ബി.ജെ.പി വിരോധത്തില്‍ ഇരുമുന്നണികള്‍ക്കും സമനിലതെറ്റി

പ്രത്യേക സാഹചര്യത്തിൽ ബി.ജെ.പിയുടെ അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാൻ പ്രസിഡന്റ് ചുമതല ഏറ്റെടുത്തത്. അതിന് ശേഷം സഹപ്രവർത്തകരുടെ നിറഞ്ഞ പിന്തുണയോടെയാണ് ഓരോ നേട്ടങ്ങളും പാർട്ടി ഉണ്ടാക്കിയിരിക്കുന്നത്. ബി.ജെ.പിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് കോൺഗ്രസ്സിന്റെ സംഘടിത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്

ബി.ജെ.പി വിരോധത്തില്‍  ഇരുമുന്നണികള്‍ക്കും   സമനിലതെറ്റി

കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും ശബരിമല യുവതീ പ്രവേശവും സംസ്ഥാനത്ത് പ്രചാരണായുധമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. കേരളത്തിൽ ഇത്തവണ ഒരു ലോക്‌സഭാ സീറ്റിലെങ്കിലും വിജയിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.

? ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയങ്ങൾ എന്തൊക്കെ?

= കേന്ദ്ര സർക്കാരിന്റെ വികസനനേട്ടങ്ങൾ മുൻനിർത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുക. 'നമുക്ക് വേണം മോദി ഭരണം, വീണ്ടും വേണം മോദി ഭരണം' എന്ന മുദ്രാവാക്യം ഉയർത്തി ജനങ്ങളെ സമീപിക്കാനാണ് തീരുമാനം. അന്ധമായ ബി.ജെ.പി വിരോധത്താൽ സമനിലതെറ്റിയ അവസ്ഥയിലാണ് ഇരുമുന്നണികളും. ഒരേ മുദ്രാവാക്യം ഉയർത്തിയാണ് ഇവർ കേരള യാത്ര നടത്തുന്നത്. ബി.ജെ.പി സർക്കാരിനെ താഴെ ഇറക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. ഈ നിലപാട് കാരണം കോൺഗ്രസ്സും സി.പി.എമ്മും നിലംപരിശായിരിക്കുകയാണ്.

രാജ്യത്ത് കോൺഗ്രസ്സിന്റെ ശവക്കുഴി തോണ്ടുന്നതാവും പൊതു തെരഞ്ഞെടുപ്പിലെ ജനവിധി. സി.പി.എമ്മിനും സി.പി.ഐക്കും സ്വന്തം തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ വോട്ട് ചെയ്യാനുള്ള അവസാന അവസരമാണ് വരാനിരിക്കുന്നത്. ഈ സാഹചര്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ആത്മപരിശോധന നടത്താൻ തയ്യാറാകണം. ജനാധിപത്യത്തെ അംഗീകരിക്കാതെ നിഷേധാത്മക നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. എല്ലാം ഫാസിസമാണെന്നും വർഗ്ഗീയതയാണെന്നും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ തരംഗം നിലനിൽക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ വൻനേട്ടമുണ്ടാക്കുമെന്ന ശുഭ പ്രതീക്ഷയുണ്ട്.

? ശബരിമല യുവതീ പ്രവേശം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമാകുമോ?

= ലാഭനഷ്ടം നോക്കാതെ വിശ്വാസികൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്ക് എടുത്തുചാടിയ ഏക രാഷ്ട്രീയപ്രസ്ഥാനമാണ് ബി.ജെ.പി. ഇന്നുവരെ ശബരിമലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ത്യാഗം അനുഭവിച്ചതായി കോൺഗ്രസ്സിന് അവകാശപ്പെടാൻ കഴിയില്ല. പാതിവഴിയിൽ സമരം ഉപേക്ഷിച്ച കോൺഗ്രസ് മാദ്ധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ അഴിച്ചുവിട്ട് ശബരിമല വിഷയം ഉപയോഗിക്കാനാണ് ശ്രമിച്ചത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ശൈലിയാണ് കോൺഗ്രസ് എന്നും സ്വീകരിച്ചിട്ടുള്ളത്.

ഈ നിലപാട് ഉപേക്ഷിക്കാൻ കോൺഗ്രസ് തയ്യാറാകണം. ശബരിമല വിഷയത്തിൽ സമരം നടത്തിയ ഞങ്ങളെ കോൺഗ്രസ് ഏറെ ഉപദ്രവിച്ചു. എന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് കോൺഗ്രസ് മാത്രമാണ്. സി.പി.എം പോലും ഇത്തരം ആവശ്യം ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സി.പി.എം വിശ്വാസികളെ കുത്തിമലർത്താൻ മുന്നിലൂടെ വന്നപ്പോൾ കോൺഗ്രസ് പിന്നിൽ നിന്നാണ് കുത്തിയത്. കൊടിപിടിച്ച് സമരം നടത്തില്ലെന്ന് പറഞ്ഞ കോൺഗ്രസ് ഒടുവിൽ ശബരിമല വിഷയത്തിൽ ജാഥ നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം.

? ശബരിമല വിഷയം വേണ്ട വിധത്തിൽ ഉപയോഗിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്ന് പാർട്ടിക്ക് അകത്ത് നിന്നും ഉയരുന്ന വിമർശനത്തോട് എങ്ങനെ പ്രതികരിക്കുന്നു

= ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. ശബരിമല പ്രശ്നം മുതലെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് അന്ന് കുറേ പേർ ആരോപണം ഉന്നയിച്ചപ്പോൾ ഇന്ന് മുതലെടുക്കാൻ കഴിഞ്ഞില്ലെന്ന് മറ്റൊരു കൂട്ടർ പറയുന്നു. രണ്ട് ആക്ഷേപങ്ങളും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ശബരിമല വിഷയത്തിൽ ബി.ജെ.പി തത്ത്വാധിഷ്ഠിതവും സുതാര്യവും സുസ്ഥിരവുമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രത്യേകമായ ആചാരാനുഷ്ഠാനങൾ കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ക്ഷേത്രമാണ് ശബരിമല. ക്ഷേത്രത്തെ തകർക്കാൻ സി.പി.എം എക്കാലത്തും ശ്രമിച്ചിട്ടുണ്ടെന്നതാണ് ചരിത്രം. ഈ അപകടം മനസ്സിലാക്കിയാണ് ഞങ്ങൾ വിശ്വാസികൾക്കൊപ്പം നിന്നത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് മുതലെടുപ്പ് നടത്തണമെന്ന ഒരു ദുരുദ്ദേശ്ശവും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല.

? ശബരിമല യുവതീപ്രവേശം ഉൾപ്പടെയുള്ള വിഷയങ്ങളിൽ എസ്.എൻ.ഡി.പി സ്വീകരിക്കുന്ന നിലപാടുകൾ ബി.ജെ.പിക്ക് തിരിച്ചടിയാകില്ലേ?

= എസ്.എൻ.ഡി.പിയുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാകില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയെ എതിർക്കുമെന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടുമില്ല. പോരാട്ടത്തിന്റെ പോർവഴികളിൽ സാഹസികമായി സമർപ്പണബോധത്തോടെ വെല്ലുവിളികൾ ഏറ്റെടുത്ത ഏക പ്രസ്ഥാനം ബി.ജെ.പി മാത്രമായിരുന്നു. മറ്റെല്ലാവരും കാപട്യത്തിന്റെ മുഖങ്ങളായി വിശ്വാസികളെ ചതിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഭൂരിഭാഗം സമുദായസംഘടനകളും ബി.ജെ.പിയെ അനുകൂലിക്കുമെന്നാണ് വിശ്വാസം. നവോത്ഥാനം പറഞ്ഞ് സി.പി.എം തങ്ങളെ ചതിച്ചെന്ന പരാതിയുമായി എസ്.എൻ.ഡി.പി രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ അതേ നിലപാട് തന്നെയാണ് എസ്.എൻ.ഡി.പിക്കുള്ളത്. ശബരിമല ആചാരം നിലനിർത്താൻ തെരുവിലിറങ്ങില്ലെന്ന് അവർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

? ബി.ജെ.പിയുമായി സി.പി.എം ധാരണ ഉണ്ടാക്കിയതായി കോൺഗ്രസ് നേതാക്കൾ ഉയർത്തിയ ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു?

= സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴുള്ള വേവലാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഈ ആരോപണം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് ഇത്. പെരിയയിൽ രണ്ട് പ്രവർത്തകരുടെ കൊലപാതകം നടന്നിട്ട് രാഹുൽ ഗാന്ധി പുറത്തിറക്കിയ പ്രസ്താവനയിൽ സി.പി.എമ്മാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാൻ തയ്യാറാകാത്തതിന്റെ കാരണം എന്താണ്. ഈ അരുംകൊലയുടെ പേരിൽ സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന് ദേശീയ നേതൃത്വം വ്യക്തമാക്കണം.

? വടക്കൻ കേരളത്തിലെ അക്രമരാഷ്ട്രീയത്തിൽ ഒരു ഭാഗത്ത് സി.പി.എമ്മും മറുഭാഗത്ത് ബി.ജെ.പിയുമാണ്. നാടിന്റെ സമാധാനജീവിതം ഉറപ്പുവരുത്താനും അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താനും ബി.ജെ.പി മുൻകൈ എടുക്കുമോ?

= ചെറുപ്പക്കാരുടെ മനസ്സിലേക്ക് അക്രമത്തിന്റെ വിത്തുകൾ വാരിവിതറുന്നത് സി.പി.എമ്മാണ്. സി.പി.എം ഒരു തീരുമാനമെടുത്താൽ സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കും. ഇതിനു തയ്യാറാണെങ്കിൽ മറുഭാഗത്ത് സംഘപരിവാർ പ്രസ്ഥാനങ്ങളെ ഈ കാര്യം ബോദ്ധ്യപ്പെടുത്താൻ ഞാൻ മുൻകൈ എടുക്കും. ആർ.എസ്.എസ്സും ബി.ജെ.പിയും ശക്തിപ്പെടുന്നതിന് മുമ്പാണ് അക്രമരാഷ്ട്രീയത്തിന്റെ പേരിൽ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടത്. ആ കാലഘട്ടത്തിലാണ് ആസിഡ് ബൾബും വാരിക്കുന്തവും എതിരാളികളെ കൊല്ലുന്ന ആയുധമായി സി.പി.എം ഉപയോഗിച്ച് തുടങ്ങിയത്.

കുടിവെള്ളത്തിൽ വിഷം കലർത്തുകയും കാർഷിക വിളകൾ നശിപ്പിക്കുകയും എല്ലാ അധാർമ്മിക പ്രവൃത്തികൾക്കും തുടക്കമിട്ടത് സി.പി.എമ്മാണ്. സി.പി.എമ്മിന്റെ അക്രമത്തിന് മുന്നിൽ ഓടിപ്പോകാതെ പോരാട്ടം നടത്തിയ ചരിത്രമാണ് ബി.ജെ.പിക്കുള്ളത്. ഈ കാരണത്താലാണ് എല്ലാ അക്രമങ്ങളിലും ഒരു ഭാഗത്ത് ബി.ജെ.പി വന്നത്. ചീമേനിയിലേത് ഉൾപ്പടെ സംസ്ഥാനത്ത് കോൺഗ്രസ് നിരവധി കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. സി.പി.എമ്മും കോൺഗ്രസ്സും കൊലപാതക രാഷ്ട്രീയത്തിൽ ഒരു പോലെ കുറ്റവാളികളാണ്. ന്യൂനപക്ഷ പ്രീണനം പറയുകയും ഷുക്കൂർ, ഫസൽ, ഷുഹൈബ് എന്നിവരെ കൊലപ്പെടുത്തുകയും ചെയ്തത് സി.പി.എമ്മാണ്. സ്റ്റാലിനിസം നെഞ്ചിലേറ്റി നടക്കുന്നവർക്ക് ഒരിക്കലും എതിരാളിയെ മാനിക്കാൻ കഴിയില്ല.

? പ്രസിഡന്റ് എന്ന നിലയിൽ ബി.ജെ.പിയിലെ എല്ലാ നേതാക്കളുടേയും പിന്തുണ ലഭിക്കുന്നില്ലെന്നുള്ള പരാതി ഉണ്ടോ?

= പ്രത്യേക സാഹചര്യത്തിൽ ബി.ജെ.പിയുടെ അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാൻ പ്രസിഡന്റ് ചുമതല ഏറ്റെടുത്തത്. അതിന് ശേഷം സഹപ്രവർത്തകരുടെ നിറഞ്ഞ പിന്തുണയോടെയാണ് ഓരോ നേട്ടങ്ങളും പാർട്ടി ഉണ്ടാക്കിയിരിക്കുന്നത്. ബി.ജെ.പിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് കോൺഗ്രസ്സിന്റെ സംഘടിത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ബി.ജെ.പിയുടെ ജനപിന്തുണയെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ആഭ്യന്തര പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്നത് തടയുകയാണ് കോൺഗ്രസ് ലക്ഷ്യം. ഇത് വെല്ലുവിളിയായി ബി.ജെ.പി ഏറ്റെടുത്തിട്ടുണ്ട്. ആറു മാസമായി പ്രസിഡന്റ് പദവി ഏറ്റെടുത്തിന് ശേഷം ഈ തരത്തിലുള്ള ഒരു വിമർശനം പോലും സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.