കേന്ദ്ര സര്‍ക്കാര്‍ ചെലവ് ചുരുക്കുന്നത് തെറ്റായ നിലപാട്; ചെലവ് വര്‍ധിപ്പിപിച്ച് അതുവഴി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കണം: യുഎന്‍ കമ്മീഷന്‍ തലവന്‍

ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യമാണ് ഇന്ത്യ. യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തണം. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ കുറവുകള്‍ നികത്തണം.

കേന്ദ്ര സര്‍ക്കാര്‍ ചെലവ് ചുരുക്കുന്നത് തെറ്റായ നിലപാട്; ചെലവ് വര്‍ധിപ്പിപിച്ച് അതുവഴി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കണം: യുഎന്‍ കമ്മീഷന്‍ തലവന്‍

ന്യൂഡല്‍ഹി: ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവ് ചുരുക്കുന്നത് തെറ്റായ നിലപാടാണെന്ന് ഐക്യരാഷ്ട്ര സംഘടന ഏഷ്യാ പസിഫിക് സാമ്പത്തിക സാമൂഹിക കമീഷന്‍ തലവന്‍ ഡോ. നാഗേഷ്‌കുമാര്‍. ആഗോളസാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഐക്യരാഷ്ട്രസംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നാഗേഷ്‌കുമാര്‍.

പലിശനിരക്ക് കുറയ്ക്കല്‍ പോലുള്ള പണപരമായ നയങ്ങളെ അമിതമായി ആശ്രയിച്ച് സാമ്പത്തിക വളര്‍ച്ച നേടാനാവില്ല. സമ്പദ്ഘടനയിലെ എല്ലാ മേഖലയിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. റിപ്പോനിരക്കുകള്‍ കുറച്ചും ഓഹരിവിപണിയില്‍ കുതിപ്പ് സൃഷ്ടിച്ചും സമ്പദ്ഘടനയെ രക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, സുസ്ഥിര ഊര്‍ജം എന്നീ മേഖലകളില്‍ നിക്ഷേപം നടത്തിയാല്‍ മാത്രമേ സമ്പദ്ഘടനയുടെ ഉയര്‍ന്ന തോതിലുള്ള വളര്‍ച്ച വീണ്ടെടുക്കാന്‍ കഴിയൂ.

സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കണം. അതുവഴി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കണം. ജനങ്ങളുടെയും നിക്ഷേപകരുടെയും കയ്യില്‍ കൂടുതല്‍ പണം എത്തിക്കണം. ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യമാണ് ഇന്ത്യ. യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തണം. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ കുറവുകള്‍ നികത്തണം.

ഓഹരിവിപണി കുതിക്കുകയും ഉല്‍പാദനമേഖലകള്‍ തളരുകയും ചെയ്യുന്നത് ആരോഗ്യകരമല്ല. അടിസ്ഥാന ഉല്‍പാദനമേഖലകളില്‍ വളര്‍ച്ച ഉണ്ടായാലേ ഓഹരിവിപണിയിലെ മുന്നേറ്റത്തിനു അര്‍ഥമുള്ളു. വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ കടന്നുവരവിനെ അധികം വിശ്വസിക്കാനാവില്ലെന്നും നാഗേഷ് ചൂണ്ടിക്കാട്ടി.