ബോളിവുഡിന്‍റെ അനാർക്കലി

വാലന്റൈന്‍ ദിനത്തില്‍ മധുബാലയുടെ ദുരന്തപ്രണയത്തിന്റെ കഥ

ബോളിവുഡിന്‍റെ അനാർക്കലി

ബോളിവുഡിന്റെ മെർലിൻ മൺറോ, ദുരന്ത നായിക, ഇന്ത്യൻ സിനിമയുടെ വീനസ്, ഹിന്ദി സിനിമയുടെ അനാർക്കലി...എന്നിങ്ങനെ പോകുന്നു ബോളിവുഡ് സ്വപ്‌നസുന്ദരി മധുബാലയ്ക്ക് സിനിമാലോകം ചാർത്തിക്കൊടുത്ത വിശേഷണങ്ങൾ. അമ്പതുകളിലും അറുപതുകളിലും മധുബാലയെ പ്രണയിക്കാത്തവരുണ്ടാവില്ല. സിനിമാലോകം വിശേഷണങ്ങൾ പലതും ചാർത്തിക്കൊടുത്ത മധുബാലയുടെ ജന്മദിനം ലോകം പ്രണയം ആഘോഷിക്കുന്ന ഫെബ്രുവരി 14നായത് ഒരു വിധിനിയോഗമാവാം. അതുകൊണ്ട് തന്നെ ലോകം പ്രണയം ആഘോഷിക്കുമ്പോൾ ഈ പ്രണയനായികയെ ഓർമ്മിക്കുന്നതും സ്വാഭാവികം. ഇന്നാണ് മധുബാലയുടെ 86ാം ജന്മദിനം.

ബാലതാരമായി സിനിമയിലെത്തിയ മുംതാസ് ജെഹാൻ ബീഗം ദെഹൽവി എന്ന മധുബാലയെ ഇന്ത്യൻ വെള്ളിത്തിരയിലെ പെൺസൗന്ദര്യത്തിന്റെ പര്യായമായി പാശ്ചാത്യമാദ്ധ്യമങ്ങൾപോലും വിലയിരുത്തി. ഹോളിവുഡിൽനിന്ന് അവസരങ്ങൾ തേടിയെത്തിയെങ്കിലും സ്വീകരിച്ചില്ല.

മുംബൈയിലെ ചേരിയിലായിരുന്നു മധുവിന്റെ ജനനം. ലോകം സെന്റ് വാലന്റൈനെ കുറിച്ച് കേൾക്കുന്നതിനും മുൻപ് 1933 ഫെബ്രുവരി 14നായിരുന്നു മുംതാസ് ജെഹാൻ ബീഗം ദെഹൽവി എന്ന മധുബാലയുടെ ജനനം. മുംബൈ ടാക്കീസ് എന്ന വിഖ്യാത സ്റ്റുഡിയോയ്ക്ക് സമീപത്തെ ഒരു ചേരിയിലായിരുന്നു വളർന്നത്. ഒമ്പതാം വയസ്സിൽ ബേബി മുംതാസ് എന്ന പേരിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. പതിനാലാം വയസ്സിൽ മധുബാല എന്ന പേരിൽ നീൽകമലിൽ നായികയായി. രാജ് കപൂറായിരുന്നു നായകൻ. പിന്നെ ബോളിവുഡിൽ കണ്ടതൊക്കെ ചരിത്രം. തന്റെ അഭിനയപാടവം കൊണ്ട് ബോളിവുഡിന്റെ താരസിംഹാസനം പിടിച്ചെടുത്തു മധു.


തിയ്യറ്റർ ആർട്സ് മാഗസിൻ 1952ലെ ലോകത്തെ ഏറ്റവും വലിയ താരമായി തെരഞ്ഞെടുത്തത് മധുബാലയെയായിരുന്നു. 2008ൽ തപാൽ വകുപ്പിന്റെ മധുവിന്റെ മുഖമുള്ള സ്റ്റാമ്പും പുറത്തിറക്കി. 2013ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ന്യൂയോർക്ക് ടൈംസ് എഴുതിയ പതിനഞ്ച് സ്ത്രീകളുടെ ഓർമ്മക്കുറിപ്പിൽ ഒന്ന് മധുവിന്റേതായിരുന്നു.

എന്നാൽ സ്വപ്‌നലോകത്തിനോടൊപ്പം ദുരന്തകഥയും മധുവിനുണ്ട്. സങ്കടത്തിൽ ചാലിച്ചെഴുതിയ കണ്ണീരിന്റെ കഥ. നാലു സഹോദരിമാർ അടങ്ങുന്ന കുടുംബത്തിന്റെ ഭാരമത്രയും മധുവിന്റെ ചുമലിലായിരുന്നു. അച്ഛന്റെ കടുംപിടുത്തവും മുന്നോട്ട് വച്ച കച്ചവടവ്യവസ്ഥയുമായിരുന്നു ബോളിവുഡിന്റെ പ്രണയനായകൻ ദിലീപ്കുമാറുമായുള്ള പ്രണയം തകരാനുള്ള കാരണം.ദിലീപ് കുമാറുമായി മാത്രമല്ല, അക്കാലത്തെ ഒട്ടുമിക്ക നായകന്മാരുമായും മധുവിന്റെ പേര് കൂട്ടിവായിക്കപ്പെട്ടിരുന്നു . പ്രണയങ്ങളെ ഒരു തമാശയായിട്ടാണ് അന്ന് മധു കണ്ടതെന്ന് നടൻ ദേവാനന്ദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മുഗൾ ഇ അസം (1960) എന്ന വിഖ്യാത ചിത്രത്തിലെ അനാർക്കലിയിലൂടെ അവർ പ്രേക്ഷകമനസ്സിൽ ചിരപ്രതിഷ്ഠ നേടി. ബർസാത് കി രാത്, ചൽതി കി നാം ഗാഡി, മഹൽ, കാലാപാനി, അമർ തുടങ്ങിയവ ശ്രദ്ധേയചിത്രങ്ങൾ.പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഒറ്റപ്പെട്ട ജീവിതമായിരുന്നു മധുവിന്റെത്. ഏറെ വൈകും മുൻപ് തന്നെ മധു ഹൃദ്രോഗബാധിതയായി. രോഗത്തിന്റെ തീവ്രത മറച്ചുവച്ചു തന്നെ മധുബാല ഗായകനും നടനുമായി കിഷോർ കുമാറിനെ വിവാഹം കഴിച്ചു. അത്ര സുഖകരമായിരുന്നില്ല ആ ബന്ധം. ആദ്യ നായകൻ രാജ്കപൂറിനൊപ്പമുള്ള ചാലക്കിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ പോലും കഴിഞ്ഞില്ല. 36ാം വയസ്സിൽ നിര്യാതയായ മധുബാലയെ ദുരന്തത്തിലേക്ക് പതിച്ച സൗന്ദര്യമെന്നാണ് വിദേശമാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്.

Read More >>