'തന്ത്രവിദഗ്ധൻമാർ'-മോദി-അമിത്ഷാ സ്തുതിയുമായി വീണ്ടും രജനീകാന്ത്

ഇരുവരെയും കൃഷ്ണനോടും അർജുനനോടും ഉപമിച്ചതിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരുന്നു

തന്ത്രവിദഗ്ധൻമാർ-മോദി-അമിത്ഷാ സ്തുതിയുമായി വീണ്ടും രജനീകാന്ത്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെയും പുകഴ്ത്തി സൂപ്പർസ്റ്റാർ രജനീകാന്ത് വീണ്ടും രംഗത്ത്. തന്ത്രവിദഗ്ധൻമാർ എന്നാണ് ഇരുവരേയും രജനീകാന്ത് വിശേഷിപ്പിച്ചത്. ഇരുവരെയും കൃഷ്ണനോടും അർജുനനോടും ഉപമിച്ചതിന് പിന്നാലെയാണ് രജനികാന്തിന്റെ പുതിയ വിശേഷണം.

'മോദിയും അമിത്ഷായും തന്ത്രവിദഗ്ധന്മാരാണ്. ഒരാൾ പ്ലാൻ തയ്യാറാക്കുന്നു. രണ്ടാമൻ നടപ്പാക്കുന്നു.' എന്നായിരുന്നു രജനികാന്ത് പറഞ്ഞത്.

ഇരുവരെയും കൃഷ്ണനോടും അർജുനനോടും ഉപമിച്ചതിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയിരുന്നു. അപ്പോൾ പാണ്ഡവരും കൗരവരും ആരാണ് എന്നായിരുന്നു രജനികാന്തിനോട് ഒവൈസിയുടെ ചോദ്യം.

'അപ്പോൾ പാണ്ഡവരും കൗരവരും ആരാണ്? ഈ രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങൾക്ക് ആവശ്യം' -എന്ന് ഒവൈസി ചോദിക്കുന്നു.

എന്നാൽ കശ്മീർ ഭീകരവാദികളുടേയും തീവ്രവാദികളുടേയും നാടാണെന്നും ആദ്യം കശ്മീരിൽ കർഫ്യൂ പ്രഖ്യാപിക്കുകയും പിന്നീട് രാജ്യസഭയിൽ ബിൽ പാസാക്കുകയും ചെയ്തത് തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നുമായിരുന്നു രജനികാന്ത് പ്രതികരിച്ചത്.

ജമ്മു-കശ്മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കിയ നടപടിയുടെ സാഹചര്യത്തിലായിരുന്നു രജനികാന്ത് മോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

Read More >>