സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ; മോദിക്ക് പിറന്നാൾ ആശംസ നേർന്ന് സോണിയ

മോദിക്ക് പിറന്നാൾ ആശംസ നേർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറും ട്വീറ്റ് ചെയ്തിരുന്നു

സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ; മോദിക്ക് പിറന്നാൾ ആശംസ നേർന്ന് സോണിയ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസ നേർന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രിയുടെ 69-ാം ജന്മദിനമാണ് ഇന്ന്. 'അദ്ദേഹത്തിന് ആരോഗ്യവും സന്തോഷവും ദീർഘായുസ്സും നേരുന്നു'-സോണിയാഗാന്ധി ആശംസിച്ചതായി കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.

ബി.ജെ.പി നേതാക്കളേയും കേന്ദ്ര മന്ത്രിമാരേയും കൂടാതെ മോദിക്ക് പിറന്നാൾ ആശംസ നേർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറും ട്വീറ്റ് ചെയ്തിരുന്നു.

'പിറന്നാൾ ആശംസകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി'- എന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിമർശകരിലൊരാളായ മമതാ ബാനർജിയുടെ ട്വീറ്റ്. നാളെ ഡൽഹിയിൽ വച്ച് മോദിയുമായി മമത കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നർമദാ നദിയിൽ നിർമിച്ച ഏകതാ പ്രതിമയും കെവാദിയയിലെ ജംഗിൾ സഫാരി ടൂറിസ്റ്റ് പാർക്കും മോദി രാവിലെ സന്ദർശിച്ചിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ചിത്രശലഭോദ്യാനത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെത്തിയ അദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് കെവാദിയ ചിത്രശലഭോദ്യാനത്തിലെത്തിയത്. ഉദ്യാനത്തിലെത്തിയ പ്രധാനമന്ത്രി ചിത്രലഭങ്ങളെ തുറന്നുവിടുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു. ചൊവ്വാഴ്ച രാവിലെ ഗാന്ധിനഗറിൽനിന്ന് വിമാനമാർഗമാണ് നർമദാ ജില്ലയിലെ കെവാദിയയിൽ പ്രധാനമന്ത്രിയെത്തിയത്. നർമദാ നദിയിലെ സർദാർ സരോവർ അണക്കെട്ടിന്റേത് ഉൾപ്പെടെയുള്ള മേഖലയിലെ വിവിധനിർമാണ പ്രവർത്തനങ്ങൾ അദ്ദേഹം ഇന്ന് വിലയിരുത്തും.

Read More >>