പത്രങ്ങൾ മാറ്റത്തിന് തയ്യാറാകണം

ഗൗരി ലങ്കേഷിന്റെ കൊലപാതകം ഒരു സന്ദേശമായിരുന്നു. നിങ്ങള്‍ എത്ര ചെറിയ സ്ഥാപനമാണെങ്കിലും എത്ര വലിയ സ്ഥാപനമാണെങ്കിലും ഞങ്ങളെ തുറന്നു കാണിച്ചാല്‍ ഇതായിരിക്കും അവസ്ഥ എന്ന സന്ദേശം. ഒരു ഗൗരിയെ കൊല്ലുന്നത് മറ്റു മാദ്ധ്യമപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ശബരിമലയില്‍ സ്ത്രീ മാദ്ധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത് അവര്‍ സ്ത്രീകളായതു കൊണ്ടു മാത്രമാണ്. അവര്‍ ജോലിയുടെ ഭാഗമായി ഒരു പ്രധാനപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു. ഇവര്‍ ആക്രമണത്തിനിരയായപ്പോള്‍ ഇനി വനിതാ മാദ്ധ്യപ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കേണ്ടതില്ല എന്ന് പല മാദ്ധ്യമങ്ങളും തീരുമാനിച്ചു

പത്രങ്ങൾ മാറ്റത്തിന് തയ്യാറാകണം

കല്പന ശർമ / മുഹമ്മദ് ഇർഷാദ്

നാലു പതിറ്റാണ്ടോളമായി മാദ്ധ്യമപ്രവർത്തനത്തിൽ സജീവമാണ് കല്പന ശർമ. ഇന്ത്യയിലെ ആദ്യകാല വനിതാ മാദ്ധ്യമപ്രവർത്തകരിൽ പ്രമുഖയായ അവർ ദ് ഹിന്ദു, ഇന്ത്യൻ എക്‌സ്പ്രസ്, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലി എന്നിവയുമായൊക്കെ ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. 2018 ഡിസംബർ മുതൽ സ്‌ക്രോൾഡോട്ട്ഇൻ (scroll.in)ന്റെ റീഡേഴ്‌സ് എഡിറ്ററായി പ്രവർത്തിക്കുന്നു. കോളമിസ്റ്റും ഗ്രന്ഥകാരിയും കൂടിയായ കല്പനയുമായി നടത്തിയ അഭിമുഖം.

സഹപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളെ മാദ്ധ്യമപ്രവർത്തകർ അപലപിക്കണമെന്ന് താങ്കൾ ഒരു ലേഖനത്തിൽ എഴുതിയിരുന്നു. സഹപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളിൽ മാദ്ധ്യമപ്രവർത്തകർ ഉദാസീനരാണെന്നാണോ

കഴിഞ്ഞ ഡിസംബറിൽ കിഷോർചന്ദ് വാങ്കെം എന്ന മണിപ്പൂരി മാദ്ധ്യമപ്രവർത്തകനെ ദേശസുരക്ഷാ കുറ്റം ചുമത്തി ജയിലലടച്ചിതിന്റെ പശ്ചാത്തലത്തിലാണ് ഞാനിങ്ങനെ പറഞ്ഞത്. ഫേയ്‌സ്ബുക്കിൽ മണിപ്പൂർ മുഖ്യമന്ത്രിയെ വിമർശിച്ചതിനാണ് ഇദ്ദേഹത്തെ ജയിലിലടച്ചത്. സഹപ്രവർത്തകർക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളിലും ഭരണകൂട നടപടികളിലും മാദ്ധ്യമപ്രവർത്തകർ കൂടുതൽ ജാഗ്രതയോടെ ഇടപെടണം. മാദ്ധ്യമപ്രവർത്തകരെ ഭരണകൂടവും ആൾക്കൂട്ടങ്ങളും വേട്ടയാടാൻ തുടങ്ങിയാൽ യഥാർത്ഥത്തിലുള്ള മാദ്ധ്യമപ്രവർത്തനം സാദ്ധ്യമാകില്ല. മാദ്ധ്യമങ്ങൾ ഭരണകൂടത്തോട് വിമർശനാത്മകമായ നിലപാട് സ്വീകരിക്കണം. അങ്ങനെ ചെയ്യുന്നവർ വേട്ടയാടപ്പെടുമ്പോൾ പ്രതിഷേധം ഉയർന്നില്ലെങ്കിൽ സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം മാത്രമല്ല ആവിഷ്ക്കാര സ്വാതന്ത്ര്യം തന്നെ ഇല്ലാതാകും.

ഗൗരി ലങ്കേഷിന്റെ വധംമുതല്‍ ശബരിമലയില്‍ വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട ആക്രമത്തിനിരയായതുവരെയുള്ള സംഭവങ്ങളെ എങ്ങനെയാണ് കാണുന്നത്

ഗൗരി ലങ്കേഷിന്റെ കൊലപാതകം ഒരു സന്ദേശമായിരുന്നു. നിങ്ങള്‍ എത്ര ചെറിയ സ്ഥാപനമാണെങ്കിലും എത്ര വലിയ സ്ഥാപനമാണെങ്കിലും ഞങ്ങളെ തുറന്നു കാണിച്ചാല്‍ ഇതായിരിക്കും അവസ്ഥ എന്ന സന്ദേശം. ഒരു ഗൗരിയെ കൊല്ലുന്നത് മറ്റു മാദ്ധ്യമപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ശബരിമലയില്‍ സ്ത്രീ മാദ്ധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത് അവര്‍ സ്ത്രീകളായതു കൊണ്ടു മാത്രമാണ്. അവര്‍ ജോലിയുടെ ഭാഗമായി ഒരു പ്രധാനപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു. ഇവര്‍ ആക്രമണത്തിനിരയായപ്പോള്‍ ഇനി വനിതാ മാദ്ധ്യപ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കേണ്ടതില്ല എന്ന് പല മാദ്ധ്യമങ്ങളും തീരുമാനിച്ചു. സ്ത്രീകള്‍ക്ക് സ്ത്രീസംബന്ധ വിഷയം മാത്രമല്ല രാഷ്ട്രീയവും സ്‌പോര്‍ട്‌സും കലാപവും മറ്റു അന്താരാഷ്ട്ര വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് വര്‍ഷങ്ങളുടെ പോരാട്ടം കൊണ്ടാണ് ഞങ്ങള്‍ തെളിയിച്ചത്. എന്നാല്‍ ഇതിനെയല്ലാം റദ്ദ് ചെയ്യുന്നതായിരുന്നു ശബരിമലയില്‍ ജോലി ചെയ്യാെത്തിയ വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍.

ഇന്ത്യന്‍ മാദ്ധ്യമ മേഖലയിലെ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി പറയാമോ?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ രംഗത്ത് വലിയ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷാ മാദ്ധ്യമങ്ങളിലാണ്. 40 വര്‍ഷത്തിലധികമായി ഞാന്‍ ഈ മേഖലയിലുണ്ട്. ഞാന്‍ ജോലി ആരംഭിക്കുന്ന കാലത്ത് വളരെ ചുരുക്കം സ്ത്രീകളേ ഉണ്ടായിരുന്നുള്ളൂ. അതും എഡിറ്റിങ് സംബന്ധമായ ജോലികളില്‍. 80കളുടെ അവസാനത്തിലാണ് ചെറിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നത്. സ്ത്രീകള്‍ റിപ്പോര്‍ട്ടിങ് മേഖലയിലൊക്കെ എത്തിത്തുടങ്ങി. അവര്‍ രാഷ്ട്രീയം ഉള്‍പ്പടെ ഗൗരവമുള്ള വിഷയങ്ങളെ സമീപിക്കാന്‍ ആരംഭിച്ചു. 90കളില്‍ വനിതകള്‍ സ്‌പോര്‍ട്‌സ് മേഖലയിലേക്കും എത്തി. തുടക്കത്തില്‍ നാലോ അഞ്ചോ പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വനിതകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു മേഖലയുമില്ല. മാദ്ധ്യമ മേഖലയില്‍ ഡിജിറ്റല്‍ രംഗത്തുണ്ടായ കുതിച്ചു ചാട്ടവും സ്ത്രീകള്‍ക്ക് നിരവധി അവസരങ്ങള്‍ തുറന്നു. അതേസമയം പ്രാദേശിക ഭാഷാ മാദ്ധ്യമപ്രവര്‍ത്തന മേഖലയില്‍ പ്രാധാന്യമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നത് വനിതകള്‍ക്ക് ഇന്നും അപ്രാപ്യമാണ്. ഗൗരവമുള്ള വിഷയങ്ങള്‍ പുരുഷന്മാര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഇന്നും പലരും കരുതുന്നത്. ഇതിനുള്ള ഒരു പ്രധാന കാരണം മിക്ക മാദ്ധ്യമങ്ങളുടെയും ഉടമകളും എഡിറ്റര്‍മാരും പുരുഷന്മാരാണ് എന്നതാണ്.

പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെക്കുറിച്ചുള്ള വാര്‍ത്ത തയ്യാറാക്കുമ്പോള്‍ വളരെ സൂക്ഷമത പുലര്‍ത്തണമെന്ന നിലപാടാണല്ലോ താങ്കള്‍ക്കുള്ളത്?

അതെ, തീര്‍ച്ചയായും. കുറച്ചു മുമ്പ് ദലിത് എന്ന് പ്രയോഗിക്കുന്നതിനെക്കുറിച്ച് ഞാനൊരു ലേഖനമെഴുതിയിരുന്നു. ഏതാനും മാസം മുമ്പ് ദലിത് എന്ന വാക്ക് ഉപയോഗിക്കരുത് മറിച്ച് പട്ടിക ജാതി/ പട്ടിക വർഗ്ഗമെന്നോ ആണ് ഉപയോഗിക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരു ഉത്തരവിറക്കി. ഒരാളെ ദലിത് എന്ന് വിശേഷിപ്പിക്കുമ്പോള്‍ അത് അയാള്‍ക്ക് സമ്മതമാണോ എന്നറിയണം. ഒരാള്‍ പട്ടിക ജാതിയോ പട്ടിക വർഗ്ഗമോ ആണെന്നു കരുതി നിങ്ങള്‍ക്ക് അയാളെ ദലിത് എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. ദലിത് എന്ന് വിശേഷിപ്പിക്കപ്പെടുന്നതില്‍ വിയോജിപ്പുള്ള പലരെയും എനിക്ക് അറിയാം. അംബേദ്കറെ പോലും ദലിത് ചിന്തകന്‍ എന്നു പറയരുത് എന്ന് അഭിപ്രായമുള്ളവരുണ്ട്. കാരണം അംബേദ്കര്‍ ദലിത് എന്നതിനുമപ്പുറം നില്‍ക്കുന്ന ഒരാളാണ്. ഒരാള്‍ ഒരു അപകടത്തില്‍ പെടുന്നു. സംഗതിവശാല്‍ അയാള്‍ ഒരു ദലിതനാണ്. അയാളുടെ ദലിത് പശ്ചാത്തലത്തിന് ഇവിടെ പ്രസക്തിയൊന്നുമില്ലെങ്കില്‍ അത് വാര്‍ത്തയിൽ ഉപയോഗിക്കേണ്ട കാര്യമില്ല. മറ്റൊരു വിഷയം പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മാദ്ധ്യമങ്ങള്‍ എത്ര പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതാണ്.

താങ്കള്‍ എഴുതിയ റീഡിസ്‌കവറിങ് ദാരാവി: സ്‌റ്റോറീസ് ഫ്രം ഏഷ്യാസ് ലാര്‍ജെസ്റ്റ് സ്ലം (ദാരാവിയെ കണ്ടെത്തല്‍: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ നിന്നുള്ള കഥകള്‍) എന്ന പുസ്തകം വളരെ ശ്രദ്ധേയമാണ്. എങ്ങനെയായിരുന്നു ഈ പുസ്തകത്തിന്റെ രചനയിലേക്കെത്തുന്നത്?

മുംബൈയില്‍ നിരവധി വര്‍ഷങ്ങള്‍ ചെലവഴിച്ചിട്ടുള്ള ആളാണ് ഞാന്‍. തൊഴില്‍ സംബന്ധമായും കുറേക്കാലം ഞാന്‍ മുംബൈയിലുണ്ടായിരുന്നു. മുംബൈയിലെ ജനസംഘ്യയുടെ പകുതിയും ദരിദ്രരാണെന്ന് മനസ്സിലാക്കണം. 1981ലാണ് ഞാന്‍ ചേരിപ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത്. ആ വര്‍ഷം തണുപ്പ് കാലത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നിരവധി ചേരി പ്രദേശങ്ങള്‍ മുംബൈ സര്‍ക്കാര്‍ പൊളിച്ചു മാറ്റി. അവിടെ താമസിച്ചിരുന്നവരോട് സ്വന്തം നാട്ടിലേക്ക് പോയിക്കൊള്ളുവാന്‍ ആവശ്യപ്പെട്ടു. ഇത് വളരെ ക്രൂരമായ ഒരു നടപടിയായിരുന്നു. നഗരത്തിലെ പല അടിസ്ഥാന ജോലികളും നിര്‍വ്വഹിക്കുന്നത് ചേരിനിവാസികളാണ്. എന്നാല്‍ അവരെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അങ്ങനെയിരിക്കുമ്പോളാണ് നഗരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ പെന്‍ഗ്വിന്‍ ബുക്‌സ് എന്നോട് ആവശ്യപ്പെടുന്നത്. അങ്ങനെയാണ് ദാരാവിയെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചത്.

തീവ്രവാദം സ്ത്രീകളുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് താങ്കള്‍ എഴുതിയിട്ടുണ്ട്. എങ്ങനെയാണ് തീവ്രവാദം സ്ത്രീകളെയും കുട്ടികളെയുമൊക്കെ ബാധിക്കുക?

തീവ്രവാദം സ്ത്രീകളുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ളതാണ് ടെറര്‍ കൊണ്ടര്‍ ടെറര്‍: വിമിന്‍ സ്പീക്ക് ഔട്ട് (തീവ്രവാദം പ്രതി തീവ്രവാദം: സ്ത്രീകള്‍ തുറന്നു സംസാരിക്കുന്നു) എന്ന പുസ്തകം. ഞാനും അമ്മു ജോസഫും ചേര്‍ന്നാണ് ഇത് തയ്യാറാക്കിയത്. സംഘര്‍ഷമായാലും യുദ്ധമായാലും തീവ്രവാദമായാലും അത് അവസാനം ചെന്നെത്തുക സ്ത്രീകളിലാണ്.

അച്ചടി മാദ്ധ്യമ രംഗത്തുനിന്ന് ഡിജിറ്റല്‍ മാദ്ധ്യമ രംഗത്തേക്കുള്ള മാറ്റത്തിനിടയില്‍ ഇന്ത്യയുടെ ഭാവി മാദ്ധ്യമപ്രവര്‍ത്തനം പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇടമായി മാറും എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഇത്രയും കാലം ഞാന്‍ അച്ചടി മാദ്ധ്യമങ്ങളിലായിരുന്നു. നിലവിലെ റീഡേഴ്‌സ് എഡിറ്റര്‍ എന്ന നിലയിലുള്ള എന്റെ ചുമതല വായനക്കാരുമായി ആശയവിനിമയം നടത്തുക എന്നതാണ്. വാര്‍ത്തകള്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന നിലവാരമുണ്ടോ, അവര്‍ എന്ത് ചിന്തിക്കുന്ന തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തണം. അത് എന്റെ പഴയ തൊഴിലുമായി വളരെ വ്യത്യസ്തമാണ്. എന്റെ അനുഭവത്തില്‍, ഇന്ത്യയില്‍ ഒരേസമയം അച്ചടി മാദ്ധ്യമങ്ങളും ഡിജിറ്റല്‍ മാദ്ധ്യമങ്ങളും പിടിച്ചു നില്‍ക്കുമെന്നാണ് തോന്നുന്നത്. ഞാന്‍ സാക്ഷരതാ മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പുതുതായി വായിക്കാന്‍ പഠിച്ചവര്‍ ആദ്യം വായിക്കാനാഗ്രഹിക്കുന്നത് അച്ചടിച്ച ഒരു കടലാസായിരുന്നു. അച്ചടിച്ച അക്ഷരങ്ങള്‍ക്ക് വിശ്വാസ്യതയും ആധികാരികതയുമുള്ളതായി ആളുകള്‍ കരുതുന്നു. മാത്രവുമല്ല, പ്രാദേശിക പത്രങ്ങള്‍ക്ക് ഡിജിറ്റല്‍ മാദ്ധ്യമങ്ങള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ നിലവിലുള്ള പത്രങ്ങള്‍ നിരന്തരമായ മാറ്റത്തിനു തയ്യാറാകേണ്ടി വരും.

Read More >>