തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റെയില്‍വേയില്‍ ഒഴിവുനികത്തല്‍ മഹാമഹം

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ വമ്പിച്ച തോതില്‍ നിയമനം നടത്തുക സാധ്യമല്ല. നിയനം നടത്തുകപോലും ചെയ്യാതെ വെറും പ്രസ്താവനയിലൂടെ വോട്ടു നേടാനുളള കള്ളക്കളിയാണ് ഇത്

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റെയില്‍വേയില്‍ ഒഴിവുനികത്തല്‍ മഹാമഹം

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റെയില്‍വേയില്‍ ഒഴിവുനികത്തല്‍ മാഹാമഹം. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ റെയില്‍വേ 4,00,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും 2018ല്‍ നടത്തിയ പരീക്ഷകളിലൂടെ 1,50,000 പേരെ റെയില്‍വെയിലേക്ക് നിയമിക്കുമെന്നും കേന്ദ്ര റയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് 1,00,000 ജീവനക്കാര്‍ വിരമിക്കുന്ന ഒഴിവുകളിലേക്കും ഇപ്പോള്‍ നിയമനം നടത്തുന്നുണ്ടത്രേ.

മറ്റു റിക്രൂട്ട്മെന്റ് പദ്ധതികളിലൂടെ 2,30,000 പേര്‍ക്കും തൊഴില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നടപ്പു വര്‍ഷത്തില്‍ ഫെബ്രുവരി -മാര്‍ച്ച് മാസത്തില്‍ 1,31,328 ഒഴിവുളള തസ്തികകള്‍ നികത്തും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുളള 10 ശതമാനം സംവരണം പരിഗണിച്ച് നിയമന നടപടികള്‍ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പിിയുഷിന്റെ നീക്കം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. പിയൂഷ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് രാഷ്ട്രീയ ലോക് ജനതാദള്‍ നേതാവ് മസൂദ് അഹ്മദ് ആരോപിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. അതിനുശേഷം ഇത്ര വമ്പിച്ച രീതിയില്‍ നിയമനം നടത്തുക സാധ്യമല്ല. ചുരുക്കത്തില്‍ നിയനം നടത്തുകപോലും ചെയ്യാതെ വോട്ടു നേടാനുളള കള്ളക്കളിയാണ് ഇതെന്നും ആരോപിക്കപ്പെടുന്നു.

Read More >>