വിവാഹത്തിന് മുൻപ് 'ടോയിലറ്റ് സെൽഫി'; മധ്യപ്രദേശിൽ ഇനി പുത്തൻ ആചാരം

അധികൃതരുടെ നിർദേശത്തിന് സമ്മിശ്ര പ്രതികരണാണ് യുവാക്കൾക്കിടയിൽ നിന്നും ലഭിക്കുന്നത്. വിവാഹത്തിന് മുന്നെ വരൻെറ വീട്ടിൽ ശൗചാലയം ഉണ്ടെന്ന് ഉറപ്പിക്കുന്നത് നല്ലതാണെന്നാണ് ഒരു കൂട്ടർ പറയുന്നത്.

വിവാഹത്തിന് മുൻപ്

രണ്ടു വ്യക്തികളുടേതന്നതിലുപരി രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലായാണ് വിവാഹത്തെ കണക്കാക്കുന്നത്. രാജ്യത്തുടനീളം ഇതുമായി ബന്ധപ്പെട്ട് നിരവധി ആചാരണങ്ങളാണ് നില നിൽക്കുന്നത്. ഇതു വരെ ശൗചാലയങ്ങൾക്ക് വിവാഹവുമായി വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ലെങ്കിലും മധ്യപ്രദേശിൽ സ്ഥിതി വ്യത്യസ്തമാണ്. വിവാഹത്തിന് മുമ്പ് വരൻെറ ഒരു ടോയിലറ്റ് സെൽഫിയാണ് പുത്തൻ ആചാരമായി സംസ്ഥാനത്തെ വിവാഹങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

ഇതൊരു ചടങ്ങൊന്നുമല്ലെങ്കിലും മുഖ്യമന്ത്രിയുടെ കന്യാ വിവാഹ്/ നിക്കാഹ് യോജന പദ്ധതി പ്രകാരം സഹായ ധനം ലഭിക്കുന്നതിനായാണ് ടോയിലറ്റ് സെൽഫിയെന്ന പുത്തൻ ആചാരം സംസ്ഥാനത്ത് നിർബന്ധമാക്കിയത്. പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 51,000യാണ് നൽകുക. ഇതിനായി വിവാഹത്തിന് മുന്നെ വരന്റെ വീട്ടിൽ ശൗചാലയം ഉണ്ടെന്ന് തെളിയിക്കണം. ഇതിനായാണ് വരൻെറ ടോയ്ലറ്റ് സെൽഫിയാണ് അധികൃതർ ആവശ്യപ്പെടുന്നത്.

പദ്ധതി പ്രകാരം സഹായ ധനം ലഭിക്കുവാനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും സെൽഫിയില്ലെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചതായി നിരവധി യുവാക്കൾ പറഞ്ഞു. എന്നാൽ അധികൃതരുടെ നിർദേശത്തിന് സമ്മിശ്ര പ്രതികരണാണ് യുവാക്കൾക്കിടയിൽ നിന്നും ലഭിക്കുന്നത്. വിവാഹത്തിന് മുന്നെ വരൻെറ വീട്ടിൽ ശൗചാലയം ഉണ്ടെന്ന് ഉറപ്പിക്കുന്നത് നല്ലതാണെന്നാണ് ഒരു കൂട്ടർ പറയുന്നത്.

എന്നാൽ ചിലരാകട്ടെ ഈ സമ്പ്രദായം ലജ്ജാകരമെന്നാണ് പറയുന്നത്. എതു ശൗചാലയത്തിൽ നിന്നും സെൽഫിയെടുക്കാമെന്നിരിക്കെ ഒരു ചിത്രം കണ്ട് ഇവർക്ക് എങ്ങനെയാണ് ശൗചാലയം വരൻെറ വീട്ടിൽ തന്നെയുള്ളതാണെന്ന് ഉറപ്പിക്കാനാവുകയെന്നും, ഉദ്യോ​ഗസ്ഥർ വീടുകളിൽ സന്ദർശനം നടത്തട്ടെയെന്നുമാണ് ഇവർ പറയുന്നത്. പദ്ധതി പ്രകാരമുള്ള സഹായ ധനം ലഭിക്കുന്നില്ലെന്നും പരാതികളുയരുന്നുണ്ട്.

Read More >>