പശ്ചിമ ബംഗാളില്‍ ഇടതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാം;നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ

ബംഗാളിൽ ബി.ജെ.പി ശക്തമായ സാന്നിദ്ധ്യമായി മാറാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ഇടതു മുന്നണിക്കൊപ്പം പ്രവർത്തിക്കണമെന്നാണ് സോണിയയുടെ നിർദ്ദേശം.

പശ്ചിമ ബംഗാളില്‍  ഇടതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാം;നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടതു പക്ഷത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ അണികൾക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും, ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കുമെതിരെ പ്രവർത്തിക്കാൻ ഇടതു പക്ഷവുമായി സഹകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതു സംബന്ധിച്ച വാർത്ത എൻ.ഡി ടിവി റിപ്പോർട്ട് ചെയ്തു.

പശ്ചിമ ബംഗാൾ കോൺഗ്രസ് നേതാവ് മന്നൻ സോണിയയുമായി ചർച്ച നടത്തി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തി. ബംഗാളിൽ ബി.ജെ.പി ശക്തമായ സാന്നിദ്ധ്യമായി മാറാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ഇടതു മുന്നണിക്കൊപ്പം പ്രവർത്തിക്കണമെന്നാണ് സോണിയയുടെ നിർദ്ദേശം. ബി.ജെ.പിക്കും തൃണമൂലിനുമെതിരെ ഇടതു മുന്നണിയുമായി ചേർന്ന് സംയുക്ത പ്രസ്ഥാനങ്ങൾ ഉണ്ടാക്കി പൊതു ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ സോണിയ നിർദ്ദേശിച്ചതായി മന്നൻ പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇടത് -കോൺഗ്രസ് സഖ്യം ശക്തമായി നിലനിന്നിരുന്നെങ്കിൽ ബംഗാളിൽ ബി.ജെ.പി ഉയരില്ലായിരുന്നുവെന്ന് സോണിയ പറഞ്ഞതായി മന്നൻ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യവുമായാണ് കോൺഗ്രസ്- ഇടതുമായി സഹകരിക്കുന്നത്. സഖ്യം ശക്തിപ്പെടുത്താൻ ഇക്കഴിഞ്ഞ ആഗസ്തിലും സോണിയ ആവശ്യപ്പെട്ടിരുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒരുമിച്ച് മത്സരിച്ചിരുന്നെങ്കിലും തൃണമൂലിന്റെ ജയത്തിനു മുന്നില്‍ സഖ്യം ജയം കണ്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ ശ്രമം നടത്തിയെങ്കിലും സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങള്‍ കാരണം ഇതുപേക്ഷിച്ചു.

എന്നാല്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യത്തെ തുടര്‍ന്ന് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനുള്ള നീക്കം ഇരുപാര്‍ട്ടികളും ഉപേക്ഷിക്കുകയായിരുന്നു.

Read More >>