അയോദ്ധ്യയിൽ വിധി പറയാൻ എന്തുകൊണ്ട് ഈ ദിവസം തിരഞ്ഞെടുത്തു?

അയോദ്ധ്യയിലെ 2.7 ഏക്കർ വരുന്ന ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് കോടതി പരിഗണിച്ചത്. 40 ദിവസം തുടർച്ചയായാണ് കോടതി കേസിൽ വാദം കേട്ടത്

അയോദ്ധ്യയിൽ വിധി പറയാൻ എന്തുകൊണ്ട് ഈ ദിവസം തിരഞ്ഞെടുത്തു?

ന്യൂഡൽഹി: രണ്ടര ദശാബ്ദത്തോളം നീണ്ട, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ അയോദ്ധ്യ തർക്ക ഭൂമി കേസിൽ ഇന്ന് വിധി പറയുമെന്ന സുപ്രിം കോടതിയുടെ പ്രഖ്യാപനം തീർത്തും അപ്രതീക്ഷിതമായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്ന നംബവർ 17ന് മുമ്പ് വിധി വരുമെന്ന് പറഞ്ഞിരുന്നെങ്കിലും കൃത്യമായ ദിവസം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, വെള്ളിയാഴ്ച വൈകിട്ടാണ് ശനിയാഴ്ച 10:30 ന് വിധി പ്രസ്താവിക്കുമെന്ന് സുപ്രിം കോടതി അറിയിച്ചത്. അവധി ദിനമായ ശനിയാഴ്ച കോടതി തുറന്ന് വിധി പ്രസ്താവിക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു.

നവംബർ 17 ഞായറാഴ്ചയായതിനാൽ അന്ന് വിധി പറയാനുള്ള സാദ്ധ്യത നേരത്തേ തള്ളിയതാണ്. മാത്രവുമല്ല, വിരമിക്കുന്ന ദിവസം സുപ്രധാന വിധി പ്രഖ്യാപിക്കുന്ന പതിവുമില്ല. നവംബർ 16 ശനിയാഴ്ചയായതിനാൽ അന്നും വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നവംബർ 15നോ 15നോ ആണ് വിധി വരുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നത്. കാരണം, നവംബർ 15 ആണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അവസാന പ്രവൃത്തി ദിവസം. എന്നാൽ, ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയാണ് സുപ്രിം കോടതി ഇന്ന് വിധി പറയാൻ തീരുമാനിച്ചത്.

സാധാരണ, ഒരു കേസിൽ വിധി വന്നാൽ, പ്രത്യേകിച്ച് ഇത്തരമൊരു സുപ്രധാന കേസിൽ, തൊട്ടടുത്ത ദിവസം തന്നെ പുനഃപരിശോധനാ ഹർജി സമർപ്പിക്കാനുള്ള അവസരമുണ്ട്. ഇത് ചിലപ്പോൾ ഒന്നിലേറെ ദിവസങ്ങൾ നീളാനും സാദ്ധ്യതയുണ്ട്. ഇക്കാര്യം മുന്നിൽ കണ്ടാവാം കോടതി വിധി നേരത്തേ പ്രസ്താവിക്കുന്നത്.

ഇതിനേക്കാൾ പ്രധാനമായി, വിധിക്ക് മുന്നോടിയായി ഊഹോപോഹങ്ങളും സമൂഹവിരുദ്ധ പ്രവർത്തനങ്ങളും സംഘർഷാവസ്ഥയും തടയുക കൂടി ലക്ഷ്യമിട്ടായിരിക്കാം പെട്ടന്നുള്ള പ്രഖ്യാപനം. ഇത്തരം പ്രവർത്തനങ്ങൾ നടത്താനുള്ള സമയം നൽകാതിരിക്കുകയായിരുന്നു തീരുമാനത്തിന് പിന്നിൽ.

അതേസമയം, വിധി പ്രസ്താവത്തോടനുബന്ധിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പേ ഉത്തർപ്രദേശിലും രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ ചീഫ് ജസ്റ്റിസ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. യു.പിയിൽ മാത്രം 40 കമ്പനി അർദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്.

അയോദ്ധ്യയിലെ 2.7 ഏക്കർ വരുന്ന ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് കോടതി പരിഗണിച്ചത്. 40 ദിവസം തുടർച്ചയായാണ് കോടതി കേസിൽ വാദം കേട്ടത്.

Read More >>