മഹാരാഷ്ട്ര: ശരത് പവാറും സോണിയയും കൂടിക്കാഴ്ച നടത്തി; ചർച്ചകൾക്കായി കൂടുതൽ എന്‍സിപി നേതാക്കൾ ഡൽഹിക്ക്

അജിത് പവാർ, ജയന്ത് പാട്ടീൽ, ചഗൻ ഭുജ്ബാൽ തുടങ്ങിയ നേതാക്കളോട് ചൊവ്വാഴ്ച രാജ്യ തലസ്ഥാനത്തെത്താനാണ് നിർദ്ദേശം.

മഹാരാഷ്ട്ര: ശരത് പവാറും സോണിയയും കൂടിക്കാഴ്ച നടത്തി; ചർച്ചകൾക്കായി കൂടുതൽ എന്‍സിപി നേതാക്കൾ ഡൽഹിക്ക്

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യ സാധ്യതകള്‍ വിലയിരുത്തുന്നതിനായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കളെ പവാര്‍ ഡല്‍ഹിലേക്ക് വിളിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അജിത് പവാർ, ജയന്ത് പാട്ടീൽ, ചഗൻ ഭുജ്ബാൽ തുടങ്ങിയ നേതാക്കളോട് ചൊവ്വാഴ്ച രാജ്യ തലസ്ഥാനത്തെത്താനാണ് നിർദ്ദേശം. നവാബ് മാലിക്ക് തിങ്കളാഴ്ച രാവിലെ തന്നെ ഡല്‍ഹിയിലുണ്ട്.

കഴിഞ്ഞ ദിവസത്തെ എന്‍സിപി കോര്‍കമ്മറ്റി മീറ്റിങ്ങിന് ശേഷം സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം അവസനാനിക്കുമെന്നാണ് നവാബ് മാലിക്കിന്റെ പ്രതികരണം. പവാറിന്റെ വസതിയില്‍ വെച്ചാണ് യോഗം നടന്നത്. അതേസമയം മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക വഴിത്തിരിവെന്ന സൂചനകൾ നൽകി കേന്ദ്രമന്ത്രി രാംദാസ് അത്തേവാല.

സംസ്ഥാന മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ബി.ജെ.പി ശിവസേനയെ അറിയിച്ചതായാണ് രാംദാസ് അത്തേവാല പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സേനാ എം.പി സഞ്ജയ് റാവുത്തിനെ കണ്ടെതായും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷം മുഖ്യമന്ത്രി പദം ബി.ജെ.പിയും രണ്ടു വര്‍ഷം ശിവസേനയും പങ്കിടാം എന്ന ഫോര്‍മുലയാണ് ബി.ജെ.പി മുന്നോട്ടു വച്ചിട്ടുള്ളത്. ശിവസേന വാഗ്ദാനം സ്വീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല.

Read More >>