ഭരണനേട്ടങ്ങള്‍ നിരത്തി തെരഞ്ഞെടുപ്പിനെ നേരിടും

മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയോ കേന്ദ്ര ഭരണമോ ചർച്ചാ വിഷയമേ ആയിരുന്നില്ല, അതിനാൽ തന്നെ ഇത് നരേന്ദ്ര മോദിക്കോ കേന്ദ്ര സർക്കാരിനോ എതിരായ ജനവികാരമല്ല. എന്നാൽ, ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി പരാജയപ്പെട്ടു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബി.ജെ.പിയുടെ വോട്ടിങ് പങ്കാളിത്തം നോക്കിയാൽ കോൺഗ്രസ്സിനേക്കാളോ കോൺഗ്രസ്സിനൊപ്പമൊ ആണ്. പിന്നെ, ഈ സംസ്ഥാനങ്ങളിലെല്ലാം സംസ്ഥാന ഭരണത്തിനെതിരായ വികാരമുണ്ടായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്.

ഭരണനേട്ടങ്ങള്‍ നിരത്തി തെരഞ്ഞെടുപ്പിനെ നേരിടും

ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗവും പാർട്ടിയുടെ ദേശീയ പരിശീലന പദ്ധതി, പ്രസിദ്ധീകരണ വിഭാഗം കോ-കൺവീനറുമാണ് ആർ ബാലശങ്കർ.

ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമായും എന്താണ് ബി.ജെ.പിക്ക് ജനങ്ങൾക്ക് മുൻപിൽ വെക്കാനുള്ളത്.

നരേന്ദ്ര മോദി സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണനേട്ടങ്ങൾ നിരത്തിയാണ് പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങുന്നത്. രാജ്യത്തെ ദാരിദ്യരേഖയ്ക്കു താഴെയുള്ള അഞ്ചു കോടി കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നതിനായി ബി.ജെ.പി സർക്കാർ നടപ്പിലാക്കിയ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി ഉൾപ്പെടെയുള്ള ജനോപകാരപ്രദമായ നിരവധി പദ്ധതികൾ ഈ സർക്കാർ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത്, ഇൻഷൂറൻസ് പദ്ധതികളും ഈ സർക്കാരിന്റെ ഏറ്റവും ജനകീയമായ പദ്ധതികളാണ്. ഇവയെല്ലാം ജനങ്ങൾക്ക് മുമ്പിൽ വിവരിച്ചാവും പാർട്ടി ജനങ്ങളോട് വോട്ട് ചോദിക്കുക.

മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെി.പിക്കും നരേന്ദ്ര മോദിക്കുമേറ്റ തിരിച്ചടിയല്ലേ

ഈ മൂന്നു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നരേന്ദ്ര മോദിയോ കേന്ദ്ര ഭരണമോ ചർച്ചാ വിഷയമേ ആയിരുന്നില്ല, അതിനാൽ തന്നെ ഇത് നരന്ദ്ര മോദിക്കോ കേന്ദ്ര സർക്കാരിനോ എതിരായ ജനവികാരമല്ല. എന്നാൽ, ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പി പരാജയപ്പെട്ടു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബി.ജെ.പിയുടെ വോട്ടിങ് പങ്കാളിത്തം നോക്കിയാൽ കോൺഗ്രസ്സിനേക്കാളോ കോൺഗ്രസ്സിനൊപ്പമൊ ആണ്. പിന്നെ, ഈ സംസ്ഥാനങ്ങളിലെല്ലാം സംസ്ഥാന ഭരണത്തിനെതിരായ വികാരമുണ്ടായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒരു നിലക്കും ബാധിക്കില്ല. ഈ സംസ്ഥാനങ്ങളിലെ ജാതി സമവാക്യങ്ങൾ പാർട്ടിക്ക് എതിരായിട്ടുണ്ട്. ദലിത് അതിക്രമം തടയൽ ഭേദഗതി നിയമത്തിൽ സർക്കാർ എടുത്ത നിലപാട് ചില മുന്നാക്ക വിഭാഗങ്ങളെ അസംബ്ലി തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്നും അകറ്റിയിരുന്നു. ഇതൊക്കെ ആ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ, പുതിയ സാഹചര്യത്തിൽ, മുന്നാക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയതിനാൽ ആ വിഭാഗങ്ങളുടെ പിന്തുണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

കേരളത്തിൽ ശബരിമലയിലെ യുവതീപ്രവേശ വിഷയം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്ന് കരുതുന്നുണ്ടോ

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയം ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ വിഷയമേയല്ല. ശബരിമല വിഷയത്തിൽ പാർട്ടി അയ്യപ്പ ഭക്തരുടെ വികാരങ്ങൾക്കൊപ്പം നിന്നു. അതേസമയം, ശബരിമലയെ സി.പി.എമ്മും കോൺഗ്രസ്സും തെരഞ്ഞെടുപ്പ് വിഷയമായാണ് എടുക്കുന്നത്. ഇത് സി.പി.എമ്മിന് കനത്ത തിരിച്ചടിയാവും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കുക. ശബരിമല വിഷയത്തിന് ശേഷം എനിക്ക് അറിയാവുന്ന എത്രയൊ കുടുംബങ്ങൾ സി.പി.എം വിട്ട് ബി.ജെ.പിയിലെത്തിയിട്ടുണ്ട്.

അനാചാരങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് കേരളത്തെ പിന്നോട്ട് നയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന വിമർശനത്തോട് എങ്ങനെ പ്രതികരിക്കുന്നു.

നോക്കൂ, ക്ഷേത്രങ്ങൾ ഒരു പൊതുസ്ഥലമല്ല. അത് സ്വകാര്യ കേന്ദ്രങ്ങളാണ്. ഓരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ ആചാരരീതികളും ആരാധനാക്രമങ്ങളുമുണ്ട്. അത് നൂറ്റാണ്ടുകളായി പാരമ്പര്യമായി തുടർന്നു പോരുന്നതാണ്. ശബരിമലയിൽ നിലനിന്നു പോരുന്ന ആചാരം സംരക്ഷിക്കണമെന്ന വിശ്വാസികളുടെ വികാരത്തോടൊപ്പമാണ് ബി.ജെ.പി നിന്നത്. ബി.ജെ.പി നവോത്ഥാനത്തെ പിന്തുണയ്ക്കുന്ന പാർട്ടിയാണ്.

മുത്വലാഖ് വിഷയത്തിൽ എന്ന പോലെ, ശബരിമല വിഷയത്തിൽ സുപ്രിം കോടതി വിധിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രം തയ്യാറാവാത്തത് എന്ത് കൊണ്ടാണ്

മുത്വലാഖ് വിഷയവും ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശ കേസും വ്യത്യസ്തമാണ്. അവയെ താരതമ്യം ചെയ്യാനാവില്ല. ശബരിമല വിഷയത്തിൽ കോടതി വിധി വന്നിട്ടും ഭക്തരായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാൻ തയ്യാറായിട്ടില്ല. വിശ്വാസികളല്ലാത്ത ചിലരാണ് ശബരിമലയിൽ പ്രവേശിക്കാൻ എത്തിയതെന്നത് തന്നെ ഇതിന് തെളിവാണ്.

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ചു, ഇതൊക്കെ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതാണോ.

ആൾക്കൂട്ട കൊലപാതകം എന്നത് ഇന്ത്യയിൽ തുടങ്ങിയ ഒരു പുതിയ സംഭവമല്ല. അമേരിക്കയിൽ വർണ്ണത്തിന്റെ പേരിൽ നടന്നു വന്നിരുന്ന ഒരു ക്രൂരമായ ആക്രമണ രീതിയാണിത്. അടിമ മോചനം നടന്നതിനു ശേഷം കറുത്ത വർഗ്ഗക്കാരെ പൊതുനിരത്തുകളിൽ വെച്ച് വെളുത്തവർ അടിച്ചു കൊന്നിരുന്ന സംഭവം, ഇന്ത്യയിൽ മോദി സർക്കാർ വന്നതിനു ശേഷം തുടങ്ങിയതല്ല, പശ്ചിമ ബംഗാളിൽ ജ്യോതി ബസുവിന്റെ കാലത്തും നടന്നിരുന്നു. ഇന്ത്യയിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങൾ എല്ലാം വിദ്വേഷ ക്കൊലകളൊ പശുവിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളോ അല്ല. യാചകരാണെന്നു പറഞ്ഞും കുട്ടികളെ തട്ടികൊണ്ടു പോകുന്നവരാണെന്ന് ആരോപിച്ചും പെൺകുട്ടികളെ ശല്യം ചെയ്തതിന്റെ പേരിലും എല്ലാം ഇത്തരം ആക്രമണങ്ങൾ രാജ്യത്തെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും എല്ലാം അരങ്ങേറിയിട്ടുണ്ട്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പലതവണ പ്രതികരിച്ചിട്ടുണ്ട്. ഈ സംഭവങ്ങൾ ബി.ജെ.പി അധികാരത്തിലെത്തിയതിനുശേഷമുണ്ടായ ഒരു പ്രവണതായി ചിത്രീകരിക്കുകയാണ് ചിലർ.

ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷം പ്രചരിപ്പിക്കാതെ ബി.ജെ.പിക്ക് രാഷ്ട്രീയവും വികസനവും പറഞ്ഞു മുന്നോട്ട് പോകുന്നതിന് എന്താണ് തടസ്സം

ബി.ജെ.പി ഒരിക്കലും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരല്ല, പാർട്ടി മുസ്‌ലിംകളേയൊ ക്രിസ്ത്യാനികളേയോ മറ്റു ന്യൂനപക്ഷങ്ങളേയോ ശത്രുക്കളായി കാണുന്നില്ല. സബ്‌കെ സാഥ് സബ്കാ വികാസ് (എല്ലാവരൊടുമൊപ്പം എല്ലാവർക്കും വികസനം) എന്നതാണ് പാർട്ടിയും കേന്ദ്ര സർക്കാരും മുന്നോട്ടു വെച്ചിട്ടുള്ള മുദ്രാവാക്യം. വികസനം എത്തിക്കുന്ന കാര്യത്തിൽ ഈ സർക്കാർ ഒരു വിവേചനവും ഒരു മതക്കാരോടും കാണിച്ചിട്ടില്ല. സർക്കാർ പദ്ധതികൾ നടപ്പാക്കിയത് ശ്രദ്ധിച്ചാൽ നിങ്ങൾക്കത് മനസ്സിലാവും. എന്നാൽ, ചിലർ അങ്ങനെ പ്രചരിപ്പിക്കുന്നുണ്ട്. ബി.ജെ.പി മുസ്‌ലിംകൾക്കെതിരാണ് ക്രിസ്ത്യാനികൾക്കെതിരാണ് എന്നൊക്കെ, അത് പ്രചരിപ്പിക്കുന്നതിന് പിന്നിൽ അവർക്ക് രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ബി.ജെ.പിയുമായി അടുക്കുന്നത് തടയുകയാണ് മുസ്‌ലിം ലീഗും കോൺഗ്രസ്സും മറ്റു പ്രതിപക്ഷ കക്ഷികളും ചെയ്യുന്നത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ബി.ജെ.പിയുമായി അടുത്താൽ അവരുടെ കാലിനടിയിലെ മണ്ണാണ് ഒലിച്ചു പോകുക എന്ന അവർക്ക് നന്നായി അറിയാം.

കേരളത്തിൽ നിന്ന് ഇക്കുറി ബി.ജെ.പിക്ക് ലോക്‌സഭാംഗം ഉണ്ടാവുമോ

കേരളത്തിൽ അഞ്ചു മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് പ്രതീക്ഷയുള്ളത്. കേരളത്തിൽ പാർട്ടി വലിയ ശക്തിയായിട്ടുണ്ട്. അത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

കേരളത്തിൽ നിന്ന് ദേശീയ നേതാക്കൾ ജനവിധി തേടാൻ സാദ്ധ്യതയുണ്ടോ, കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

ഇല്ല, കേരളത്തിൽ നിന്ന് ദേശീയ നേതാക്കൾ മത്സര രംഗത്തുണ്ടാവില്ല. പ്രാദേശിക നേതാക്കൾ തന്നെയാവും സംസ്ഥാനത്ത് നിന്ന് ജനവിധി തേടുക.

താങ്കൾ എന്താണ് തെരഞ്ഞടുപ്പ് രാഷ്ടീയത്തിലേക്ക് വരാത്തത്.

നേരത്തെ ഞാൻ പാർട്ടിയുടെ ബൗദ്ധിക വിഭാഗത്തിന്റെ ദേശീയ കൺവീനറായിരുന്നു. ഇപ്പോൾ, സുഷമ സ്വരാജ് അദ്ധ്യക്ഷയായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അംഗമാണ്. അതിനാൽ, മുഴുവൻ സമയവും ഡൽഹി കേന്ദ്രീകരിച്ച് ദൈനംദിന പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരാൻ സാധിക്കില്ല.

Read More >>