മോദിയുടെ മുന്നില്‍ വച്ച് വനിതാ മന്ത്രിയോട് അതിക്രമം; ത്രിപുര മന്ത്രി കുരുക്കില്‍

ശനിയാഴ്ച അഗർത്തലയിലെ ത്രിപുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഉല്‍ഘാടന വേദിയിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി സാന്തന ചാക്മയ്ക്ക് നേരെ അതിക്രമമുണ്ടായത്.

മോദിയുടെ മുന്നില്‍ വച്ച് വനിതാ മന്ത്രിയോട് അതിക്രമം; ത്രിപുര മന്ത്രി കുരുക്കില്‍

അഗർത്തല: ത്രിപുരയിൽ പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ വനിതാ മന്ത്രിയോട് അപരമര്യാദയായി പെരുമാറിയ സംസ്ഥാന യുവജനകാര്യ മന്ത്രി മനോജ് കാന്തി ദേവ് വിവാദത്തിൽ. ശനിയാഴ്ച അഗർത്തലയിലെ ത്രിപുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഉല്‍ഘാടന വേദിയിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി സാന്തന ചാക്മയ്ക്ക് നേരെ അതിക്രമമുണ്ടായത്. ആദിവാസി മേഖലയിൽ നിന്നുള്ള നേതാവാണ് സാന്തനാ ചാമ്ക. മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും പരിപാടിയിൽ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രി ഉൽഘാടന ചടങ്ങ് നിർവഹിക്കുന്നതിനിടെ സമീപത്ത് നിൽക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയുടെ ശരീരത്തില്‍ സ്പർശിക്കുകയായിരുന്നു. മന്ത്രിയുടെ പ്രവൃത്തിയെ സാന്തന ചാക്മ പ്രതിരോധിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യം സമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം രംഗത്തെത്തി.

വനിതാ മന്ത്രിയെ അപമര്യാദയായി തൊട്ട മനോജ് കാന്തി ദേബിനെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഇടത് വക്താവ് ബിജൻ ഥാർ പറഞ്ഞു. വനിതാ മന്ത്രിയുടെ അന്തസിനെയും പവിത്രതയെയും മനോജ് കാന്തി ദേബ് പൊതുമദ്ധ്യത്തിൽ, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കളങ്കപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മന്ത്രി വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിയ ബി.ജെ.പി വനിതാ മന്ത്രിക്കെതിരെ ഇടതുപക്ഷം വ്യക്തിഹത്യയാണ് നടക്കുന്നതെന്നും ആരോപിച്ചു. വനിതാ മന്ത്രി ആരോപണങ്ങളിൽ പ്രതികരിച്ചിട്ടില്ലെന്നും ഇടതു പാർട്ടികളുടേത് അനാവശ്യ വിവാദങ്ങളാണെന്നും ബി.ജെ.പി വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു.

Read More >>