ത്രിവർണക്കൊടിയല്ല; സ്വാതന്ത്ര്യ ദിനത്തിൽ സ്വന്തം പതാക ഉയർത്താൻ നാഗാ ഫെഡറേഷൻ

ഇത് ഞങ്ങളുടെ ഐക്യത്തിന്റേയും ചരിത്രത്തിന്റേയും സ്മരണാർത്ഥമാണ് ചെയ്യുന്നത്

ത്രിവർണക്കൊടിയല്ല; സ്വാതന്ത്ര്യ ദിനത്തിൽ സ്വന്തം പതാക ഉയർത്താൻ നാഗാ ഫെഡറേഷൻ

ഗുവാഹത്തി: 73-ാമത് നാഗ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി നാഗാലൻഡ്. നാഗാ സ്റ്റുഡന്റ് ഫെഡറേഷൻ (എൻ.എസ്.എഫ്) ആണ് നാഗാ ദേശീയ പതാക ഉയർത്തി ഓഗസ്റ്റ് 14ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുന്നത്. സാധാരണ മുൻ വർഷങ്ങളില്‍ സംസ്ഥാനത്തെ വിമത ഗ്രൂപ്പുകൾ ഓഗസ്റ്റ് 14ന് നാഗാ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാറുണ്ട്. എന്നാൽ ഇത്തവണ സ്വാതന്ത്ര്യദിനാഘോഷം നടത്താൻ തങ്ങൾ തീരുമാനിച്ചതായി സംസ്ഥാനത്തെ പരമോന്നത വിദ്യാർത്ഥി സംഘടനയായ എൻ.എസ്.എഫ് പറഞ്ഞു.

നാഗാലൻഡ്, അസം, മണിപ്പൂർ, അരുണാചൽപ്രദേശ്, മ്യാൻമർ എന്നിവിടങ്ങളിലും നാഗാ ദേശീയ പതാക ഉയർത്തും. ഇത് ഞങ്ങളുടെ ഐക്യത്തിന്റേയും ചരിത്രത്തിന്റേയും സ്മരണാർത്ഥമാണ് ചെയ്യുന്നത്. എന്നാൽ, ഇത് ഒരിക്കലും ഇന്ത്യയ്ക്ക് എതിരല്ല.'-എൻ.എസ്.എഫ് പ്രസിഡന്റ് നിനോട്ടോ അവോമി പറഞ്ഞു.

എല്ലാ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും പതാക ഉയർത്താനും അതിന്റെ ചിത്രപരമായ തെളിവുകൾ പങ്കിടാനും സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ യൂണിറ്റുകളെയും നയിക്കാൻ വിദ്യാർത്ഥികളുടെ സംഘം മാദ്ധ്യമങ്ങളുടെ സഹായം തേടിയിട്ടുണ്ട്. വിദ്യാർത്ഥികളും വിവിധ സാമൂഹിക സംഘടനകളുടെ നേതാക്കളും പതാക ഉയർത്തുമെന്ന് അവോമി പറഞ്ഞു.

' തങ്ങളുടെ നീക്കത്തിൽ സംസ്ഥാന സർക്കാരിന് ആശങ്കയുണ്ട്. ഇതിനോടകം വിദ്യാർത്ഥി സംഘടനയെ സർക്കാർ അധികൃതർ സമീപിച്ചിട്ടുണ്ട്.സർക്കാർ നിരന്തരം ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നാഗാലാൻഡ് കമ്മിഷണർ കഴിഞ്ഞ ദിവസം ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങളുടെ പരിപാടിയെക്കുറിച്ച് അന്വേഷിച്ചു. നാഗ ഐക്യത്തിന്റെ സ്മരണയ്ക്കായി ഞങ്ങൾ ഇത് ചെയ്യാൻ പോകുകയാണെന്നും ഇന്ത്യയ്ക്കെതിരെ ഒന്നും ഇല്ലെന്നും ഞങ്ങൾ പറഞ്ഞു.'-അവോമി പറഞ്ഞു.

നാഗയുടെ പരമാധികാരം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യാ സർക്കാരിനെതിരെ സായുധ പോരാട്ടം നടത്തിയ സംസ്ഥാനത്തെ ആദ്യത്തെ വിമത ഗ്രൂപ്പായ നാഗ നാഷണൽ കൗൺസിൽ (എൻഎൻസി) എൻ.എസ്.എഫിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നീതി പൂർവ്വവും വിവേക പൂർവ്വവുമായ തീരുമാനമാണിതെന്നാണ് എൻ.എസ്.സി ഇതിനെ വിശേഷിപ്പിച്ചത്. യാഥാർത്ഥ നാഗാ ദേശീയ പതാക ഉയർത്തണമെന്നും അവർ ആവശ്യപ്പെട്ടു. 1956 മാർച്ച് 22നാണ് ആദ്യമായി നാഗാ ദേശീയ പതാക ഉയർത്തിയത്.

Read More >>