നാവികസേനയുടെ ആദ്യ വനിത പൈലറ്റായി സബ് ലെഫ്റ്റനന്റ് ശിവാംഗി ചുമതലയേറ്റു

സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ തികയുന്നില്ല. കാലങ്ങളായി മനസ്സിൽ കൊണ്ടു നടന്ന സ്വപ്നമാണ് തന്റെ നെഞ്ചില്‍ ഇരിക്കുന്നതെന്നും പൈലറ്റ് ബാഡ്ജില്‍ കൈവച്ച് ശിവാംഗി പറഞ്ഞു. നേവിയുടെ ട്രോണര്‍ സര്‍വ്വൈലന്‍സ് എയര്‍ക്രാഫ്റ്റുകളാവും ബിഹാറിലെ മുസാഫിർപൂർ സ്വദേശിനിയായ ശിവാംഗി പറത്തുക

നാവികസേനയുടെ ആദ്യ വനിത പൈലറ്റായി സബ് ലെഫ്റ്റനന്റ് ശിവാംഗി ചുമതലയേറ്റു

നാവികസേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റായി സബ് ലെഫ്റ്റനന്റ് ശിവാംഗി ഔദ്യോഗികമായി ചുമതലയേറ്റു. കൊച്ചി നേവല്‍ ബേസിലാണ് ഇതു സംബന്ധിച്ച ചടങ്ങുകൾ നടന്നത്. തൻെറ ജീവിതത്തിലെ സ്വപ്ന മുഹൂര്‍ത്തങ്ങളിലൊന്നാണിതെന്നും തനിക്കും മാതാപിതാക്കള്‍ക്കും ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണിതെന്നും ശിവാംഗി പറഞ്ഞു.

സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ തികയുന്നില്ല. കാലങ്ങളായി മനസ്സിൽ കൊണ്ടു നടന്ന സ്വപ്നമാണ് തന്റെ നെഞ്ചില്‍ ഇരിക്കുന്നതെന്നും പൈലറ്റ് ബാഡ്ജില്‍ കൈവച്ച് ശിവാംഗി കൂട്ടിച്ചേർത്തു. നേവിയുടെ ട്രോണര്‍ സര്‍വ്വൈലന്‍സ് എയര്‍ക്രാഫ്റ്റുകളാവും ബിഹാറിലെ മുസാഫിർപൂർ സ്വദേശിനിയായ ശിവാംഗി പറത്തുക. ഡിസംബര്‍ നാലിന് രാജ്യം നാവിക സേന ദിനം ആചരിക്കാനിരിക്കെയാണ് ശിവാംഗിയുടെ അഭിമാന നേട്ടം.

കുട്ടിക്കാലത്ത് താൻ പഠിച്ചിരുന്ന സ്കൂളിൽ ഒരു പരിപാടിയുടെ ഉൽഘാടനത്തിനായി ഒരു മന്ത്രി ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങിയതോടെയാണ് പറക്കാനുള്ള ആ​ഗ്രഹം തൻെറ മനസ്സിൽ ഉദിച്ചതെന്ന് ശിവാം​ഗി നേരത്തെ തന്നെ പറഞ്ഞിരുന്നു. 2018ൽ ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എം.ടെക് പഠനം നടത്തുന്നതിനിടെയാണ് നേവിയിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്.

ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് നേവല്‍ ഓറിയന്റേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശിവാംഗിക്ക് പരിശീലനത്തിന്റെ മൂന്നാംഘട്ടമായ ഡോര്‍ണിയര്‍ ഓപ്പറേഷണല്‍ കണ്‍വേര്‍ഷണ്‍ കോഴ്സ് കൂടി പൂര്‍ത്തിയാക്കാനുണ്ട്. നേവിയുടെ വ്യോമയാന വിഭാഗത്തില്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഓഫീസര്‍മാരായും ഒബ്‌സര്‍വര്‍മാരായും വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കോക്പിറ്റിലേക്ക് ആദ്യമായാണ് ഒരു സ്ത്രീ പ്രവേശിക്കുന്നത്.

Read More >>