ജനജീവിതം തടസപ്പെടുത്താൻ ഷാഹീൻ ബാഗിലെ പ്രതിഷേധക്കാർക്ക് അവകാശമില്ല, പിരിച്ചുവിടാൻ ബലം പ്രയോഗിക്കുന്നതിലും തെറ്റില്ല: കട്ജു

നിയമം സംരക്ഷിക്കേണ്ട സംസ്ഥാന സ്ഥാപനങ്ങളും ഭരണകൂടവും കോടതിയും പരാജയപ്പെട്ടുവെന്നു പറയുന്നതിൽ തനിക്കു ഖേദമുണ്ട്

ജനജീവിതം തടസപ്പെടുത്താൻ ഷാഹീൻ ബാഗിലെ പ്രതിഷേധക്കാർക്ക് അവകാശമില്ല, പിരിച്ചുവിടാൻ ബലം പ്രയോഗിക്കുന്നതിലും തെറ്റില്ല: കട്ജു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷാഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. 'ദ വീക്കി'ലെഴുതിയ ലേഖനത്തിലായിരുന്നു കട്ജുവിന്റെ വിമർശനം. താനും പൗരത്വ ഭേദഗതി നിയമത്തിനെതിരാണെന്നും എന്നാൽ, ഷാഹീൻ ബാഗിലെ പ്രതിഷേധത്തെ ന്യായീകരിക്കാനാകില്ലെന്നും കട്ജു ലേഖനത്തിൽ പറഞ്ഞു.

"ഞാനും സി.എ.എയ്ക്ക് എതിരാണ്. പക്ഷേ, ഷാഹീൻ ബാഗ്-കാളിന്ദി കുഞ്ച് റോഡ് ഉപരോധിച്ച് നിയമം കയ്യിലെടുത്ത് പ്രതിഷേധിക്കുന്നവരെ ന്യായീകിരിക്കാൻ എനിക്ക് കഴിയില്ല. ഷാഹീൻ ബാഗിലെ പ്രതിഷേധക്കാർക്ക് മാദ്ധ്യമ ശ്രദ്ധ വേണ്ടുവോളം ലഭിച്ചതിനാൽ അവർ വലിയ നേതാക്കളായി മാറുകയും അവർക്ക് അവരുടെ നിയമമെന്ന് സ്വയം വിശ്വസിക്കാനും തുടങ്ങി. ഷാഹീൻ ബാഗ് പരിസരത്തെ ഗതാഗതം തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഡൽഹി പൊലീസിന് സുപ്രിം കോടതി ഉത്തരവിടണം. ക്രമസമാധാനം തകരാതെ നോക്കാൻ ആവശ്യമെങ്കിൽ പൊലീസ് നടപടി സ്വീകരിക്കേണ്ടി വന്നാൽ അതിനം തയ്യാറാകണം. റോഡുകൾ തടഞ്ഞുകൊണ്ട് ഡൽഹിലെ ജനങ്ങളെ ദുരിതത്തിലാക്കാൻ ഷാഹീൻ ബാഗ് പ്രതിഷേധക്കാർക്ക് അവകാശമില്ല. ഒരു മെഡിക്കൽ അത്യാഹിതം ഉണ്ടായാൽ, റോഡുകൾ അടഞ്ഞുകിടക്കുന്നത് ആ രോഗിയുടെ മരണത്തിനുവരെ കാരണമാകാം. വേറെയും നിരവധി കാരണങ്ങളുണ്ട്. റോഡ് തടസപ്പെടുന്നത് ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കും"- കട്ജു പറഞ്ഞു.

കോടതികൾ കർശനമാകുകയും നിയമലംഘകരോട് മൃദു സമീപനം കാണിക്കാതിരിക്കുകയും ചെയ്യേണ്ട സന്ദർഭങ്ങളുണ്ട്. നിയമം സംരക്ഷിക്കേണ്ട സംസ്ഥാന സ്ഥാപനങ്ങളും ഭരണകൂടവും കോടതിയും പരാജയപ്പെട്ടുവെന്നു പറയുന്നതിൽ തനിക്കു ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story
Read More >>