വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെ പ്രതിരോധം

എഴുപതു വര്‍ഷമായി മുസ്ലിംലീഗ് ഇതേ പേരിലാണ് പ്രവര്‍ത്തിക്കുന്നത്. പേരുകൊണ്ടു തന്നെ സ്വീകാര്യമായ ഒരു പാര്‍ട്ടിയാണിത്. മതേതര സമൂഹത്തിന് ഒരുകാലത്തും അതൊരു പ്രതിബന്ധമായിട്ടില്ല. മുസ്ലീംലീഗിന്റെ ഭരണഘടന പരിശോധിച്ചാല്‍ അതിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് മതസാഹോദര്യം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതാണെന്ന് മനസ്സിലാകും. സ്വത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ പിന്നാക്ക, ദലിത്, ന്യൂനപക്ഷങ്ങളുടെ ഉയര്‍ച്ചക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലീഗിന്റെ നയം. അതുകൊണ്ടു തന്നെ സെക്യുലര്‍ സമൂഹത്തിന് ലീഗിനെ ഇന്നുവരെ സംശയിക്കേണ്ടി വന്നിട്ടില്ല. നിലപാടുകള്‍ മാറ്റേണ്ടിയും വന്നിട്ടില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റിയും കുസാറ്റും സംസ്‌കൃത, മലയാളം സര്‍വ്വകലാശാലകളുമൊക്കെ മുസ്്ലിംലീഗ് മന്ത്രിമാര്‍ അനുവദിച്ചത് സമുദായത്തിനു വേണ്ടിയായിരുന്നില്ല.

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെ പ്രതിരോധം

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ / ഷെരീഫ് സാഗര്‍

ര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം, ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി മുസ്ലിം യൂത്ത്ലീഗ് ശനിയാഴ്ച മുതല്‍ യുവജന പദയാത്ര സംഘടിപ്പിക്കുകയാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന യാത്ര കാസര്‍ക്കോട്ടുനിന്ന് ആരംഭിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഗുലാം നബി അസാദ്, എം.കെ സ്റ്റാലിന്‍, മണിശങ്കര്‍ അയ്യര്‍, നവജ്യോത് സിങ് സിദ്ദു, ജിഗ്നേശ് മേവാനി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കുന്ന പൊതുസമ്മേളനത്തോടെ ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും. യൂത്ത്ലീഗ് ഉയര്‍ത്തുന്ന പ്രമേയം സംബന്ധിച്ചും രാഷ്ട്രീയ ഇന്ത്യയുടെ വര്‍ത്തമാനത്തെക്കുറിച്ചും ജാഥാനായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തത്സമയത്തോട് സംസാരിക്കുന്നു.

വര്‍ഗ്ഗീയമുക്ത ഭാരതം എന്നതാണല്ലോ താങ്കള്‍ നയിക്കുന്ന ജാഥയുടെ മുദ്രാവാക്യം. എന്താണ് യൂത്ത്ലീഗ് മുന്നോട്ടുവെക്കുന്ന പരിഹാരം?

- ഒരു സാമൂഹ്യ മാറ്റത്തിനുള്ള സന്ദേശം എന്ന നിലയിലാണ് ഈ പ്രമേയം ഞങ്ങള്‍ വിശദീകരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ യുവസമൂഹം അനുഭവിക്കുന്ന വെല്ലുവിളികളില്‍ പ്രധാനം വര്‍ഗ്ഗീയതയാണ്. സൈബര്‍ ലോകത്തും പുറത്തും വര്‍ഗ്ഗീയത വളര്‍ത്താനുള്ള ശക്തികള്‍ പതിയിരിക്കുന്നുണ്ട്. വര്‍ഗ്ഗീയതയും അസഹിഷ്ണുതയുമുള്ള ഒരു സമൂഹത്തില്‍ സമാധാനവും വികസനവും ഉണ്ടാകില്ല. ഒരു പ്രൊഡക്ടീവ് സൊസൈറ്റി ഉണ്ടാകണമെങ്കില്‍ ഇന്ത്യ വര്‍ഗ്ഗീയമുക്തമാകണം.

വര്‍ഗ്ഗീയത ഉള്ളിലുള്ളവര്‍ക്ക് വിശാലമായി ചിന്തിക്കാനാവില്ല. അങ്ങനെയുള്ളവര്‍ക്ക് സ്വയം വളരാനും പ്രയാസമാകും. ഇന്ത്യയുടെ പൈതൃകം പാരസ്പര്യത്തിന്റേതായിരുന്നു. ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രം പ്രയോഗിക്കുന്നതു വരെയും ബഹുസ്വരതയില്‍ അഭിമാനിച്ചവരായിരുന്നു ഇന്ത്യക്കാര്‍. ഇന്ന് ഇന്ത്യ എല്ലാ മേഖലയിലും നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും വര്‍ഗ്ഗീയത ദേശീയ പുനര്‍ നിര്‍മ്മാണത്തിന് ഭീഷണിയാണ്. പരസ്പര ശത്രുത അവസാനിപ്പിച്ച് നല്ലൊരു സമൂഹത്തെ സൃഷ്ടിക്കാന്‍ യുവാക്കളെ പ്രാപ്തമാക്കുകയാണ് ഈ പ്രമേയത്തിന്റെ ലക്ഷ്യം.

മുസ്ലിം എന്ന പേരുവെച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ഈ മുദ്രാവാക്യം ഉയര്‍ത്താനുള്ള അര്‍ഹത എത്രത്തോളമുണ്ട്?

- എഴുപതു വര്‍ഷമായി മുസ്ലിംലീഗ് ഇതേ പേരിലാണ് പ്രവര്‍ത്തിക്കുന്നത്. പേരുകൊണ്ടു തന്നെ സ്വീകാര്യമായ ഒരു പാര്‍ട്ടിയാണിത്. മതേതര സമൂഹത്തിന് ഒരുകാലത്തും അതൊരു പ്രതിബന്ധമായിട്ടില്ല. മുസ്ലീംലീഗിന്റെ ഭരണഘടന പരിശോധിച്ചാല്‍ അതിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് മതസാഹോദര്യം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതാണെന്ന് മനസ്സിലാകും. സ്വത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ പിന്നാക്ക, ദലിത്, ന്യൂനപക്ഷങ്ങളുടെ ഉയര്‍ച്ചക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലീഗിന്റെ നയം. അതുകൊണ്ടു തന്നെ സെക്യുലര്‍ സമൂഹത്തിന് ലീഗിനെ ഇന്നുവരെ സംശയിക്കേണ്ടി വന്നിട്ടില്ല. നിലപാടുകള്‍ മാറ്റേണ്ടിയും വന്നിട്ടില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റിയും കുസാറ്റും സംസ്‌കൃത, മലയാളം സര്‍വ്വകലാശാലകളുമൊക്കെ മുസ്്ലിംലീഗ് മന്ത്രിമാര്‍ അനുവദിച്ചത് സമുദായത്തിനു വേണ്ടിയായിരുന്നില്ല. എല്ലാവര്‍ക്കും വേണ്ടിയാണ്. രാഷ്ട്ര പുനഃനിര്‍മ്മാണത്തിന്റെ മേഖലകളില്‍ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തലാണ് ലക്ഷ്യങ്ങളില്‍ പ്രധാനം.

ഫാസിസത്തിനെതിരായ ഒരു മൂവ്മെന്റ് എന്ന നിലയില്‍ ഈ യാത്ര എത്രത്തോളം ഫലവത്താകുമെന്നാണ് പ്രതീക്ഷ?

- നരേന്ദ്ര മോദിയുടെ ഭരണത്തില്‍ അസഹിഷ്ണുത കൊടികുത്തി വാഴുകയാണ്. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശം പോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നു. ബഹുസ്വരതയെ പാടെ ഇല്ലാതാക്കി ഏകസ്വരവും ഏകശിലാത്മകവുമായ ഒരു രാജ്യമുണ്ടാക്കുക എന്നതാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ലക്ഷ്യം വെക്കുന്നത്. ജനാധിപത്യത്തിലൂടെ ജനാധിപത്യത്തെ ഫാസിസം വിഴുങ്ങുന്ന രീതിയാണ് ഇന്ത്യയില്‍ കാണുന്നത്. വെറുപ്പിന്റെ ഈ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെ പ്രതിരോധം തീര്‍ക്കണം. അതൊരു വലിയ കടമ്പയാണ്. എന്നുകരുതി മിണ്ടാതിരിക്കാന്‍ മനുഷ്യസ്നേഹികള്‍ക്കു കഴിയില്ല. വിദ്വേഷമല്ല അഭിവൃദ്ധിയാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് തെളിയിക്കാന്‍ യുവാക്കള്‍ക്ക് കഴിയണം. ജനങ്ങള്‍ക്കു വേണ്ടത് വിദ്യയും തൊഴിലും ആരോഗ്യവുമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതസാഹചര്യം മെച്ചപ്പെടണം. രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വേണ്ടി ഉപയോഗിക്കണം.

അക്രമരഹിത കേരളം എന്ന മുദ്രാവാക്യം ആരെയാണ് ലക്ഷ്യം വെക്കുന്നത്? കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങളില്‍നിന്ന് മുസ്ലിം ലീഗിനു മാത്രമായി ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുന്നതെങ്ങനെ?

- അക്രമം ഒരു നയമായി മുസ്ലിംലീഗ് ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. എന്നാല്‍ അതൊരു നയവും പരിപാടിയുമായി കൊണ്ടുനടക്കുന്ന പാര്‍ട്ടികളാണ് സി.പി.എമ്മും ബി.ജെ.പിയും. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് അറിയാമല്ലോ. എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെയും ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെയുമൊക്കെ കൊലപ്പെടുത്തിയ രീതി തീര്‍ത്തും അപരിഷ്‌കൃതമായ ഒരു വിഭാഗത്തില്‍ മാത്രമേ സംഭവിക്കൂ. സി.പി.എമ്മിന്റെ പുരോഗമന പ്രസംഗങ്ങള്‍ നാട്യം മാത്രമാണെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. എതിരു നില്‍ക്കുന്നവരെ കൊല്ലാന്‍ തീരുമാനിക്കുന്നത് ആശയദാരിദ്ര്യം കൊണ്ടാണ്. സംഘ്പരിവാര്‍ ചെയ്യുന്നതും അതുതന്നെയാണ്. മതമായാലും രാഷ്ട്രീയമായാലും മനുഷ്യനെ സ്നേഹിക്കാനാണ് ആദ്യം പഠിപ്പിക്കേണ്ടത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നയാളാണല്ലോ. യൂത്ത്ലീഗിനോടും രാഷ്ട്രീയ പ്രവര്‍ത്തനത്തോടു തന്നെയും പുതിയ തലമുറ സ്വീകരിക്കുന്ന സമീപനങ്ങളെ എങ്ങനെയാണ് നിരീക്ഷിക്കുന്നത്?

- പുതിയ തലമുറ ഒരു വിര്‍ച്വല്‍ ലോകത്താണ്. അവരെ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തേക്ക് എത്തിക്കുക എന്നൊരു ദൗത്യം നിര്‍വ്വഹിക്കാനുണ്ട്. വൈറ്റ് ഗാര്‍ഡിലൂടെയും മറ്റും യൂത്ത്ലീഗ് അതാണു ചെയ്യുന്നത്. എന്നാല്‍ അവരുടെ സാമൂഹിക പ്രതിബദ്ധതയെ ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമില്ല. സമയം വരുമ്പോള്‍ ചെറുപ്പക്കാര്‍ നിലത്തിറങ്ങുമെന്നതിന്റെ തെളിവായിരുന്നു പ്രളയകാലത്തെ അവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍. ഒരു തലമുറയെയും എഴുതിത്തള്ളാന്‍ പാടില്ല.

അവസരം വരുമ്പോള്‍ അവര്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. സേവനത്തിന് കൂടുതല്‍ അവസരമുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ യൂത്ത്ലീഗിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട് എന്നതാണ് സോഷ്യല്‍ മീഡിയയിലെ പള്‍സ് പരിശോധിക്കുമ്പോള്‍ മനസ്സിലായിട്ടുള്ളത്.

മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത്ലീഗ് ഉയര്‍ത്തിക്കൊണ്ടുവന്ന സമരം ഈ യാത്രയിലും തുടരുമോ? ജലീലിനോടുള്ള വ്യക്തി വിദ്വേഷമാണ് ആരോപണത്തിനു പിന്നിലെന്ന ആക്ഷേപത്തോടുള്ള പ്രതികരണം?

-ജലീലിനോടല്ല, അഴിമതിയോടും സ്വജന പക്ഷപാതിത്വത്തോടുമാണ് യൂത്ത്ലീഗിന് വിരോധമുള്ളത്. അതുകൊണ്ടാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെയും യൂത്ത്ലീഗ് സമര രംഗത്തിറങ്ങിയത്. തോമസ് ചാണ്ടിയോട് യൂത്ത്ലീഗിന് എന്തെങ്കിലും വിരോധമുണ്ടായിട്ടായിരുന്നില്ല സമരം. ഇ.പി ജയരാജന്‍ നേരിട്ടതിനേക്കാള്‍ വലിയ ആരോപണങ്ങളാണ് കെ.ടി ജലീലിനെതിരെ ഉള്ളത്. അത് കേവലം ആരോപണങ്ങള്‍ മാത്രമല്ല. സംസാരിക്കുന്ന തെളിവുകളാണ്. വ്യക്തിവിരോധം എന്നൊക്കെ പറഞ്ഞ് യഥാര്‍ത്ഥ പ്രശ്നത്തെ വഴിതിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്.

യുവജന യാത്രയുടെ ഫലം എന്തായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്?

- വര്‍ഗ്ഗീയതയും അക്രമവും ഒരു യാത്ര കൊണ്ട് ഇല്ലാതാകുമെന്ന വ്യാമോഹം ഞങ്ങള്‍ക്കില്ല. പാര്‍ട്ടിയെ താഴെ തട്ടുമുതല്‍ ശക്തിപ്പെടുത്താനും യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനും ഈ യാത്രയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രമേയ വിശദീകരണം യൂത്ത്ലീഗിന് വെറും പ്രസംഗമല്ല. മതേതര കേരളത്തില്‍ അതിനോടുള്ള പ്രതിബദ്ധത പ്രവൃര്‍ത്തി കൊണ്ട് തെളിയിച്ച യുവജന സംഘടനയാണ് യൂത്ത്ലീഗ്. വര്‍ഗ്ഗീയതക്കെതിരെ എന്റെ പിതാവ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള മുസ്്ലിംലീഗ് നേതാക്കള്‍ സ്വീകരിച്ച ഉറച്ച നിലപാട് യൂത്ത്ലീഗ് പുതിയ തലമുറയിലേക്ക് പകരും. എല്ലാതരം പ്രതിലോമ രാഷ്ട്രീയ പ്രവണതകള്‍ക്കുമെതിരായ സമരമായിരിക്കും യുവജന യാത്ര.

ഡോ.എം.കെ മുനീര്‍ നയിച്ച 1988ലെ യുവജനയാത്രക്കു ശേഷം ഇതാദ്യമായാണ് അതേ പേരില്‍ ഒരു യാത്ര യൂത്ത്ലീഗ് സംഘടിപ്പിക്കുന്നത്. എന്താണ് ഇതേ പേരുതന്നെ തെരഞ്ഞെടുക്കാനുണ്ടായ കാരണം?

- അന്നത്തെ യുവജന യാത്ര ജനങ്ങള്‍ ഏറ്റെടുത്ത മഹാസംഭവമായിരുന്നു. യൂത്ത്ലീഗിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ആ സമരത്തെപ്പറ്റി പതിനായിരങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്നു യാത്രയില്‍ പങ്കെടുത്ത നേതാക്കളെല്ലാം ഇന്നും മുസ്്ലിംലീഗില്‍ സജീവമാണ്. മുനീര്‍ സാഹിബ് ഉയര്‍ത്തിയ ആ സമരവീര്യം വീണ്ടെടുക്കുക എന്നതും ഈ യാത്രയുടെ ലക്ഷ്യമാണ്. യാത്ര തുടങ്ങും മുമ്പെ പ്രവര്‍ത്തകരില്‍നിന്നു ലഭിച്ച സ്വീകാര്യത ഈയൊരു പേരിനു കൂടിയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

പിന്തുടര്‍ന്നു വന്നിരുന്ന ശൈലികളില്‍ യൂത്ത്ലീഗ് എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ? വൈറ്റ് ഗാര്‍ഡ് പരേഡുകളും മറ്റും എന്തു സന്ദേശമാണ് നല്‍കുന്നത്?

- ഒരിക്കലുമില്ല. വൈറ്റ് ഗാര്‍ഡ് നേരത്തെ ഉണ്ടായിരുന്നു. 1991ല്‍ കോഴിക്കോട് നടന്ന യൂത്ത്മീറ്റില്‍ ഒരു ലക്ഷം വൈറ്റ്ഗാര്‍ഡാണ് അണിനിരന്നത്. ഒരു പഞ്ചായത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 31 പേര്‍ മാത്രമുള്ള ചിട്ടയാര്‍ന്ന രീതിയില്‍ പരിശീലനം ലഭിച്ച വിഭാഗമാണ് വൈറ്റ് ഗാര്‍ഡ്. പരേഡ് നടത്താന്‍ മാത്രമല്ല, ദുരന്തനിവാരണ സേനയായും ഇവര്‍ പ്രവര്‍ത്തിക്കുന്നു. പ്രളയകാലത്ത് യൂത്ത്ലീഗ് വൈറ്റ് ഗാര്‍ഡുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നു. യുവജന യാത്രയിലും വൈറ്റ്ഗാര്‍ഡ് പരേഡുകളുണ്ടാകും.

യൂത്ത്ലീഗിന്റെ നേതൃനിരയിലെത്തിയ പലരും പില്‍ക്കാലത്ത് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമായിട്ടുണ്ട്. അങ്ങനെയൊരു മോഹം തങ്ങള്‍ക്കുണ്ടോ?

(ചിരിക്കുന്നു) പാണക്കാട് കുടുംബത്തിന്റെ രാഷ്ട്രീയം ഞാന്‍ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ജനങ്ങള്‍ ആഗ്രഹിക്കുന്ന കാലത്തോളം അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് പൂര്‍വ്വ പിതാക്കള്‍ ഞങ്ങളെ പഠിപ്പിച്ചത്. സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കാനും കഴിയുന്നത് ചെയ്തുകൊടുക്കാനും ശ്രമിക്കണമെന്നാണ് എന്റെ പിതാവ് പഠിപ്പിച്ചത്. യൂത്ത്ലീഗിന് ഊര്‍ജ്ജം പകരാന്‍ എന്റെ സേവനം ആവശ്യപ്പെട്ടപ്പോള്‍ സൗകര്യപ്പെടുന്നതുപോലെ കൂടെനില്‍ക്കുകയാണ് ചെയ്തത്. ജനങ്ങള്‍ക്ക് പരമാവധി ഉപകാരങ്ങള്‍ ചെയ്യാന്‍ പാര്‍ട്ടി ഉത്തരവാദിത്തങ്ങളിലൂടെ തന്നെ സാധിക്കുന്നു. അതു തുടരുക തന്നെ ചെയ്യും. മറ്റു കാര്യങ്ങളൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല.

Read More >>