പാർട്ടി ശക്തമായിരിക്കുന്നിടത്തോളം ഞാനും ശക്തനായിരിക്കും; സോണിയാ, മൻമോഹൻ കൂടിക്കാഴ്ചക്ക് ശേഷം ചിദംബരത്തിന്റെ ട്വീറ്റ്

സോണിയാ ഗാന്ധി തന്റെ പിതാവിന് ശക്തമായ പിന്തുണ നൽകിയിട്ടുണ്ടെന്ന് കാർത്തി പറഞ്ഞു

പാർട്ടി ശക്തമായിരിക്കുന്നിടത്തോളം ഞാനും ശക്തനായിരിക്കും; സോണിയാ, മൻമോഹൻ കൂടിക്കാഴ്ചക്ക് ശേഷം ചിദംബരത്തിന്റെ ട്വീറ്റ്

ന്യൂഡൽഹി: പാർട്ടി ശക്തമായിരിക്കുന്നിടത്തോളം കാലം താനും ശക്തനായിരിക്കുമെന്ന് പി. ചിദംബരം. തിഹാർ ജയിലിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചിദംബരത്തിന്റെ പ്രസ്താവന. ചിദംബരത്തിന് വേണ്ടി കുടുംബമാണ് ഇക്കാര്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ' എനിക്കുവേണ്ടി ഇക്കാര്യം പോസ്റ്റ് ചെയ്യാൻ ഞാൻ കുടുംബത്തോട് ആവശ്യപ്പെട്ടു: ശ്രീമതി സോണിയാ ഗാന്ധിയും ഡോ. മൻമോഹൻ സിങ്ങും ഇന്ന് എന്നെ വിളിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ധീരവും ശക്തവുമായിരിക്കുന്നിടത്തോളം കാലം ഞാനും ശക്തനും ധീരനുമായിരിക്കും.'-ട്വിറ്ററിൽ കുറിച്ചു.

സോണിയാ ഗാന്ധിക്കും മൻമോഹൻ സിങ്ങിനുമൊപ്പം ചിദംബരത്തിന്റെ മകൻ കാർത്തിയും തിഹാർ ജയിലിൽ എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇവർ തിഹാർ ജയിലിൽ എത്തിയത്. രാഷ്ട്രീയ വേട്ടയാടലിൽ കുടുങ്ങിയ ചിദംബരത്തിന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കുന്നതായിരുന്നു നേതാക്കളുടെ സന്ദർശനം. ഐ.എൻ.എക്‌സ് മീഡിയ കേസിൽ പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ഇപ്പോൾ ചിദംബരം.

സോണിയാ ഗാന്ധി തന്റെ പിതാവിന് ശക്തമായ പിന്തുണ നൽകിയിട്ടുണ്ടെന്ന് കാർത്തി പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മൻമോഹൻ സിങ്ങും പിതാവും തമ്മിൽ ഒരുമാപ് നേരം സംസാരിച്ചുവെന്നും കാർത്തി കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചിദംബരത്തെ കാണാൻ തിഹാർ ജയിലിൽ എത്തിയിരുന്നു.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007ൽ ഐ.എൻ.എക്‌സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന കേസിലാണ് പി. ചിദംബരത്തെ ആഗസ്റ്റ് 21 ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എയർസെൽ-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്. അതേസമയം, ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ കോടതിക്ക് നൽകിയ മറുപടിയും കോടതി പരിഗണിക്കും. വിചാരണക്കോടതി നേരത്തെ ചിദംബരത്തിൻറെ ജാമ്യാപേക്ഷ തള്ളിയിരുന്നു.കേസിൽ ചിദംബരം നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ചിദംബരത്തെ വിചാരണക്കോടതി തിഹാർ ജയിലിലേക്ക് അയച്ചതോടെയാണ് ജാമ്യാപേക്ഷയുമായി ചിദംബരം ഡൽഹി ഹൈകോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഡൽഹി ഹൈക്കോടതി അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിബിഐ ജാമ്യാപേക്ഷയെ എതിർത്തു. ജാമ്യാപേക്ഷയോടൊപ്പം സിബിഐയുടെ റിപ്പോർട്ടും ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാൽ ചുരുങ്ങിയത് അടുത്ത മാസം മൂന്ന് വരെ ചിദംബരത്തിന് തീഹാർ ജയിലിൽ തന്നെ കഴിയേണ്ടി വരും. ജാമ്യം നൽകിയാലും ഇതേ ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസിലും ചിദംബരത്തിനെതിരെ നിയമനടപടികൾ ഉണ്ടായേക്കും.

Read More >>