അയോദ്ധ്യ വിധിയിലൂടെ നിയമ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിച്ചു: മോദി

ഈ വിധി ആരുടെയും വിജയമോ നഷ്ടമോ ആയി കാണരുത്

അയോദ്ധ്യ വിധിയിലൂടെ നിയമ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിച്ചു: മോദി

ന്യൂഡൽഹി: അയോദ്ധ്യ തർക്ക ഭൂമി കേസിലെ സുപ്രിം കോടതി വിധിയിലൂടെ രാജ്യത്തെ നിയമ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവും നിലനിർത്തണമെന്ന് ആഹ്വാനം ചെയ്ത മോദി, ഇത് ആരുടേയും വിജയമോ പരാജയമോ ആയി കാണേണ്ടതില്ലെന്നും ആവർത്തിച്ചു. വിധി പ്രസ്താവത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം രമ്യമായി പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ' അയോദ്ധ്യ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രിം കോടതി വിധി പ്രസ്താവിച്ചു. ഈ വിധി ആരുടെയും വിജയമോ നഷ്ടമോ ആയി കാണരുത്. രാമഭക്തിയായാലും റഹിം ഭക്തിയായാലും രാഷ്ട്രഭക്തിയുടെ ചൈതന്യം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സമാധാനവും ഐക്യവും നിലനിൽക്കട്ടെ.'- അദ്ദേഹം ട്വീറ്റ് ചെയ്തു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. മുസ്ലിംകൾക്ക് പള്ളി നിർമ്മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കർ അനുവദിക്കണമെന്ന് വിധി പ്രസ്താവത്തിൽ പറയുന്നു. തർക്ക ഭൂമി മൂന്നാക്കി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിം കോടതി തള്ളി. പള്ളി നിർമ്മിക്കുന്നതിന് അഞ്ച് ഏക്കർ ഭൂമി യു.പി സർക്കാരോ കേന്ദ്ര സർക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോർഡിന് കൈമാറണം.ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രിം കോടതി നിർണായക തീരുമാനം എടുത്തത്.

നിർമോഹി അഖാരക്ക് പുതിയ ക്ഷേത്രത്തിന്റെ പരിപാലനത്തിന് അർഹമായ പ്രാതിനിധ്യം നൽകണം. ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം ഏറ്റെടുക്കണം. ട്രസ്റ്റായിരിക്കും ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുക. ട്രസ്റ്റ് രൂപീകരിക്കാൻ മൂന്ന് മാസം സമയം കേന്ദ്ര സർക്കാരിന് അനുവദിച്ചിട്ടുണ്ട്. രണ്ടര ദശാബ്ദത്തോളം നീണ്ട, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസിലാണ് രാജ്യത്തെ പരമോന്നത കോടതി ഇന്ന് തീർപ്പുകൽപ്പിച്ചത്.

വിധിക്ക് മുമ്പോടിയായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്നലെ ചീഫ് ജസ്റ്റിസ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. യു.പിയിൽ മാത്രം 40 കമ്പനി അർദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. അയോദ്ധ്യയിലെ 2.7 ഏക്കർ വരുന്ന ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് കോടതി പരിഗണിച്ചത്. 40 ദിവസം തുടർച്ചയായാണ് കോടതി കേസിൽ വാദം കേട്ടത്.

Read More >>