മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ. ശേഷൻ അന്തരിച്ചു

തെരഞ്ഞെടുപ്പു കമ്മിഷന്റെ അപ്രമാദിത്വം ഉറപ്പാക്കാൻ അദ്ദേഹത്തിനു പല തവണ സുപ്രിം കോടതി വരെ പോകേണ്ടിവന്നു

മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ. ശേഷൻ അന്തരിച്ചു

ന്യൂഡൽഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ. ശേഷൻ (87) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒൻപതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം.

ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്നു തിരുനെല്ലായി നാരായണയ്യർ ശേഷൻ. 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെയാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പദവി വഹിച്ചത്. 1955 തമിഴ്‌നാട് ഐ.എ.എസ് ബാച്ചിലെ അംഗമായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കർശനമായ ചില പരിഷ്‌ക്കാരങ്ങൾ അദ്ദേഹത്തിന് 'അൾസേഷ്യൻ' എന്ന പേര് സമ്മാനിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷണറാവുന്നതിനുമുൻപ് 1989 ൽ ഇന്ത്യയുടെ പതിനെട്ടാമത്തെ ക്യാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാലക്കാട് തിരുനെല്ലായി സ്വദേശിയാണ്. ചെന്നൈ ആൽവാർപേട്ട സെയ്ന്റ് മേരീസ് റോഡിലെ 112-ാം നമ്പർ ബംഗ്ലാവിലായിരുന്നു താമസം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന കാലത്താണ് ശേഷൻ എന്ന പേര് ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോലും അറിയപ്പെടുന്നത്. ഈ കാലയളവിൽ 40,000-ത്തോളം സ്ഥാനാർത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാൻ പാർലമെന്റ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല.

തെരഞ്ഞെടുപ്പു കമ്മിഷന്റെ അപ്രമാദിത്വം ഉറപ്പാക്കാൻ അദ്ദേഹത്തിനു പല തവണ സുപ്രിം കോടതി വരെ പോകേണ്ടിവന്നു. അദ്ദേഹത്തിന്റെ പദവികളെ വെട്ടിക്കുറക്കാൻ കേന്ദ്രസർക്കാർ രണ്ട് ഇലക്ഷൻ കമ്മിഷണർമാരെ കൂടി നിയമിച്ചെങ്കിലും (എം.എസ്.ഗിൽ, ജി.വി.എസ്.കൃഷ്ണമൂർത്തി) സുപ്രിം കോടതി അദ്ദേഹത്തിന്റെ അധികാരത്തെ ഉയർത്തിപ്പിടിച്ചു. എങ്കിലും കേസുകൾ നീണ്ടുപോവുകയും ഒടുവിൽ 1996 ഇൽ സുപ്രിം കോടതി കമ്മിഷനിലെ ഭൂരിപക്ഷ അഭിപ്രായം കമ്മിഷണർക്കു മാനിക്കേണ്ടിവരുമെന്ന് വിധിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പുകൾ അഴിമതിരഹിതമാക്കിയതിനു പുറമേ അദ്ദേഹം 'ദേശീയ വോട്ടേഴ്‌സ് അവയർനെസ് കാമ്പെയ്ൻ' സംഘടിപ്പിച്ച് ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാൻ ഉദ്‌ബോധിപ്പിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവന്ന അദ്ദേഹം തെരഞ്ഞെടുപ്പിലെ ചെലവുകൾക്കു പരിധി നിശ്ചയിച്ചു. തെരഞ്ഞെടുപ്പിൽ ചുവരെഴുത്തുകളും, ഉച്ചഭാഷിണികളും നിരോധിച്ച അദ്ദേഹം സ്ഥാനാർത്ഥികൾ അവരുടെ വരുമാന വിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധമാക്കി. രാജ്യസഭയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ അവർ ജനിച്ച സംസ്ഥാനത്തുനിന്നു തന്നെ നാമനിർദ്ദേശം ചെയ്യപ്പെടെണം എന്ന് നിയമം കൊണ്ടുവന്നു. ജാതി തിരിച്ചുള്ള തെരഞ്ഞെടുപ്പു പ്രചരണത്തെയും ജാതി പ്രീണനത്തെയും അദ്ദേഹം നിരോധിച്ചു.

തെരഞ്ഞെടുപ്പുകളിൽ കള്ള വോട്ട് ഒഴിവാക്കാൻ വീഡിയോ ടീമുകളെ നിയോഗിച്ചു. അദ്ദേഹം മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ കൊണ്ടുവന്നു. ഇതിൻ പ്രകാരം സ്ഥാനാർത്ഥികൾക്കു തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മണ്ഡലത്തിന് വലിയ സമ്മാനങ്ങൾ പ്രഖ്യാപിക്കുവാൻ അവകാശമില്ല. തെരഞ്ഞെടുപ്പിൽ സർക്കാർ വാഹനങ്ങൾ, ഹെലികോപ്ടറുകൾ, ബംഗ്ലാവുകൾ എന്നിവ ഉപയോഗിക്കുന്നത് അദ്ദേഹം നിരോധിച്ചു.

തന്റെ തെരഞ്ഞെടുപ്പു പരിഷ്‌കാരങ്ങൾ അദ്ദേഹത്തിന് അസംഖ്യം ശത്രുക്കളെ സമ്മാനിച്ചെങ്കിലും ജനങ്ങൾ അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളെ അകമഴിഞ്ഞ് അംഗീകരിച്ചു. ശേഷന്റെ പരിഷ്‌കാരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷനെ ഒരു ശക്തമായ സ്വതന്ത്രസ്ഥാപനമാക്കുകയും ഇന്ത്യയിൽ നീതിപൂർവവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുകൾക്കു വഴിതെളിക്കുകയും ചെയ്തു.

Read More >>