എന്തുകൊണ്ട് ഇപ്പോൾ പൊതുസുരക്ഷാ വകുപ്പ് ചുമത്തി?; ഫറൂഖ് അബ്ദുല്ലക്കെതിരായ നടപടിയിൽ ആഞ്ഞടിച്ച് കപിൽ സിബൽ

ഫറൂഖ് അബ്ദുല്ലയെ കോടതിയിൽ ഹാജരാക്കണമെന്ന വൈക്കോയുടെ അപേക്ഷയോട് പ്രതികരിക്കാൻ സുപ്രിം കോടതി തിങ്കളാഴ്ച കേന്ദ്രത്തോടും ജമ്മു-കശ്മീർ ഭരണകൂടത്തോടും ആവശ്യപ്പെട്ടിരുന്നു

എന്തുകൊണ്ട് ഇപ്പോൾ പൊതുസുരക്ഷാ വകുപ്പ് ചുമത്തി?; ഫറൂഖ് അബ്ദുല്ലക്കെതിരായ നടപടിയിൽ ആഞ്ഞടിച്ച് കപിൽ സിബൽ

ന്യൂഡൽഹി: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലക്കെതിരെ പൊതുസുരക്ഷാ വകുപ്പ് (പി.എസ്.എ) ചുമത്തിയ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഫറൂഖ് അബ്ദുല്ലയുടെ മോചനം ആവശ്യപ്പെട്ട് എം.ഡി.എം.കെ നേതാവ് വൈക്കോ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണോ ഇതിന് സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് കപിൽ സിബൽ ചോദിച്ചു.

രണ്ട് വർഷം വരെ വിചാരണ കൂടാതെ വ്യക്തിയെ തടവിലാക്കാൻ സാധിക്കുന്ന വകുപ്പാണ് ഇപ്പോൾ ഫറൂഖ് അബ്ദുല്ലക്കെതിരെ ചുമത്തിയിരിക്കുന്നത്. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെയാണ് ഫറൂഖ് അബ്ദുല്ലയെ തടവിലാക്കിയത്.

'ഇപ്പോൾ 43 ദിവസത്തിന് ശേഷം പി.എസ്.എ. നേരത്തെ ബി.ജെ.പി പറഞ്ഞത് ജമ്മു-കശ്മീരിലെ 92 ശതമാനം പേരും 370-ാം അനുച്ഛേദം റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നുവെന്നാണ്. സാധാരണ നിലയിലാണ് കശ്മീർ എന്നും പറഞ്ഞു. ഫറൂഖ് അബ്ദുല്ലയെ തടവിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഇപ്പോൾ? വൈക്കോ ഹർജി ഫയർ ചെയ്തതുകൊണ്ടാണോ?'- കപിൽ സിബൽ ട്വീറ്റ് ചെയ്തു.

ഫറൂഖ് അബ്ദുല്ലയെ കോടതിയിൽ ഹാജരാക്കണമെന്ന വൈക്കോയുടെ അപേക്ഷയോട് പ്രതികരിക്കാൻ സുപ്രിം കോടതി തിങ്കളാഴ്ച കേന്ദ്രത്തോടും ജമ്മു-കശ്മീർ ഭരണകൂടത്തോടും ആവശ്യപ്പെട്ടിരുന്നു. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദേ, എസ്.എ നസീർ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വൈക്കോയുടെ ഹർജി സെപ്തംബർ 30ന് വീണ്ടും പരിഗണിക്കും.

Read More >>