷം: രാജ്ദീപ് സർദേശായ്

നെഹ്റുവിനെ തെളിഞ്ഞും ഒളിഞ്ഞും ആക്രമിക്കുന്ന മോദിയെ വേദിയിൽ ഇരുത്തിയായിരുന്നു ഹോയറിന്റെ പരാമർശങ്ങൾ

ഇന്ത്യക്കാർ മറന്ന നെഹ്‌റുവിനെ അമേരിക്കക്കാർ ഓർത്തതിൽ സന്തോഷം: രാജ്ദീപ് സർദേശായ്

ന്യൂഡൽഹി: ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ യു.എസ് ജനപ്രതിനിധി സഭാ നേതാവ് സ്റ്റെനി ഹോയർ പ്രകീർത്തിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ്. ചില ഇന്ത്യക്കാർ മറന്നെങ്കിലും നെഹ്‌റു ഭരണഘടനാ ജനാധിപത്യത്തിന് നൽകിയ സംഭാവനകളെ അമേരിക്കക്കാർ മറന്നില്ലെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു രാജ്ദീപ് സർദേശായിയുടെ ട്വീറ്റ്.

നെഹ്റുവിനെ തെളിഞ്ഞും ഒളിഞ്ഞും ആക്രമിക്കുന്ന മോദിയെ വേദിയിൽ ഇരുത്തിയായിരുന്നു ഹോയറിന്റെ പരാമർശങ്ങൾ. 'ഇന്ത്യ, അമേരിക്കയെ പോലെ അതിന്റെ പുരാതന പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നു. ഗാന്ധിയുടെ അധ്യാപനവും നെഹ്റുവിന്റെയും ഉൾക്കാഴ്ചയുമാണ് ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമാക്കി അതിന്റെ ഭാവിയെ സുരക്ഷിതമാക്കിയത്. ആ രാജ്യത്ത് ബഹുസ്വരതയ്ക്കും ഓരോ വ്യക്തിയുടെ മനുഷ്യാവകാശ സംരക്ഷണത്തിനും ആദരമുണ്ട്' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ നെഹ്റു നടത്തിയ പ്രസംഗവും അദ്ദേഹം സ്മരിച്ചു. ഓരോ കണ്ണിലെയും കണ്ണീർ തുടയ്ക്കണമെന്നതാണ് ഗാന്ധിയുടെ സ്വപ്നം, കണ്ണീരും യാതനും തുടരുന്നിടത്തോളം നമ്മുടെ ജോലി പൂർണമാകില്ല എന്ന വാക്കുകളാണ് അദ്ദേഹം പ്രസംഗത്തിൽ ഉദ്ധരിച്ചത്. മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ നെഹ്റുവിനെ കുറ്റപ്പെടുത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഹൂസ്റ്റണിൽ നെഹ്റു ഓർക്കപ്പെട്ടത്. ഹൗഡി മോദി പരിപാടിയുടെ അന്നു തന്നെയാണ് പാക് അധീന കശ്മീരിന് ഉത്തരവാദി നെഹ്റുവാണ് എന്ന് മോദിയുടെ വിശ്വസ്തനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പ്രസ്താവനയിറക്കിയിരുന്നത്.

' ദുർബലർക്കും ശക്തർക്കും ഒരുപോലെ അവസരം നൽകുന്നതാണ് ജനാധിപത്യമെന്ന് ഗാന്ധി നിർവചിച്ചിട്ടുണ്ട്. എല്ലാവർക്കും ക്ഷേമം, ഒരാൾക്കും ഉപദ്രവില്ല എന്നതാണ് അതിന്റെ നിർവചനം എന്നായിരുന്നു യു.എസ് പ്രസിഡണ്ട് അബ്രഹാം ലിങ്കന്റെ നിർവചനം'- ഹോയർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെയും പ്രസംഗങ്ങൾക്ക് മുമ്പാണ് അമ്പതിനായിരം വരുന്ന ആൾക്കൂട്ടത്തെ ഡെമോക്രാറ്റ് അംഗമായ ഹോയർ അഭിസംബോധന ചെയ്തത്. ഹോയറുടെ പ്രസംഗം സാമൂഹിക മാദ്ധ്യമങ്ങളിലും അനുരണനങ്ങൾ ഉണ്ടാക്കി. മോദി ഇത്തരത്തിൽ ഒന്ന് പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല എന്നാണ് അഭിജിത് ദിപ്കെ ട്വിറ്റർ യൂസർ പോസ്റ്റിട്ടത്. മോദിയുടെ രാഷ്ട്രീയത്തിന് എതിരെയുള്ള ശക്തമായ വാക്കുകളാണ് ഹോയറുടേത് എന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു.

അന്താരാഷ്ട്ര തലത്തിൽ ഗാന്ധിയെയും നെഹ്റുവിനെയും കൊണ്ടാണ് ഇന്ത്യ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത് എന്ന് രൂപാലി ശ്രീവാസ്തവ എന്ന യൂസർ ട്വീറ്റ് ചെയ്തു.1981 മുതൽ യു.എസ് ജനപ്രതിനിധി സഭയിലെ അംഗമാണ് സ്റ്റെനി ഹോയർ.

Read More >>