'ദൈവിക വിധി സ്വാഗതാർഹം '; അയോദ്ധ്യ ഭൂമി കേസില്‍ സുപ്രിം കോടതി വിധിയോട് പ്രതികരിച്ച് ഉമ ഭാരതി

ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരേയും അനുസ്മരിക്കുന്നുവെന്നും ഉമാഭാരതി പറഞ്ഞു.

ന്യൂഡൽഹി: അയോദ്ധ്യ കേസിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത്് മുതിർന്ന ബിജെപി നേതാവ് ഉമാഭാരതി. സുപ്രീം കോടതിയുടെ ദൈവിക വിധി സ്വാഗതാർഹമാണെന്ന് ഉമാഭാരതി ട്വിറ്ററിൽ കുറിച്ചു. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരേയും അനുസ്മരിക്കുന്നുവെന്നും ഉമാഭാരതി പറഞ്ഞു.

സുപ്രിം കോടതി വിധിയിലൂടെ രാജ്യത്തെ നിയമ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമാധാനവും ഐക്യവും നിലനിർത്തണമെന്ന് ആഹ്വാനം ചെയ്ത മോദി, ഇത് ആരുടേയും വിജയമോ പരാജയമോ ആയി കാണേണ്ടതില്ലെന്നും ആവർത്തിച്ചു. വിധി പ്രസ്താവത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം രമ്യമായി പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ' അയോദ്ധ്യ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രിം കോടതി വിധി പ്രസ്താവിച്ചു. ഈ വിധി ആരുടെയും വിജയമോ നഷ്ടമോ ആയി കാണരുത്. രാമഭക്തിയായാലും റഹിം ഭക്തിയായാലും രാഷ്ട്രഭക്തിയുടെ ചൈതന്യം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സമാധാനവും ഐക്യവും നിലനിൽക്കട്ടെ.'- അദ്ദേഹം ട്വീറ്റ് ചെയ്തു.

സുപ്രിം കോടതി വിധിയിലൂടെ വർഷങ്ങളായുള്ള തർക്കം എന്നന്നേക്കുമായി പരിഹരിക്കപ്പെട്ടുവെന്ന് ഭാഗവത് പറഞ്ഞു. സുപ്രിം കോടതിയുടെ വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ദശാബ്ദങ്ങളായി ഈ കേസ് തുടരുകയാണ്. ഇപ്പോൾ ശരിയായ വിധിയുണ്ടായിരിക്കുന്നു. ഇത് ഒരു വിജയമോ നഷ്ടമോ ആയി കാണരുത്. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്താൻ പ്രയത്നിച്ച എല്ലാവരുടേയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Read More >>