'കേന്ദ്രമന്ത്രിമാർ നുണ പറയുകയാണെന്ന് ബിജെപി കർണാടക ഘടകം'; കളിയാക്കി സോഷ്യൽ മീഡിയ

ദേശീയ ജനസംഖ്യാ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി പൗരന്‍മാര്‍ ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാ​​ദുമാണ് നേരത്തെ പ്രതികരിച്ചിരുന്നത്.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ത്രീകള്‍ തിരിച്ചറിയൽ കാർഡുമായി വോട്ടു ചെയ്യാന്‍ വരിനില്‍ക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് വിവാദ പ്രസ്താവന നടത്തിയ ബിജെപിയെ രൂക്ഷമായി വിമർശിച്ചും കളിയാക്കിയും സോഷ്യൽ മീഡിയ. കർണാട ബിജെപി ഘടകത്തിൻെറ ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിദ്വേഷപരമായ പ്രചാരണമുണ്ടായത്. ഇതിനെതിരെ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനടമുള്ളവർ രം​ഗത്തെത്തിയിട്ടുണ്ട്.

മുസ്ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം, ''ഞങ്ങള്‍ ഒരു രേഖകളും കാണിക്കില്ല !!! 'രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും' '' എന്നായിരുന്നു ബിജെപി കര്‍ണാട ഘടകത്തിന്‍റെ ട്വീറ്റ്. ഇതിനെതിരെയാണ് സോഷ്യൽ മീ‍ഡിയ രൂക്ഷ വിമർശനം ഉയർത്തുന്നത്.

ദേശീയ ജനസംഖ്യാ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി പൗരന്‍മാര്‍ ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാ​​ദുമാണ് നേരത്തെ പ്രതികരിച്ചിരുന്നത്. എന്നാൽ നേർ വിപരീതമായി വിദ്വേഷം പ്രചാരണത്തിൻെറ ഭാ​ഗമായാണ് ബിജെപി കർണാടക ഘടകത്തിൻെറ ട്വീറ്റുണ്ടായിരിക്കുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്ററിന് (എന്‍പിആര്‍) വിവര ശേഖരണം നടത്തുമ്പോള്‍ രേഖകളൊന്നും കാണിക്കേണ്ടതില്ലെന്നാണ് വിവിധ കേന്ദ്രമന്ത്രിമാര്‍ പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ കര്‍ണ്ണാടക ബിജെപി ഘടകം പറയുന്നത്. കേന്ദ്രമന്ത്രിമാര്‍ നുണ പറയുകയാണെന്നാണ്- ഒരു ട്വിറ്റര്‍ ഉപഭോക്താവ് കുറിച്ചു.

ഞങ്ങള്‍ വിചാരിച്ചു പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ എന്‍പിആര്‍ വിവരശേഖരണത്തിനിടെ ആരും രേഖകളൊന്നും കാണിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നുവെന്ന്. എന്നാല്‍ കര്‍ണാടക ബിജെപി പറയുന്നത് മറ്റൊരു തരത്തിലാണ്. എന്‍ആര്‍പി എന്‍ആര്‍സി (ദേശീയ പൗരത്വ രജിസ്റ്റര്‍)യാണെന്ന് പറഞ്ഞ പ്രിയങ്കാ ഗാന്ധിയും ജനങ്ങളുമാണ് ശരി. മറ്റൊരാൾ കുറിച്ചു.

അതേസമയം ഇത്തരമൊരു സർക്കാർ ലോകത്തെവിടെയും കണ്ടിട്ടില്ലെന്നാണ് രഘുറാം രാജൻെറ പ്രതികരണം. ഔദ്യോഗികമായി ബിജെപി കൈകാര്യം ചെയ്യുന്നതാണോ ഇതെന്ന് ചോദിച്ച അദ്ദേഹം സ്വന്തം പൗരന്മാര പരിഹസിക്കുകയും അവർക്കെതിരെ വർഗീയവും നിലവാരമില്ലാത്തതുമായ ഇത്തരം പരാമർശം നടത്തുന്നതുമായ ജനാധിപത്യ സര്‍ക്കാര്‍ ലോകത്തെവിടെയുമുള്ളതായി തനിക്കറിയില്ലെന്നും പറഞ്ഞു- ട്വീറ്റിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Read More >>