മഹാരാഷ്ട്രയിൽ വ്യക്തി ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്; മോദിയുടെ വാഗ്ദാനത്തിൽ പ്രതികരണവുമായി സുപ്രിയ സുലെ

ഒന്നിച്ചു പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരുന്നതായും ആ ക്ഷണം നിരസിച്ചതായും എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു

മഹാരാഷ്ട്രയിൽ വ്യക്തി ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്; മോദിയുടെ വാഗ്ദാനത്തിൽ പ്രതികരണവുമായി സുപ്രിയ സുലെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എൻ.സി.പി നേതാവ് ശരദ് പവാറിന് നൽകിയ വാഗ്ദാനത്തിൽ പ്രതികരണവുമായി മകളും എം.പിയുമായ സുപ്രിയ സുലെ. പ്രധാനമന്ത്രിയുടെ ക്ഷണം സാധാരണ വിഷയമാണെന്നും തന്റെ പിതാവ് വിനയത്തോടെ അത് നിരസിച്ചിട്ടുണ്ടെന്നും സുപ്രിയ എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഞാൻ ആ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നില്ല. അത് രണ്ട് മുതിർന്ന നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു. അങ്ങനെയൊരു വാഗ്ദാനം നൽകിയെങ്കിൽ അത് പ്രധാനമന്ത്രിയുടെ സൗമനസ്യം കൊണ്ടാണ്. ആശയപരമായി വ്യത്യാസങ്ങളുണ്ടെങ്കിലും മഹാരാഷ്ട്രയിൽ വ്യക്തിബന്ധങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. എങ്കിലും പവാർ വിനയത്തോടെ പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ നിരസിച്ചു.പവാർ എന്റെ പിതാവ് മാത്രമല്ല, എന്റെ ബോസും കൂടിയാണ്. ബോസ് എപ്പോഴും ശരിയായിരിക്കും'- സുപ്രിയ സുലെ പറഞ്ഞു.

ഒന്നിച്ചു പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരുന്നതായും ആ ക്ഷണം നിരസിച്ചതായും എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.സുപ്രിയ സുലെയെ എൻ.ഡി.എയിൽ മന്ത്രിയാക്കാമെന്ന വാഗ്ദാനം ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അജിത് പവാർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് പോയതും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും സംബന്ധിച്ച ചോദ്യത്തിന് സുപ്രിയയുടെ മറുപടി ഇങ്ങനെ: 'അജിത് പവാറിനെക്കുറിച്ച് പാർട്ടി തീരുമാനമെടുക്കും. അദ്ദേഹമെന്റെ മൂത്ത സഹോദരനാണ്. എന്റെ അഞ്ച് സഹോദരന്മാരിൽ രണ്ടാമത്തെയാളാണ് അദ്ദേഹം. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമാണ്. എന്റെ മകൻ ഒരു തെറ്റ് ചെയ്താൽ അവന്റെ ചെവി പിടിച്ച് ശാസിക്കാൻ എനിക്ക് അവകാശമുണ്ട്. പക്ഷേ അജിത് ദാദ എന്നേക്കാൾ മുതിർന്നയാളാണ്. എന്റെ ചെവിപിടിച്ച് ശാസിക്കാൻ അദ്ദേഹത്തിനാണ് അവകാശം.'

അജിതിന് മാപ്പ് നൽകുമോ എന്ന ചോദ്യത്തിന് കുടുംബാംഗങ്ങൾ പരസ്പരം സഹകരിച്ചില്ലെങ്കിൽ പിന്നെ ആർക്കാണ് അതിന് കഴിയുകയെന്ന് സുപ്രിയ ചോദിച്ചു. അതൊരു ദുഃസ്വപ്‌നമായിരുന്നു. കണ്ണു തുറന്നപ്പോൾ അത് ഇല്ലാതായി എന്നും അവർ കൂട്ടിച്ചേർത്തു.

ബാൽ താക്കറെ മരിച്ചതിന് ശേഷം ഉദ്ധവ് താക്കറെയെ ആരും ബഹുമാനിച്ചിരുന്നില്ലെന്നും സുപ്രിയ പറഞ്ഞു. പാർട്ടി തകരുമെന്നാണ് എല്ലാവരും വിശ്വസിച്ചത്. പക്ഷേ അദ്ദഹം ഇന്ന് മുഖ്യമന്ത്രിയാണെന്നും സുപ്രിയ പറഞ്ഞു.

Read More >>