സോണിയാ ഗാന്ധിയും മൻമോഹൻ സിങ്ങും തിഹാർ ജയിലിലെത്തി ചിദംബരത്തെ കണ്ടു

ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സോണിയാ ഗാന്ധിയും മൻമോഹൻ സിങ്ങും തിഹാർ ജയിലിലെത്തി ചിദംബരത്തെ കണ്ടു

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും തിഹാർ ജയിലിലെത്തി മുതിർന്ന നേതാവ് പി. ചിദംബരത്തെ കണ്ടു. തിങ്കളാഴ്ചയാണ് ഐ.എൻ.എക്‌സ് മീഡിയ കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചിദംബരത്തെ കാണാൻ ഇരുവരും എത്തിയതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ചിദംബരത്തിന്റെ മകൻ കാർത്തിയും ജയിലിലെത്തി പിതാവിനെ കണ്ടിരുന്നു. ഒക്ടോബർ മൂന്ന് വരെയാണ് ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

74 കാരനായ മുൻ കേന്ദ്ര മന്ത്രിയെ സർക്കാർ വേട്ടയാടുകയാണെന്നാണ് വിഷയത്തിൽ കോൺഗ്രസ് നിലപാട്. പി ചിദംബരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും ജയിലിലെത്തിയത്.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007ൽ ഐ.എൻ.എക്സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന കേസിലാണ് പി. ചിദംബരത്തെ ആഗസ്റ്റ് 21 ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എയർസെൽ-മാക്സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

അതേസമയം, ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ കോടതിക്ക് നൽകിയ മറുപടിയും കോടതി പരിഗണിക്കും. വിചാരണക്കോടതി നേരത്തെ ചിദംബരത്തിൻറെ ജാമ്യാപേക്ഷ തള്ളിയിരുന്നു.കേസിൽ ചിദംബരം നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ചിദംബരത്തെ വിചാരണക്കോടതി തിഹാർ ജയിലിലേക്ക് അയച്ചതോടെയാണ് ജാമ്യാപേക്ഷയുമായി ചിദംബരം ഡൽഹി ഹൈകോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഡൽഹി ഹൈക്കോടതി അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിബിഐ ജാമ്യാപേക്ഷയെ എതിർത്തു. ജാമ്യാപേക്ഷയോടൊപ്പം സിബിഐയുടെ റിപ്പോർട്ടും ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാൽ ചുരുങ്ങിയത് അടുത്ത മാസം മൂന്ന് വരെ ചിദംബരത്തിന് തീഹാർ ജയിലിൽ തന്നെ കഴിയേണ്ടി വരും. ജാമ്യം നൽകിയാലും ഇതേ ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസിലും ചിദംബരത്തിനെതിരെ നിയമനടപടികൾ ഉണ്ടായേക്കും.

Read More >>