ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കണം; നിലപാട് വ്യക്തമാക്കി ശരദ് പവാർ

കഴിഞ്ഞദിവസം, കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും, ലോയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു

ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കണം; നിലപാട് വ്യക്തമാക്കി ശരദ് പവാർ

മുംബൈ: ആവശ്യം ഉയരുകയാണെങ്കിൽ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തിൽ പുനരന്വേഷണം നടത്തണമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ. ' ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾക്കിടയിൽ ആവശ്യമുണ്ടോ എന്ന കാര്യം എനിക്ക് അറിയില്ല. ഒരു പത്രത്തിലെ ലേഖനത്തിലാണ് ഞാനിത് വായിച്ചത്. ഇതേക്കുറിച്ച് വിശദമായി ഒന്നും എനിക്ക് അറിയില്ല. അത്തരമൊരു അന്വേഷണത്തിന് ആവശ്യം ഉയരുന്നുണ്ടെങ്കിൽ, ആരെങ്കിലും അത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എന്ത് അടിസ്ഥാനത്തിലാണ് അവർ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്, എന്താണ് ഇതിലെ സത്യം, ഇതെല്ലാം അന്വേഷിക്കേണ്ടതുണ്ട്. ഈ ആവശ്യത്തിൽ എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അത് പുനരന്വേഷിക്കണം. ആരോപണം ശരിയല്ലെങ്കിൽ, അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞുപരത്തുന്നത് ശരിയല്ല.'-ശരദ് പവാർ പറഞ്ഞു.

ബി.എച്ച് ലോയയുടെ മരണത്തിൽ പുനരന്വേഷണം നടത്താൻ മഹാരാഷ്ട്ര മഹാ വികാസ് അഘാഡി സർക്കാരിനുമേൽ സമ്മർദ്ദമുണ്ട്. ജസ്റ്റിസ് ലോയ കേസ് വീണ്ടും തുറക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടേക്കുമെന്നാണ് സൂചന.

ബി.ജെ.പി ദേശീയാദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ, 2014 ഡിസംബർ ഒന്നിനാണു ജസ്റ്റിസ് ലോയ മരിച്ചത്. നാഗ്പുരിൽ വിവാഹച്ചടങ്ങളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും മരിക്കുകയും ആയിരുന്നുവെന്നാണു റിപ്പോർട്ട്. കേസിന്റെ വിചാരണ വേളയിൽ അമിത് ഷാ കോടതിയിൽ ഹാജരാകാതിരുന്നതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അവസാന വാദം കേട്ട ജസ്റ്റിസ് ലോയ, ഡിസംബർ 15ന് അമിത് ഷാ നിർബന്ധമായും ഹാജരാകണമെന്ന് ഷായുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ തന്നെ ലോയയുടെ മരണം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും സംശയങ്ങളും ഉയർന്നിരുന്നു. ഇതിൽ ഒരു വ്യക്തത ആർക്കും ഇതുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞദിവസം, കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും, ലോയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അനുകൂല വിധി പറയണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ ബി.എച്ച് ലോയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ ആവശ്യം.

ലോയയുടെ സഹോദരി അനുരാധ ബിയാനിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. സൊഹ്‌റാബുദ്ദീൻ കേസിൽ പ്രതികൾക്ക് അനുകൂല വിധിയുണ്ടാകണമെന്ന് പറഞ്ഞ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ ലോയയ്ക്ക് വാദ്ഗാനം ചെയ്തിരുന്നുവെന്നാണ് സഹോദരിയുടെ വെളിപ്പെടുത്തൽ. അദ്ദേഹം മരിക്കുന്നതിന് കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും സഹോദരിയെ ഉദ്ധരിച്ച് 'ദ കാരവൻ' റിപ്പോർട്ട് ചെയ്തു. ലോയയുടെ പിതാവും ഇതേ കാര്യം പറഞ്ഞിരുന്നുവെന്ന് കാരവൻ റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ, ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കാരവൻ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിഗ് വിജയ് സിങ് പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ, കേസിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രിം കോടതി തള്ളിയിരുന്നു.

2017 നവംബറിൽ 'ദ കാരവ'നാണ് ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരുന്നത്. ലോയയുടെ കുടുംബം തന്നെ അദ്ദേഹത്തിന്റെ മരണത്തിൽ സംശയം രേഖപ്പെടുത്തി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഇത്. മരണത്തിന്റെ സാഹചര്യങ്ങൾ സംശയാസ്പദമാണെന്നും കേസിൽ അനുകൂലമായ വിധി പുറപ്പെടുവിക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദമുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു.

Read More >>