ആമസോണിനെയും ഫ്ളിപ്കാര്‍ട്ടിനെയും പൂട്ടുന്നത് അംബാനിക്കുവേണ്ടി?

കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌കൗണ്ടുകളും ഓഫറുകളും കൊടുക്കുന്നതില്‍ നിന്ന് ആമസോണിനെയും ഫ്ളിപ്കാര്‍ട്ടിനെയും തടയിടുന്ന നിയമങ്ങളിലൂടെ ലാഭമുണ്ടാക്കുക ചെറുകിട വ്യാപാര ശൃംഖല കയ്യടക്കിയ റിലയന്‍സാണ്.

ആമസോണിനെയും ഫ്ളിപ്കാര്‍ട്ടിനെയും പൂട്ടുന്നത് അംബാനിക്കുവേണ്ടി?

ന്യൂഡൽഹി: ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരായ നീക്കം റിലയന്‍സിന് ഗുണമാകുമെന്നു വിലയിരുത്തല്‍. രാജ്യത്തിന്റെ റീട്ടെയിൽ വിപണിയെ പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ആമസോണിനും ഫ്‌ളിപ്കാർട്ടിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ഈ ചര്‍ച്ച സജീവമാകുന്നത്. എന്നാല്‍, ബി.ജെ.പിക്ക് രാഷ്ട്രീയമായി ഇത് ഗുണമാകുമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. നോട്ടുനിരോധനവും ജി.എസ്.ടിയും ചെറുകിട വ്യാപാരികളുടെ നടുവൊടിച്ചപ്പോൾ ബി.ജെ.പി അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടതും മോദിയുടെ സ്വന്തം ഗുജറാത്തിൽ ബി.ജെ.പി ചക്രശ്വാസം വലിച്ച് ഒരുവിധത്തിൽ അധികാരം നേടിയതും വ്യാപാരികളുടെ രോഷമാണ് എന്ന് ബി.ജെപി മനസ്സിലാക്കിയിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ ചെറുകിട വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കാനായി മോദി സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പക്ഷേ ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ കൊണ്ടുവരുന്ന നയങ്ങൾ പരോക്ഷമായി ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മുതലാളിയായ മുകേഷ് അംബാനിക്കാണ് ഗുണകരമാവുന്നത്.

ഇൻവെന്ററി സ്വന്തമാക്കി വെക്കുന്നതിൽ നിന്നും ഉപഭോക്താക്കൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌കൗണ്ടുകളും ഓഫറുകളും കൊടുക്കുന്നതിൽ നിന്നും ആമസോണിനെയും ഫ്‌ളിപ്കാർട്ടിനെയും തടയിടുന്നതിനായുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് കൊണ്ട് ഇപ്പോൾ ലാഭമുണ്ടാവുക അംബാനിക്കാണെന്നതിൽ തർക്കമില്ല. ഇന്ത്യയുടെ ഭൂരിപക്ഷം ചെറുകിട വ്യാപാര ശൃംഖലയും കയ്യടക്കി വച്ചിരിക്കുന്നത് റിലയൻസാണ്. ആമസോണിനും ഫ്‌ളിപ്കാർട്ടിനും പകരക്കാരനാവാൻ ഇന്ന് കഴിയുക റിലയൻസിന് തന്നെ.

ടെലികോം രംഗത്തും ബ്രോഡ്ബാന്റ്, മീഡിയ, വിനോദ, ചെറുകിട വ്യാപാര മേഖലകളിലെല്ലാം റിലയൻസ് വരവറിയിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടു വർഷം മുമ്പ് ജിയോ എന്ന പേരിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഓഫറുകളുമായി റിലയൻസ് ടെലികോം രംഗത്തെത്തിയതോടെ മറ്റു കമ്പനികൾ പാപ്പരാവാൻ തുടങ്ങിയിട്ടുണ്ട്. ഇതേ അവസ്ഥ തന്നെ ഭാവിയിൽ ഇനി എല്ലാ രംഗത്തും സംഭവിക്കാനാണ് മോദി സർക്കാറിന്റെ പുതിയ നയം ഉപകരിക്കുക.

ആമസോണിനും ഫ്‌ളിപ്കാർട്ടിനും ഒരു ബദലായി റിലയൻസ് വളർന്നു വരുമെന്ന് ബിസിനസ് ഗവേഷകർ അഭിപ്രായപ്പെടുന്നു. അത്തരത്തിലുള്ള ഒരു പ്ലാറ്റ്‌ഫോം നിർമിക്കാൻ റിലയൻസ് ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാവുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ രാജ്യത്തെ ചെറുകിട വ്യാപാരികളുടെ അവസ്ഥയിൽ വലിയ പുരോഗതി ഉണ്ടാവില്ലെന്നു തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Read More >>