സൈന്യത്തിലെ ഉന്നത പദവികളിൽ വനിതകളെ നിയമിക്കണം; കേന്ദ്ര സർക്കാർ നിലപാട് ഭരണഘടനാ വിരുദ്ധം: സുപ്രീംകോടതി

2010ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളിയ സുപ്രീം, ഹൈകോടതി വിധി നടപ്പാക്കണമെന്നും വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ഥിരം സമിതി വേണമെന്നും ഉത്തരവിട്ടു.

സൈന്യത്തിലെ ഉന്നത പദവികളിൽ വനിതകളെ നിയമിക്കണം; കേന്ദ്ര സർക്കാർ നിലപാട് ഭരണഘടനാ വിരുദ്ധം: സുപ്രീംകോടതി

സൈന്യത്തിലെ ഉന്നത പദവികളിൽ വനിതകളെ നിയമിക്കണമെന്ന് സുപ്രീം കോടതി. ഉന്നത പദവികളിൽ വനികളെ നിയമിക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും ഈ വിഷയത്തിൽ വനിതകളോട് കേന്ദ്ര സർക്കാർ വിവേചനം കാണിച്ചെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

2010ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളിയ സുപ്രീം, ഹൈകോടതി വിധി നടപ്പാക്കണമെന്നും വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ഥിരം സമിതി വേണമെന്നും ഉത്തരവിട്ടു. സൈന്യത്തിൽ വനിതകളുടെ സാന്നിധ്യം വിപ്ലവകരമാണ്. സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അപമാനിക്കുന്നതിന് തുല്യമെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകളുടെ ശാരീരികമായ ഘടനയും അവരുടെ അവകാശങ്ങളും തമ്മിൽ ബന്ധമില്ല. കമാൻഡിങ് പദവി അടക്കമുള്ളവയിൽ നിന്ന് വനിതകളെ ഒഴിവാക്കുന്നത് ലിംഗ നീതിക്കും ലിംഗ സമത്വത്തിനും എതിരാണ്. പുരുഷന്മാർക്ക് നൽകുന്ന പദവികൾ വനിതകൾക്കും നൽകാൻ തയാറാകണമെന്നും സേവന-വേതന വ്യവസ്ഥകളിൽ വനിതകളോട് വിവേചനം പാടില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

വനിതകളെ സേനയിലെ കമാൻഡിങ് ഓഫിസർമാരായി സ്വീകരിക്കാൻ പ്രധാനമായും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നെത്തിയ സേനാംഗങ്ങൾ മാനസികമായി തയ്യാറായിട്ടില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിൻെറ ഹർജിയിൽ പറഞ്ഞത്. സ്ത്രീകളുടെ ശാരീരിക പരിമിതികൾ കാരണം അവർക്ക് സൈന്യത്തിലെ സ്ഥിരം ജോലികൾ നിർവഹിക്കാൻ പരിമിതികളുണ്ടെന്നും പ്രസ്തുത ഹർജയിൽ വാദിച്ചിരുന്നു.

Next Story
Read More >>