ഷായും മോദിയും 'പൊഹ' കഴിക്കുന്നു; ഇരുവരേയും രാജ്യത്ത് നിന്നും പുറത്താക്കുമോ, സിഎഎ വഴി പൗരത്വം നൽകുമോ?- പരിഹാസവുമായി സോഷ്യൽ മീഡിയ

അടുത്തിടെ തന്റെ വീടിന്റെ പണിക്കെത്തിയ ആളുകളുടെ വിചിത്രമായ ഭക്ഷണ രീതി ('പൊഹ' കഴിക്കുന്നത്) കണ്ട് അവർ ബംഗ്ലാദേശികളാണെന്ന സംശയമുയർന്നുവെന്നായിരുന്നു നേതാവിന്റെ പ്രസ്താവന.

ഷായും മോദിയും

ബംഗ്ലാദേശികൾക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാവ് കൈലാഷ് വിജയവർഗിയക്കെതിരെ സോഷ്യൽ മീഡിയ. അടുത്തിടെ തന്റെ വീടിന്റെ പണിക്കെത്തിയ ആളുകളുടെ വിചിത്രമായ ഭക്ഷണ രീതി ('പൊഹ' കഴിക്കുന്നത്) കണ്ട് അവർ ബംഗ്ലാദേശികളാണെന്ന സംശയമുയർന്നുവെന്നായിരുന്നു നേതാവിന്റെ പ്രസ്താവന. (രാജസ്ഥാൻകാരുടെ ഇഷ്ട പ്രഭാത ഭക്ഷണമാണ് 'പൊഹ'). ഇതിനെ പരിഹ​സിച്ചാണ് സോഷ്യൽ മീഡിയ രം​ഗത്തെത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ഇഷ്ടഭക്ഷണമാണ് 'പൊഹ' എന്ന വാർത്തയും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ബിജെപി നേതാവിനെതിരെ ട്വിറ്ററിലൂടെ രം​ഗത്തെത്തിയിട്ടുണ്ട്.

ഷാ 'പൊഹ' കഴിക്കുന്നു. 'പൊഹ' കഴിക്കുന്നവർ ബംഗ്ലാദേശികളാണെന്ന് അദ്ദേഹത്തിന്റെ ആളായ വിജയവർഗിയ പറയുന്നു. അങ്ങനെയെങ്കിൽ ഷായെ നാടുകടത്താനാണോ, അതോ സി‌എ‌എ വഴി പൗരത്വം നൽകാൻ വേണ്ടിയാണോ അദ്ദേഹം പ്രചാരണം നടത്തുക?- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. അമിത് ഷായുടെ ഇഷ്ട ഭക്ഷണമാണ് 'പൊഹ' എന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അദ്ദേഹം ചോദിച്ചത്.

ഇൻഡോറിൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചു നടന്ന ചടങ്ങിലായിരുന്നു ബിജെപി നേതാവിന്റെ ആക്ഷേപം. തന്റെ വീട്ടിൽ പുതിയൊരു മുറി പണിയുന്നുണ്ട്. ഇതിന്റെ ജോലിക്കായി എത്തിയവരുടെ ഭക്ഷണ രീതികണ്ടപ്പോൾ അവർ ബംഗ്ലാദേശികളാണെന്ന സംശയം ഉയർന്നു. അവർ 'പൊഹ'യാണ് കഴിച്ചത്- അദ്ദേഹം പറഞ്ഞു.

ഇതിനെ തുടർന്ന് സൂപ്പർവൈസർമാരോടും കോൺട്രാക്ടർ മാരോടും പണിക്കാർ ബംഗ്ലാദേശികളാണോ എന്നകാര്യം ചോദിച്ചു. തൊഴിലാളികൾ ബംഗ്ലാദേശികളാണെന്ന് താൻ തിരിച്ചറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അവർ തന്റെ വീട്ടിലെ ജോലി നിർത്തിപ്പോയി. ഇതുവരെ അവർക്കെതിരെ പരാതി നൽകിയില്ലെന്നും ആളുകൾക്ക് മുന്നറിയിപ്പ് നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇക്കാര്യം ഇവിടെ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More >>