മഹാരാഷ്ട്രയിലെ പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ എൻ.ഡി.എ വിടും: ഭീഷണിയുമായി ശിവസേന

പ്രശ്നപരിഹാരത്തിന് ആർ.എസ്.എസിന്റെ സഹായം തേടി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു

മഹാരാഷ്ട്രയിലെ പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ എൻ.ഡി.എ വിടും: ഭീഷണിയുമായി ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ എൻ.ഡി.എ മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ശിവസേനയുടെ ഭീഷണി. ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന്റെ കാലാവധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ ഇതുവരെ ബി.ജെ.പിയുമായി ധാരണയിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പദവും അധികാരത്തിൽ തുല്യ പങ്കാളിത്തവും വേണമെന്ന ശിവസേനയുടെ ആവശ്യത്തോട് വഴങ്ങാൻ ഇതുവരെ ബി.ജെ.പി തയ്യാറായിട്ടില്ല. ഇതിനിടെ ശിവസേനയെ അനുനയിപ്പിക്കാൻ ദൂതനെ അയച്ചും മറ്റും ബി.ജെ.പി ശ്രമം നടത്തുന്നുണ്ട്. ഒപ്പം കോൺഗ്രസ്, ശിവസേന എം.എൽ.എമാരെ പണം നൽകി സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ട്.

അതേസമയം, ശിവസേനയുമായി മദ്ധ്യസ്ഥ ചർച്ച നടത്താമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. ബി.ജെ.പി മുതിർന്ന നേതാക്കളും മന്ത്രിമാരും ഗഡ്കരിയുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തുകയാണ്. നേരത്തെ, മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഇടപെടാനില്ലെന്ന് പറഞ്ഞ ഗഡ്കരി പെട്ടന്ന് തീരുമാനം മാറ്റിയതും ശ്രദ്ധേയമാണ്.

മഹാരാഷ്ട്രയിൽ പ്രശ്നപരിഹാരത്തിന് ആർ.എസ്.എസിന്റെ സഹായം തേടി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, താൻ ഇത്തരമൊരു ശ്രമം നടത്തിയിട്ടില്ലെന്നാണ് ഗഡ്കരി പിന്നീട് പ്രതികരിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്നും ഗഡ്കരി പറഞ്ഞിരുന്നു.

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് വേളയിൽ ഗഡ്കരിയെ ബി.ജെ.പി തഴയുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രണ്ട് പ്രചാരണങ്ങളിൽ ഗഡ്കരി ഉണ്ടായിരുന്നില്ല. ഇത് ബി.ജെ.പിയിൽ അദ്ദേഹത്തെ തഴയുന്നതിന്റെ ലക്ഷണമാണെന്നായിരുന്നു വാർത്ത. എന്നാൽ, അദ്ദേഹം ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Read More >>