ബദല്‍ ഇടതുപക്ഷത്തിന് മാത്രം സാദ്ധ്യമല്ല

പ്രളയാനന്തര സാഹചര്യത്തിൽ ഇടുക്കിയിൽ എല്ലാ തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും കർശനമായ വ്യവസ്ഥകളോടെ മാത്രമേ പാടുള്ളൂ. എസ്. രാജേന്ദ്രൻ ഉദ്യോഗസ്ഥയെ ചീത്തവിളിച്ചതുകൊണ്ടു കാര്യമില്ല. നിയമം നടപ്പിലാക്കുകയാണ് അവർ ചെയ്തത്. അതിന് തടസ്സം നിൽക്കുക വഴി കോടതി അലക്ഷ്യ നടപടി വരെ വന്നേക്കാം. രാജേന്ദ്രന്റെ നടപടി ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. സി.പി.എം തന്നെ അതു ശരിയല്ലെന്ന നിലപാടു സ്വീകരിച്ചിട്ടുണ്ട്‌

ബദല്‍ ഇടതുപക്ഷത്തിന് മാത്രം സാദ്ധ്യമല്ല

കാനം രാജേന്ദ്രന്‍ / സി.വി ശ്രീജിത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പ്, മുന്നണി, ബദൽ, കോൺഗ്രസ് ബന്ധം, സഖ്യസാദ്ധ്യത, ശബരിമല, നവോത്ഥാനം എന്നീ വിഷയങ്ങളിൽ നയവും നിലപാടും വ്യക്തമാക്കുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ദേശീയതലത്തിൽ ബദലിനായുള്ള ശ്രമങ്ങൾ വിവിധ കോണുകളിൽ നിന്നുണ്ടാവുന്നു. ഇടതുപക്ഷത്തിന്റെ പ്രസക്തിയെന്താണ്.

ബി.ജെ.പിക്കും സംഘപരിവാറിനും എതിരായ ബദൽ സാദ്ധ്യമാക്കാൻ ഇടതുപക്ഷത്തിന് മാത്രമായി സാധിക്കുകയില്ല. ആ യാഥാർത്ഥ്യം നിശ്ചയമായും ഞങ്ങൾ ഉൾക്കൊള്ളുന്നു. രാജ്യത്തെ എല്ലാ മതനിരപക്ഷേ, ജനാധിപത്യ കക്ഷികളെയും 'മോദി ഹഠാവോ' എന്ന മുദ്രാവാക്യത്തിൽ ഒന്നിപ്പിക്കുക എന്ന നിലപാടാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തു പതിനേഴ് രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിക്കാൻ സാധിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇത്തരത്തുള്ള നീക്കം നടത്താനായി. പിന്നീട് മോദി സർക്കാരിന്റെ അഴിമതിക്കെതിരായ ബഹുജനപ്രക്ഷോഭത്തിന് 21 പ്രതിപക്ഷ പാർട്ടികളുടെ ഐക്യപ്പെടലിനും സാധിച്ചു. പ്രതിപക്ഷ ഐക്യം വളർത്തിക്കൊണ്ടുവരാനുള്ള സമർത്ഥമായ ഇടപെടൽ സാദ്ധ്യമാക്കിയത് ഇടതുപക്ഷമാണ്.

മോദിയുടെ നയങ്ങളെ എതിർക്കാൻ ജനങ്ങളുടെ വലിയ ഒരു ഐക്യം രൂപപ്പെട്ടുവരുന്നുണ്ട്. അതാണ് 48 മണിക്കൂർ പണിമുടക്കും 200 കർഷകസംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും രാജ്യത്താകമാനം ഇന്നുയർന്നുവരുന്ന യുവജന പ്രക്ഷോഭങ്ങളും കാണിക്കുന്നത്. അസംതൃപ്ത ജനവിഭാഗത്തിന് രാഷ്ട്രീയ ദിശാബോധം നൽകുകയും അതുവഴി മോദിയെ പുറത്താക്കുകയും ചെയ്യുക എന്ന വിശാലമായ രാഷ്ട്രീയ നിലപാടാണ് ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്നത്.

ബദൽ രൂപപ്പെടുത്താനോ അതിനായി പ്രതിപക്ഷ ഐക്യം സാദ്ധ്യമാക്കാനോ ഉള്ള ശേഷി ഇടതുപക്ഷത്തിനുണ്ടോ.

തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിന്റെ സ്വാധീനവും സാന്നിദ്ധ്യവും ഏറിയും കുറഞ്ഞും കാണാം. ഇപ്പോൾ ഞങ്ങൾ അതിന്റെ ഏറ്റവും കുറഞ്ഞ തട്ടിലാണ് നിൽക്കുന്നത്. പാർലമെന്റിലെ പങ്കാളിത്തവും ഇടതുപക്ഷ ആശയങ്ങളുടെ ശക്തിയും രണ്ടാണ്. ദേശീയ പ്രസ്ഥാനകാലം മുതൽ ഇടതുപക്ഷ ആശയങ്ങൾ നമ്മുടെ സമൂഹത്തിന് ശരിയായ ദിശ നൽകുന്നതിനു വേണ്ടിയാണ് പ്രയത്‌നിച്ചത്. 1925ൽ പിറവിയെടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് പൂർണ സ്വരാജ് എന്ന ആശയം മുന്നോട്ടു വെച്ചത്. ഇത് പിന്നീട് കോൺഗ്രസ് നേതൃത്വം അംഗീകരിക്കുകയും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മുന്നോട്ടു കൊണ്ടു പോവുകയുമായിരുന്നു. അക്കാലം തൊട്ടുതന്നെ സാമൂഹ്യ സാഹചര്യങ്ങളെ സ്വാധീനിക്കുന്ന നിലപാടുകൾ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സോഷ്യലിസ്റ്റ് ആശയങ്ങളോടൊപ്പം രാജ്യം നിലകൊണ്ടതും ഇടതുപക്ഷ ആശയത്തിന്റെ സ്വാധീനം കൊണ്ടാണ്.

തങ്ങളുടെ സ്വാധീനത്തിനപ്പുറം സമൂഹത്തെ സ്വാധീനിക്കാവുന്ന ആശയങ്ങളും നിലപാടുകളുമാണ് ഇടതുപക്ഷം എക്കാലത്തും ഉയർത്തിപ്പിടിച്ചത്. ഒന്നാം യു.പി.എ സർക്കാരും അതിന്റെ ഭരണകാലവും തന്നെ ഉദാഹരണം. അനിവാര്യമായ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു സഖ്യം അധികാരമേറ്റതും ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത വിപ്ലവകരമായ നിയമനിർമ്മാണങ്ങൾക്കു സാക്ഷിയാകാൻ രാജ്യത്തിനു സാധിച്ചതും ഇടതുപക്ഷത്തിന്റെ ശരിയായ ഇടപെടൽ കൊണ്ടാണ്. സാമൂഹ്യമുന്നേറ്റത്തിന്റെ ദിശയിൽ ഗണ്യമായ മാറ്റമുണ്ടാക്കാൻ ഇത്തരം ഇടപെടൽ കൊണ്ടു സാധിച്ചു എന്നതാണ് ചരിത്രം. ഇടതുപക്ഷത്തിന് ഇപ്പോഴും അതിനു കഴിയും. എത്രസീറ്റുണ്ട് എന്നതിലല്ല. ഞങ്ങളുടെ നിലപാടാണ് മുഖ്യം. അതേസമയം പാർലമെന്റിൽ പരമാവധി സീറ്റുനേടാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരുകയും ചെയ്യും.


നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാദ്ധ്യതകൾ എത്രത്തോളമുണ്ട്.

ഇടതുപക്ഷത്തിന് ഏറിയും കുറഞ്ഞും സ്വാധീനമുണ്ടായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേക സാഹചര്യങ്ങളിൽ രൂപപ്പെട്ടുവരുന്ന സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തും. ചില മേഖലകളിൽ സഹായിക്കാവുന്ന പാർട്ടികളുമായി സഹകരിക്കും. അവരുടെ നയവും നിലപാടുകളും പരിശോധിച്ചായിരിക്കും ഇത്തരത്തിലുള്ള നീക്കുപോക്ക്. അതിലൂടെ ഞങ്ങൾക്കു മെച്ചപ്പെട്ട പ്രകടനം നടത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.

ഇത്രയും സങ്കീർണ്ണമായ രാഷ്ട്രീയ കാലാവസ്ഥയിലും, ലക്ഷ്യം കൃത്യമായി രൂപപ്പെടുത്തിയ സാഹചര്യത്തിലും തെരഞ്ഞെടുപ്പു പൂർവ്വ സഖ്യത്തിനോ ധാരണയ്‌ക്കോ ഇടതുപക്ഷം ശ്രമിക്കാത്തത് ശരിയായ നിലപാടാണോ.

നോക്കൂ, ഇവിടെ നയമാണ് പ്രധാനം. ഇടതുപക്ഷത്തിന്റെ ആശയങ്ങൾ ബലികഴിച്ചുള്ള ഒരു കൂട്ടുകെട്ടിനും ഞങ്ങളില്ല. സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും രാഷ്ട്രീയ നയത്തിന്റെ വിഷയത്തിലും മുതലാളിത്ത സമീപനം തുടരുന്ന പാർട്ടികളുുമായി ഒരു തരത്തിലും യോജിക്കാൻ ഞങ്ങൾക്കാവില്ല. ഇത്തരം കക്ഷികളെല്ലാം ഇപ്പോഴും നിയോ ലിബറൽ ആശയങ്ങളുമായി മുന്നോട്ടുപോകുന്നവരാണ്. പ്രാദേശിക പാർട്ടികളാവട്ടെ അവർക്കു സ്ഥായിയായ രാഷ്ട്രീയ നിലപാടുകളുമില്ല. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിനു മുമ്പ് ഏതെങ്കിലും തരത്തിലുള്ള ധാരണയിലെത്താൻ കഴിയുകയില്ല, എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അന്നത്തെ രാഷ്ട്രീയ സാഹചര്യം ശരിയായി വിലയിരുത്തി നിലപാടു സ്വീകരിക്കാൻ ഇടതുപക്ഷത്തിനാകും. അതിനുദാഹരണമാണ് ഒന്നാം യു.പി.എ. ബി.ജെ.പിയെ പൂർണ്ണമായും ഒഴിവാക്കാനുള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുക. അപ്പോഴും ഇടതുപക്ഷത്തിന്റെ നയവും നിലപാടും ഞങ്ങൾ ഉയർത്തിപ്പിടിക്കും. അക്കാര്യത്തിൽ വിട്ടുവീഴ്ചയക്കു തയ്യാറുമല്ല.

ജ്യോതി ബസു, എ.ബി ബർദ്ദൻ, സുർജ്ജിത് തുടങ്ങിയവർ കോൺഗ്രസുമായി ധാരണയിലെത്താനാണ് ശ്രമിച്ചത്. കൃത്യമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് അക്കാര്യത്തിൽ അവർക്കുണ്ടായിരുന്നു. ആ പാതയിലൂടെ പോകാൻ നിലവിലെ നേതൃത്വം മടിക്കുന്നു എന്നല്ലേ.

നെഹറുവിയൻ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു കോൺഗ്രസിനെയാണ് മേൽപ്പറഞ്ഞ നേതാക്കൾ അക്കാലത്തു കണ്ടിരുന്നത്. അന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിന്റെ നയങ്ങളും കാഴ്ചപ്പാടും പ്രത്യേകം പരിശോധിക്കണം. ആഗോളീകരണ കാലത്ത് മൂലധന താൽപര്യങ്ങളെ മുറുകെ പിടിക്കുന്ന കോൺഗ്രസിനെയല്ല അന്നു ഇടതുനേതാക്കൾ കണ്ടിരുന്നത്. ആഗോളീകരണത്തിന്റെ തീവ്രസ്വഭാവം വരുന്നതിന് മുമ്പാണ് അത്തരം നിലപാടുകൾ സ്വീകരിച്ചത്. നവ ലിബറൽ ആശയങ്ങളുടെ ആദ്യഭാഗമായ സ്ട്രക്ച്ചറൽ അഡ്ജസ്റ്റുമെന്റുകൾ സംബന്ധിച്ച ആലോചനകൾ തുടങ്ങുന്ന കാലഘട്ടമാണ് അത്. എന്നാൽ ഇന്നത്തെ സാഹചര്യം തീർത്തും വ്യത്യസ്തമാണ്.

ഞങ്ങളുടെ സങ്കൽപ്പങ്ങളെയും ധാരണകളെയും പൂർണ്ണമായും തെറ്റിച്ചുകൊണ്ടാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. കോൺഗ്രസ് ഇന്നു സ്വീകരിക്കുന്ന പല നിലപാടുകളും അവരുടെ മതനിരപേക്ഷ പാരമ്പര്യം പോലും വിസ്മരിച്ചു കൊണ്ടുള്ളതാണ്. അടിസ്ഥാനപരമായി കോൺഗ്രസിന്റെ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ മാറ്റം വരുത്താൻ അവർ തയ്യാറാവുന്നില്ലെങ്കിൽ എങ്ങനെയാണ് ഇടതുപക്ഷത്തിന് അത്തരം സമീപനങ്ങളോട് യോജിക്കാൻ കഴിയുക. നിലവിലെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഉൾപ്പെടെ എല്ലാവരും മോദിയെ എതിർക്കുന്ന പ്ലാറ്റ് ഫോറത്തിൽ ഒന്നിക്കണം എന്ന ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാട് ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അതിനർത്ഥം തെരഞ്ഞടുപ്പിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള സഖ്യമുണ്ടാവണം എന്നല്ല.

കോൺഗ്രസുമായി ഒരു തരത്തിലുള്ള സഖ്യസാദ്ധ്യതയും ഇല്ലെന്നാണോ.

ഇവിടെ നയമാണ് പ്രധാനം. നയം, രാഷ്ട്രീയം, അതുയർത്തിപ്പിടിക്കുന്ന നിലപാട് എന്നിവ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് മുഖ്യമായ ഘടകങ്ങളാണ്. ഷർട്ടു മാറ്റുന്നതു പോലെ അതു മാറ്റാനാകില്ല. എന്നാൽ, പ്രത്യേക സാഹചര്യത്തിൽ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ചില ധാരണകൾക്കു ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. അതു തുടരുകയും ചെയ്യും.

കോൺഗ്രസിനോട് ഇത്രയും അയിത്തം വേണോ.

അന്ധമായ കോൺഗ്രസ് വിരോധമോ പ്രേമമോ ഞങ്ങൾക്കില്ല. വസ്തുനിഷ്ഠമായ, ആശയാധിഷ്ഠിതമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോടൊപ്പം പോകാമെന്നു തീരുമാനിക്കുന്നത്. അപ്പോഴും ഇടതുപക്ഷം മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളും നിലപാടുകളും പരമപ്രധാനമായിരിക്കും.

ശബരിമല, നവോത്ഥാനം. തെരഞ്ഞെടുപ്പിൽ ഈ വിഷയങ്ങൾ എങ്ങനെ സ്വാധീനിക്കും.

ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത ഒരു സർക്കാരിനും സുപ്രിം കോടതി വിധിയോട് മുഖം തിരിഞ്ഞുനിൽക്കാനാകില്ല. ഭരണഘടനാപരമായ അവകാശങ്ങൾ സംബന്ധിച്ച സുപ്രധാനമായ വിധി നടപ്പാക്കാനുള്ള ബാദ്ധ്യത സംസ്ഥാന സർക്കാരിനുണ്ട്. ഇത്തരം വിഷയങ്ങളിൽ ലാഭനഷ്ടം നോക്കിയല്ല തീരുമാനമെടുക്കുന്നത്. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും തന്നെ സുപ്രിം കോടതി വിധിയെ എതിർത്തില്ലെന്നു മാത്രമല്ല, സ്വാഗതം ചെയ്യുകയും ചെയ്തു. വിധി നടപ്പിലാക്കേണ്ടെന്നു ആരും പറഞ്ഞില്ല. കോടതി വിധി നടപ്പാക്കാൻ മാത്രമേ സംസ്ഥാന സർക്കാരിന് കഴിയുകയുള്ളൂ. മഹാരാഷ്ട്രയിലും അതാണ് സംഭവിച്ചത്. ഈ വിഷയത്തിൽ ബി.ജെ.പിയാണോ, കോൺഗ്രസാണോ സി.പി.എം, സി.പി.ഐ ആണോ എന്ന വ്യത്യാസമില്ല. നിയമപരവും ഭരണഘടനാ പരവുമായ ബാദ്ധ്യത എല്ലാവർക്കുമുണ്ട്.

എന്നാൽ വളരെ വേഗം, വസ്ത്രം മാറുന്നപോലെ നിലപാടു മാറ്റിയത് ബി.ജെ.പിയും സംഘപരിവാറുമാണ്. അതുപോലെ തന്നെ ദേശീയ നേതൃത്വത്തിന് വിരുദ്ധമായ നിലപാടു സ്വീകരിച്ച കോൺഗ്രസുമാണ് ഇക്കാര്യത്തിൽ ഇരട്ടത്താപ്പു കാണിച്ചത്. ഇടതുപക്ഷത്തെ സംബന്ധിച്ച് ലിംഗസമത്വമെന്ന അടിസ്ഥാന നിലപാടിലുറച്ചു നിന്നുകൊണ്ടാണ് ഇക്കാര്യത്തിലുള്ള സമീപനം വ്യക്തമാക്കിയത്. ഞങ്ങൾ അതിലുറച്ചുനിൽക്കുകയും ചെയ്യുന്നു. പത്തുവോട്ടിനു വേണ്ടി നിലപാടു മാറ്റുന്ന രീതി ഇടതുപക്ഷത്തിനില്ല.

നവോത്ഥാന മുന്നേറ്റവുമായി ബന്ധപ്പെട്ട ആശയപ്രചാരണം ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അനിവാര്യമാണ്. അതിൽ രാഷ്ട്രീയം കാണുന്നതാണ് തെറ്റ്. നവോത്ഥാന സമിതിയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിനിധികളില്ല. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ കൂട്ടായ്മയാണ് അതുമായി മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷ ആരോപണങ്ങളും ആശങ്കകളും അസ്ഥാനത്താണ്. ഇതിന്റെ ഭാഗമാവുകയാണ് വേണ്ടത്. അല്ലാതെ പുറംതിരിഞ്ഞു നിൽക്കുന്നത് ഒട്ടും ശരിയായ നിലപാടല്ല. ഇതെല്ലാം പൊതുസമൂഹം കൃത്യമായി മനസിലാക്കുന്നുണ്ട്.

അക്രമപാത ഉപേക്ഷിച്ചാൽ സഹകരണമാവാമെന്നാണ് മുല്ലപ്പള്ളി പറയുന്നത്.

അതു കാര്യമായി പറഞ്ഞതാണെന്നു തോന്നുന്നില്ല. അദ്ദേഹം ആ പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ കെ.പി.സി.സിയുടെ പ്രചാരണസമിതി ചെയർമാൻ കെ. മുരളീധരൻ അതിനെ ചോദ്യം ചെയ്തതിട്ടുണ്ട്.

മൂന്നാർ വീണ്ടും വിവാദങ്ങളുടെ കേന്ദ്രമാവുകയാണ്. ഒരു രാഷ്ട്രീയ പ്രശ്‌നമായി നിലനിൽക്കുകയല്ലേ.

അവിടെ ചില നിയമപരമായ വിഷയങ്ങളുണ്ട്. അതൊരു യാഥാർത്ഥ്യമാണ്. 2010ലെ കോടതി വിധി അംഗീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്കു ബാദ്ധ്യതയുണ്ട്. എൻ.ഒ.സി ഇല്ലാതെയുള്ള കെട്ടിട നിർമ്മാണം കോടതി ഉത്തരവിന്റെ ലംഘനമാണ്. അതു തടയുക എന്നതു റവന്യൂ വകുപ്പിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണ്.

ഏറ്റവും പ്രകൃതി ലോലമായ മേഖലയാണത്. മാത്രവുമല്ല, പ്രളയാനന്തര സാഹചര്യത്തിൽ എല്ലാ തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും കർശനമായ വ്യവസ്ഥകളോടെ മാത്രമേ പാടുള്ളൂ. രാജേന്ദ്രൻ ഉദ്യോഗസ്ഥയെ ചീത്തവിളിച്ചതുകൊണ്ടു കാര്യമില്ല. നിയമം നടപ്പിലാക്കുകയാണ് അവർ ചെയ്തത്. അതിന് തടസ്സം നിൽക്കുക വഴി കോടതി അലക്ഷ്യ നടപടി വരെ വന്നേക്കാം. രാജേന്ദ്രന്റെ നടപടി ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. സി.പി.എം തന്നെ അതു ശരിയല്ലെന്ന നിലപാടു സ്വീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ സി.പി.ഐ ഇക്കുറിയും പൊതുസ്വതന്ത്രനെ പരീക്ഷിക്കുമോ.

2014ലെ തിരുവനന്തപുരത്തിന്റെ അനുഭവത്തിൽ ഇനിയൊരു പരീക്ഷണത്തിന് സി.പി.ഐ ഇല്ല. നാലു സീറ്റുമാത്രമാണ് ഞങ്ങൾക്കുള്ളത്. അതിൽ അധികം പരീക്ഷണത്തിനില്ല. ശരിയായ നടപടിയിലൂടെ സ്ഥാനാർത്ഥികളെ കണ്ടെത്തും. ഇക്കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ല. സ്ഥാനാർത്ഥി നിർണയത്തിലേക്കു പാര്‍ട്ടിയോ മുന്നണിയോ കടന്നിട്ടില്ല.

തെരഞ്ഞെടുപ്പിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. എൽ.ഡി.എഫ് ജാഥകൾ വിജയിപ്പിക്കാനുള്ള നടപടികളും ആസൂത്രണം ചെയ്തു. ജാഥകൾക്കു ശേഷം മാത്രമേ സ്ഥാനാർത്ഥി നിർണയമുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുകയുള്ളൂ. മാർച്ച് ഏഴോടുകൂടി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമാകും. അതിനുമുമ്പ് ആരെ വേണമെങ്കിലും നിങ്ങൾക്കു സ്ഥാനാർത്ഥിയാക്കാം. ആർക്കു വേണമെങ്കിലും മത്സരിക്കാം.(ചിരിക്കുന്നു)

കേരളത്തിൽ ആരാണ് മുഖ്യ എതിരാളി

ഇവിടെ മത്സരം ഇടതുപക്ഷവും യു.ഡി.എഫും തമ്മിലാണ്. അങ്ങനെയല്ലെന്നു വ്യാഖ്യാനിക്കുന്നതിന് വേറെ ഉദ്ദേശങ്ങളുണ്ടാകാം. ദേശീയ തലത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രഥമ പരിഗണന. സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുന്ന പ്രശ്‌നമില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എത്ര സീറ്റു ലഭിക്കുമെന്നാണ് പ്രതീക്ഷ.

ജ്യോതിഷം പറയാനില്ല. തെരഞ്ഞെടുപ്പിൽ ഒരു ഘട്ടം കഴിയുമ്പോൾ മാത്രമേ് ഇക്കാര്യത്തിൽ വിലയിരുത്തൽ നടത്താൻ കഴിയുകയുള്ളൂ. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യവും ജനങ്ങളുടെ മനോഭാവവും ഇടതുപക്ഷത്തിന് പൂർണ്ണമായും അനുകൂലമാണ്. പരമാവധി സീറ്റുകൾ നേടി എൽ.ഡി.എഫ് മേൽക്കൈ നേടും എന്നകാര്യത്തിൽ സംശയം വേണ്ട.


എൽ.ഡി.എഫ് ജാഥകൾക്കൊരുങ്ങുകയാണ്. എന്താണ് ജനങ്ങളോടു പറയാനുള്ളത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് ഇവിടെയുണ്ടായത്. കേരളത്തിലെ ജനങ്ങൾ ഒരുമിച്ചാണ് പ്രളയത്തെ നേരിട്ടത്. 30,000 കോടിയുടെ നാശനഷ്ടമുണ്ടായതായി യു.എൻ ഏജൻസികൾ കണക്കാക്കി. നവ കേരളത്തിന്റെ പുനർനിർമ്മാണത്തിന് വലിയ തോതിൽ സഹായം ആവശ്യമാണ്. എന്നാൽ, പ്രളയദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ കേന്ദ്ര ഗവൺമെന്റു അവഗണിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ട് സന്ദർശനം നടത്തിയിട്ടും, കേന്ദ്ര മാനദണ്ഡങ്ങൾക്കനുസരിച്ച അർഹതപ്പെട്ട സഹായധനം പോലും ലഭിച്ചില്ല. ഇക്കാര്യത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്കുള്ള പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിക്കാൻ എൽ.ഡി.എഫ് ജാഥ ഉപയോഗപ്പെടുത്തും. അതോടൊപ്പം ആയിരം ദിവസത്തെ ഇടതുമുന്നണി ഭരണത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും ശ്രമിക്കും.

ഭരണഘടനാ സ്ഥാപനങ്ങൾ, മതേതരത്വം, ജനാധിപത്യം എന്നിവയ്ക്കു നേരെയുള്ള കടന്നുകയറ്റം, അതിനെതിരായ ഇടതുപക്ഷത്തിന്റെ നിലപാടുകൾ എന്നിവ വിശദീകരിക്കും. അഞ്ചുവർഷക്കാലത്തെ മോദി സർക്കാരിന്റെ ജനദ്രോഹനയങ്ങൾ ചൂണ്ടിക്കാട്ടാനും യാത്ര ഉപയോഗിക്കും.

Read More >>