മോദി കാബിനറ്റ് പദവി വാഗ്ദാനം ചെയ്തോ?; സുപ്രിയ സുലേയുടെ മന്ത്രി പദത്തില്‍ വിശദീകരണവുമായി ശരത് പവാര്‍

പാർലമെന്റിൽ സുപ്രിയ സുലേ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിന് അപ്പുറത്തേക്ക് മന്ത്രി പദമൊന്നും വാഗ്ദാനം ചെയ്തിട്ടില്ല

മോദി കാബിനറ്റ് പദവി വാഗ്ദാനം ചെയ്തോ?; സുപ്രിയ സുലേയുടെ മന്ത്രി പദത്തില്‍ വിശദീകരണവുമായി ശരത് പവാര്‍

ന്യൂഡൽഹി: എൻസിപി നേതാവ് സുപ്രിയ സുലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രി പദം വാഗ്ദാനം ചെയ്തുവെന്ന വാർത്ത നിഷേധിച്ച് പാർട്ടി മുതിർന്ന നേതാവും സുലേയുടെ പിതാവുമായ ശരത് പവാർ.

കഴിഞ്ഞ അഞ്ചു വർഷമായി സുപ്രിയ സുലേയുടെ രാഷ്ട്രീയ നിരീക്ഷണത്തേയും തീരുമാനമെടുക്കാനുള്ള കഴിവിനേയും ചില ബിജെപി നേതാക്കൾ പ്രശംസിച്ചിരുന്നു. ബിജെപിക്കൊപ്പം തീരുമാനങ്ങൾ എടുക്കാൻ സഹകരിക്കണമെന്ന പൊതു നിർദ്ദേശം മാത്രമായിരുന്നു അതെന്നും ശരത് പവാർ പറഞ്ഞു.

പാർലമെന്റിൽ സുപ്രിയ സുലേ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിന് അപ്പുറത്തേക്ക് മന്ത്രി പദമൊന്നും വാഗ്ദാനം ചെയ്തിട്ടില്ല.

തനിക്ക് രാഷ്ട്രപതി പദവിവാഗ്ദാനം ചെയ്തെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയതാത്പര്യം മുൻനിർത്തി സഹകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. തനിക്ക് രാഷ്ട്രപതി പദവിയോ മകൾക്ക് കേന്ദ്രമന്ത്രിസ്ഥാനമോ ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയ്ക്കിടെ സുപ്രിയ സുലേക്ക് മന്ത്രി പദവിയും ശരത് പവാറിന് രാഷ്ട്രപതി സ്ഥാനവും നല്‍കാമെന്ന് നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു വെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. എന്നാല്‍ ഞാൻ ആ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നില്ലെന്നും. അത് രണ്ട് മുതിർന്ന നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നുവെന്നുമാണ് വിഷയത്തില്‍ സുപ്രിയ സുലേ പ്രതികരിച്ചത്. അങ്ങനെയൊരു വാഗ്ദാനം നൽകിയെങ്കിൽ അത് പ്രധാനമന്ത്രിയുടെ സൗമനസ്യം കൊണ്ടാണ്. ആശയപരമായി വ്യത്യാസങ്ങളുണ്ടെങ്കിലും മഹാരാഷ്ട്രയിൽ വ്യക്തിബന്ധങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. എങ്കിലും പവാർ വിനയത്തോടെ പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ നിരസിച്ചു.പവാർ എന്റെ പിതാവ് മാത്രമല്ല, എന്റെ ബോസും കൂടിയാണ്. ബോസ് എപ്പോഴും ശരിയായിരിക്കുമെന്നും സുപ്രിയ സുലെ പറഞ്ഞിരുന്നു.

Read More >>