'ഖവാലി' ഹിന്ദു വിരുദ്ധം, ഇവിടെ നടത്താൻ പറ്റില്ല; പകുതിക്ക് വച്ച് അവതരണം നിർത്തിച്ച് യോഗി സർക്കാർ

പ്രമുഖ സൂഫി-കഥക് നർത്തകി മഞ്ജരി ചതുർവേദിയുടെ ഖവാലി അവതരണമാണ് യു.പി സർക്കാർ പാതിവഴിക്ക് വച്ച് നിർബന്ധിച്ച് നിർത്തിയത്

ലഖ്‌നൗ: 'ഖവാലി' ഹിന്ദു വിരുദ്ധമാണെന്ന് ഉത്തർപ്രേദശ് സർക്കാർ. ഹിന്ദു വിഭാഗങ്ങളുടെ വികാരത്തെ ഖവാലി വ്രണപ്പെടുത്തുമെന്നാരോപിച്ച് അവതരണം പാതിവഴിക്ക് വച്ച് യോഗി ആദിത്യനാഥ് സർക്കാർ നിർത്തിച്ചു. ലഖ്‌നൗവിൽ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ സമ്മേളനത്തിനു വേണ്ടി യു.പി നിയമസഭാ സ്പീക്കർ നടത്തിയ അത്താഴവിരുന്നിലാണ് സംഭവം. പ്രമുഖ സൂഫി-കഥക് നർത്തകി മഞ്ജരി ചതുർവേദിയുടെ ഖവാലി അവതരണമാണ് യു.പി സർക്കാർ പാതിവഴിക്ക് വച്ച് നിർബന്ധിച്ച് നിർത്തിയത്.

യു.പി സർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് മഞ്ജരി ചതുർവേദി പരിപാടിയിൽ പങ്കെടുത്തത്. എന്നാൽ സൂഫി ഭക്തിഗാനത്തോടെയുള്ള ഖവാലി അവതരണം തുടങ്ങിയപ്പോൾ മ്യൂസിക് ഓഫ് ചെയ്യുകയും അടുത്ത പരിപാടി അനൗൺസ് ചെയ്യുകയുമായിരുന്നുവെന്ന് നർത്തകി മഞ്ജരി ചതുർവേദി പറഞ്ഞു.

ഖവാലി ആയതിന്റെ പേരിൽ ആദ്യമായാണ് തന്റെ അവതരണം തടസപ്പെടുത്തുന്നതെന്ന് ചതുർവേദി പറഞ്ഞു. 'ഇതൊരു സാങ്കേതിക തടസമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷ, പെട്ടന്ന് തന്നെ അടുത്ത പരിപാടി അനൗൺസ് ചെയ്തു. അപ്പോൾ ഇതൊരു സാങ്കേതിക തടസമല്ലെന്ന് എനിക്ക് മനസ്സിലായി. പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ സംഘാടകർ എന്നോട് പറഞ്ഞത് ഖവാലി ഇവിടെ നടത്താൻ പറ്റില്ല എന്നായിരുന്നു. ലോകം മുഴുവൻ പരിപാടി അവതരിപ്പിക്കുന്ന ആളാണ് ഞാൻ. എന്റെ സ്വന്തം സ്ഥലമായ ലഖ്‌നൗവിൽ ഇതുപോലെ ഒരു അനുഭവം നേരിട്ടപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി.'-ചതുർവേദി പറഞ്ഞു. ഇന്നത്തെ ഷോ എന്റെ ജീവിതത്തിൽ എന്നെന്നും ഓർമിക്കപ്പെടും, വിശദവിവരങ്ങൾ പിന്നീട് പറയാം എന്ന് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്താണ് ചതുർവേദി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

സംഭവത്തെക്കുറിച്ച് സർക്കാരിനോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: ' ഇത് അസംബന്ധമാണ്. സംഘാടകരും പരിപാടി അവതരിപ്പിക്കുന്നയാളും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ചതുർവേദി നേരത്തേ തന്നെ രണ്ട് പരിപാടികൾ അവതരിപ്പിച്ചിരുന്നു. മൂന്നാമത്തേത് നടന്നുകൊണ്ടിരിക്കുകയായിരുന്നു. വൈകിയാണ് പരിപാടികൾ നടന്നത്. മറ്റൊരു പരിപാടികൂടി നടത്താനുണ്ടായിരുന്നു. പരിപാടി അവ്‌സാനിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി വരുമെന്നാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ എല്ലാവർക്കും പരിപാടി അവതരിപ്പിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ, അവിടെ രണ്ട് കൂട്ടരും തമ്മിൽ ചില ആശയവിനിമയ പ്രശ്‌നങ്ങൾ ഉണ്ടായി. നർത്തകിയുടെ അവതരണം നിർത്തി ആ സമയം മറ്റൊരു പരിപാടിക്ക് നൽകി. സംഘാടനത്തിലെ നിർബന്ധങ്ങൾ കാരണമാണ് പ്രകടനം തടസ്സപ്പെട്ടത്. അല്ലാതെ മതരപമോ ഭാഷാപരമോ ആയ കാരണങ്ങൾ കൊണ്ടല്ല.'-സർക്കാർ പ്രതിനിധി പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

Read More >>