പൗരത്വ പ്രതിഷേധം; കവി ഇമ്രാന് ഒരു കോടി രൂപ പിഴയിട്ട് യോ​ഗി സർക്കാർ, ഭീഷണി വിലപ്പോകില്ലെന്ന് ഇമ്രാന്‍

പ്രതിപക്ഷത്തിന്റെ ശബ്ദം നിശബ്ദമാക്കാൻ ബിജെപി സർക്കാർ സമ്മർദ്ദ തന്ത്രങ്ങൾ പയറ്റുകയാണെന്നും നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തില്‍നിന്നും തങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ലെന്നും ഇമ്രാന് പറഞ്ഞു.

പൗരത്വ പ്രതിഷേധം; കവി ഇമ്രാന് ഒരു കോടി രൂപ പിഴയിട്ട് യോ​ഗി സർക്കാർ, ഭീഷണി വിലപ്പോകില്ലെന്ന് ഇമ്രാന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൊറാദാബാദിൽ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവും കവിയുമായ ഇമ്രാന്‍ പ്രതാപ്ഗര്‍ഹി ഉൾപ്പെടെയുള്ളവർക്ക് ഒരു കോടി രൂപലിലേറെ പിഴയിട്ട് ജില്ല ഭരണകൂടം. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് 'സെക്ഷൻ 144 ലംഘിച്ചു' എന്ന് ചൂണ്ടിക്കാട്ടി 1.04 കോടി രൂപയുടെ കാരണംകാണിക്കല്‍ നോട്ടീസാണ് ജില്ലാ ഭരണ കൂടം ഇമ്രാന് നൽകിയിട്ടുള്ളത്.

ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ ഇമ്രാന്‍ പ്രകോപിപ്പിച്ചതായും രണ്ട് സമുദായങ്ങൾ തമ്മിലുള്ള ശത്രുത വർധിപ്പിച്ചതായും മൊറാദാബാദ് ഭരണകൂടം ആരോപിച്ചു. ഇമ്രാൻ ഉൾപ്പെടെ 114 പേർക്കാണ് യോ​ഗി സർക്കാർ നോട്ടീസ് നൽകിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശബ്ദം നിശബ്ദമാക്കാൻ ബിജെപി സർക്കാർ സമ്മർദ്ദ തന്ത്രങ്ങൾ പയറ്റുകയാണെന്നും നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തില്‍നിന്നും തങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ രാജ്യത്തുടനീളം സമാനമായ പ്രതിഷേധ പരിപാടികളിലും കുത്തിയിരിപ്പ് സമരങ്ങളിലും പങ്കെടുക്കുന്നുണ്ട്. പക്ഷേ ഇതുപോലെയുള്ള നോട്ടീസുകളൊന്നും ഇതുവരെ ലഭിച്ചില്ല. അടുത്തിടെ ലഖ്‌നൗവിലാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ഇവിടെ 144 വകുപ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്. പക്ഷേ, അത് യഥാർഥത്തിൽ സർക്കാരിനെ എതിർക്കുന്നവർക്കുള്ളതാണ്.

അടുത്തിടെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മൊറാദാബാദില്‍ പൗരത്വ നിയമത്തെ പിന്തുണച്ച് ഒരു വലിയ സമ്മേളനത്തിൽ പ്രസംഗിച്ചുവെങ്കിലും അദ്ദേഹത്തിന് ഈ 144 വകുപ്പൊന്നും ബാധകമായില്ലെന്നും ഇമ്രാന്‍ പ്രതാപ്ഗരി പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ അഡീഷണല്‍ സിറ്റി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകണമെന്ന് ഇമ്രാന് നിര്‍ദേശം ലഭിച്ചിരുന്നു.

എന്നാൽ കോടതിയുടെ മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം ഇമ്രാന്‍ ചെവിക്കൊണ്ടിരുന്നില്ല. തുടര്‍ന്നാണ് ഭീമമായ തുക പിഴ ചുമത്തിയിരിക്കുന്നത്. പ്രതിഷേധസ്ഥലത്ത് പൊലീസിനെയും അര്‍ധസൈനികരെയും വിന്യസിപ്പിക്കുന്നതിനുള്ള ദൈനംദിന ചെലവിന്റെ അടിസ്ഥാനത്തിലാണ് പിഴ കണക്കാക്കിയിരിക്കുന്നതെന്ന് മൊറാദാബാദ് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് സിങ് അറിയിച്ചു.

Next Story
Read More >>