അമിത് ഷായുടെ വാക്കുകൾക്ക് ഒരു മൂല്യവും നല്‍കരുത്: കണ്ണന്‍ ഗോപിനാഥന്‍

ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്ന ഒരാൾക്ക് ടിവിയിൽ എന്തും പറയാനും അതിൽ നിന്ന് രക്ഷപ്പെടാനും കഴിയില്ല.

അമിത് ഷായുടെ വാക്കുകൾക്ക് ഒരു മൂല്യവും നല്‍കരുത്: കണ്ണന്‍ ഗോപിനാഥന്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. അമിത് ഷായുടെ വാക്കുകൾക്ക് ഒരു മൂല്യവും നല്‍കരുതെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ആരു സമീപിച്ചാലും മൂന്ന് ദിവസത്തിനകം ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ അമിത് ഷാ ഈ വാക്കു പാലിക്കാത്തതാണ് മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥനെ ചൊടിപ്പിച്ചത്.

ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എന്‍ആര്‍സി, സിഎഎ, എന്‍പിആര്‍ എന്നിവയുമായി ബന്ധപ്പട്ട് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞത്. ആരെങ്കിലും ഇതിന് തയ്യാറായാല്‍ മൂന്ന് ദിവസത്തിനകം തന്റെ ഓഫീസ് അവര്‍ക്ക് അനുമതി നല്‍കുമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കണ്ണന്‍ മെയില്‍ ചെയ്തിരുന്നു. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രസ്തുത മെയിലിന് മന്ത്രാലയത്തിന്റെ മറുപടി ലഭിച്ചിട്ടില്ല. ഇതോടെയാണ് അമിത് ഷായ്‌ക്കെതിരെ ട്വിറ്ററിലൂടെ കണ്ണന്‍ രംഗത്തെത്തിയത്.

'മൂന്ന് ദിവസം. ഒരു പ്രതികരണവുമില്ല. അമിത് ഷായുടെ വാക്കുകള്‍ക്ക് ഒരു മൂല്യവുമില്ല(അമിത് ഷായെ ടാഗ് ചെയ്തുകൊണ്ട്), ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്ന ഒരാൾക്ക് ടിവിയിൽ എന്തും പറയാനും അതിൽ നിന്ന് രക്ഷപ്പെടാനും കഴിയില്ല. വിഷമിക്കേണ്ട. ഞാൻ അതിനെ കൂടുതൽ പിന്തുടരുന്നില്ല. എന്നാൽ ഇത് ജനാധിപത്യത്തിന്റെ ഒരു പാഠമായി എടുക്കുക '- കണ്ണൻ ​ഗോപിനാഥൻ ട്വീറ്റ് ചെയ്തു. താൻ അയച്ച മെയിലിൻെറ സ്ക്രീൻ ഷോട്ട് സഹിതമാണ് കണ്ണൻ അമിത് ഷായ്ക്കെതിരെ ട്വീറ്റ് ചെയ്തത്.

Next Story
Read More >>