കെ.പി.എം.ജി യുടെ സേവനം സൗജന്യമാണ്

പദ്ധതികളും ആശയങ്ങളുമെല്ലാം നമ്മുടെ കൈവശമുണ്ട്. അതിനെക്കുറിച്ചെല്ലാം നമുക്ക് നല്ല ധാരണയുമുണ്ട്. എന്നാല്‍ ഇതൊക്കെ ഉണ്ടായതു കൊണ്ട് നമുക്ക് ഒരു ധനകാര്യ സ്ഥാപനത്തിലും പണത്തിനായി പോകാന്‍ കഴിയില്ല. നമ്മുടെ ആശയങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങളും പദ്ധതി വിശകലന സങ്കേതങ്ങളും ഉപയോഗിച്ച് ഔപചാരിക പദ്ധതി രേഖകളാക്കി മാറ്റേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു കര്‍ത്തവ്യമാണ് കെ.പി.എം.ജി ചെയ്യുന്നത്.

കെ.പി.എം.ജി യുടെ സേവനം സൗജന്യമാണ്

നോട്ടുനിരോധനത്തിന്റെ രണ്ടാംവാര്‍ഷികം കഴിഞ്ഞ ദിവസം കടന്നു പോയി. നോട്ടു നിരോധനം സൃഷ്ടിച്ച ഭവിഷ്യത്തുകളെക്കുറിച്ച് നമുക്കറിയാം. താങ്കളുടെ അഭിപ്രായത്തില്‍ നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു നേട്ടമെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ?

ദീര്‍ഘകാലം നിലനില്‍ക്കുന്നു ഒരു നേട്ടവും നോട്ടുനിരോധനം ഉണ്ടാക്കിയിട്ടില്ല. ഒന്നാമതായി എടുത്തു പറയാവുന്ന ഒരു നേട്ടം നിലവിലുണ്ടായിരുന്ന കള്ളനോട്ടുകള്‍ ഇല്ലാതായി എന്നതാണ്. പക്ഷെ റിസര്‍വ്വ് ബാങ്ക് രേഖകളില്‍ തന്നെ പറയുന്നത് ഇന്ത്യയിലെ കള്ളനോട്ടിന്റെ അളവ് അത്ര ഭീകരമെന്നുമല്ലായെന്നാണ്. ഇപ്പോള്‍ പുതിയ കറന്‍സിയിലും വ്യാജന്മാര്‍ വന്നു. അതാണ് നിലനില്‍ക്കുന്ന ഒരു നേട്ടവും നോട്ടുനിരോധനം ഉണ്ടാക്കിയിട്ടില്ല എന്നു പറഞ്ഞത്. കുറേ കള്ളനോട്ടുകള്‍ ബാങ്കുകള്‍ തന്നെ വെളുപ്പിച്ചു.

രണ്ടാമതായി പറഞ്ഞത് കള്ളപ്പണം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ്. എന്നാല്‍ കള്ളപ്പണമൊന്നും പിടിക്കാന്‍ പറ്റിയിട്ടില്ല. എല്ലാം വെളുപ്പിക്കപ്പെട്ടു. നികുതിവരുമാനത്തില്‍ വര്‍ദ്ധനവുണ്ടായി എന്നു വേണമങ്കില്‍ പറയാം. യഥാര്‍ത്ഥത്തില്‍ 2007-08 വര്‍ഷങ്ങളില്‍ ഏതാണ്ട് 3550 ശതമാനം എന്ന കണക്കിലാണ് പ്രത്യക്ഷ നികുതി വരുമാന വര്‍ദ്ധനവുണ്ടായിരുന്നത്. ആ സ്ഥാനത്ത് ഇപ്പോള്‍ 18 ശതമാനമേ വര്‍ദ്ധനവുള്ളൂ. അപ്പോള്‍ നികുതി വരുമാന വര്‍ദ്ധനവ് കുറയുകയാണ് ചെയ്തത്. അതേസമയം നോട്ടുനിരോധനം സൃഷ്ടിച്ച ആഘാതം ചെറുതല്ല. അത് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്കേറ്റ കനത്ത പ്രഹരമായിരുന്നു നോട്ടുനിരോധനം. കേന്ദ്രസര്‍ക്കാര്‍ പോലും അതിനെക്കുറിച്ച് തര്‍ക്കിക്കാന്‍ നില്‍ക്കുന്നില്ല. രാജ്യത്തെ അസംഘടിത മേഖല തകര്‍ന്നു. ചരക്കുകള്‍ വില്കാന്‍ കഴിയാതെ കെട്ടിക്കിടക്കുകയായിരുന്നു. ചെറുകിട, അംസഘടിത മേഖലകള്‍ ഇനി ഉയര്‍ന്നു വരണമെങ്കില്‍ അവര്‍ക്ക് വലിയ സഹായം ആവശ്യമാണ്. കേന്ദ്രസര്‍ക്കാറിനു പോലും അതു മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ചെറുകിട-ഇടത്തം വ്യവസായ സ്ഥാപനങ്ങള്‍ക്കു വേണ്ടി പുതിയ ലോണ്‍ അനുവദിച്ചിരിക്കുന്നത്.

പ്രളയാന്തരമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കെ.പി.എം.ജി എന്താണ് ചെയ്യുക എന്നതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായ ഒരു ധാരണ ലഭിച്ചിട്ടില്ല. എന്തായിരിക്കും നവകേരള നിര്‍മ്മിതിയില്‍ കെ.പി.എം.ജി വഹിക്കുന്ന പങ്ക്?

പദ്ധതികളും ആശയങ്ങളുമെല്ലാം നമ്മുടെ കൈവശമുണ്ട്. അതിനെക്കുറിച്ചെല്ലാം നമുക്ക് നല്ല ധാരണയുമുണ്ട്. എന്നാല്‍ ഇതൊക്കെ ഉണ്ടായതു കൊണ്ട് നമുക്ക് ഒരു ധനകാര്യ സ്ഥാപനത്തിലും പണത്തിനായി പോകാന്‍ കഴിയില്ല. നമ്മുടെ ആശയങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങളും പദ്ധതി വിശകലന സങ്കേതങ്ങളും ഉപയോഗിച്ച് ഔപചാരിക പദ്ധതി രേഖകളാക്കി മാറ്റേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു കര്‍ത്തവ്യമാണ് കെ.പി.എം.ജി ചെയ്യുന്നത്. ഇത് കെ.പി.എം.ജി അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ വഴി ചെയ്യാന്‍ നാം ബാദ്ധ്യസ്ഥരാണ്. അപ്പോള്‍ കെ.പി.എം.ജി സൗജന്യമായി ചെയ്തു തരാമെന്നു പറഞ്ഞപ്പോള്‍ അതു സ്വീകരിക്കുകയായിരുന്നു. ഇവിടെ എന്താണ് ചെയ്യുക എന്നത് തീരുമാനിക്കുക കേരള സര്‍ക്കാറും സര്‍ക്കാര്‍ സമിതികളുമായിരിക്കും.

ആഗോള കുത്തക എന്ന നിലയില്‍ കെ.പി.എം.ജിക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടാകില്ലേ?

സര്‍ക്കാറിന്റെ ആവശ്യപ്രകാരം പദ്ധതി രേഖകള്‍ തയ്യാറാക്കുക എന്നല്ലാതെ അവര്‍ ഒരിക്കലും നടത്തിപ്പുകാരായി മാറുന്നില്ല. പദ്ധതിയുടെ രൂപരേഖ തയ്യാറായാല്‍ തുറന്ന ടെന്‍ഡര്‍ വഴിയായിരിക്കും നടത്തിപ്പുകാരെ കണ്ടെത്തുക. അതെല്ലാം നടപ്പിലാക്കുക സര്‍ക്കാര്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും.

സാമ്പത്തിക രംഗം അടച്ചുപൂട്ടുന്ന യു.എസ്സിലെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട് ആഗോള സാമ്പത്തിക രംഗത്ത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് താങ്കള്‍ വിമര്‍ശിച്ചിരുന്നു. യു.എസ്സിന്‍െ സാമ്പത്തിക നയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഏതൊക്കെ രീതിയിലായിരിക്കും കേരളത്തെ ബാധിക്കുക?

ഒന്നാമതായി യു.എസ്സിലെ പലിശ നിരക്ക് അവര്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ അമേരിക്കന്‍ ബോണ്ടുകള്‍ക്ക് പ്രിയമേറും. അപ്പോള്‍ നമ്മുടെ നാട്ടില്‍ നിക്ഷേപിച്ചിട്ടുള്ള ഡോളര്‍ അമേരിക്കയിലേക്ക് തിരിച്ചൊഴുകും. ഇത് രൂപയുടെ മൂല്യത്തെ ഇടിക്കാം. അപ്പോള്‍ കേരളത്തെയടക്കം ഇതു ബാധിക്കും. രണ്ടാമതായി ഇറുക്കുമതിയില്‍ അമേരിക്ക കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയാണ്. ഉദാഹരണത്തിന് തുണിയുടെ കയറ്റുമിതിയില്‍ അവര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. വലിയ അളവിലല്ലെങ്കിലും കേരളത്തില്‍ നിന്നും അമേരിക്കയിലക്ക് തുണി കയറ്റുമതി ചെയ്യുന്നുണ്ട്. ഈ കയറ്റുമതിയെ ഇതു ബാധിക്കും. നമ്മുടെ കശുവണ്ടി പരിപ്പിന്റെ ഏറ്റവും വലിയ വിപണി അമേരിക്കയാണ്. അമേരിക്ക നമുക്കെതിരെ ഒരു പ്രത്യേക ചുങ്കം വെച്ചു കഴിഞ്ഞാല്‍ നമ്മുടെ കശുവണ്ടി പരിപ്പ് ആരും അവിടെ ആരും വാങ്ങാതെയാകും. ബ്രസീലില്‍ നിന്നോ വിയറ്റ്നാമില്‍ നിന്നോ ഉള്ള കശുവണ്ടി വിലക്കുറവില്‍ എത്തുകയാണെങ്കില്‍ ആളുകള്‍ അതായിരിക്കും വാങ്ങിക്കുക.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിരുന്നല്ലോ. 10 കോടി രൂപ മതിയായ തുകയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

യഥാര്‍ത്ഥത്തില്‍ 10 കോടിയല്ല കൊടുത്തിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ പാക്കേജ് വലിയ ഒരു പദ്ധതിയാണ്. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതിന് പണം ഒരു പരിധിയായി വെച്ചിട്ടില്ല.

എന്തുകൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ മുഴുവന്‍ അസുഖ ബാധിതരെയും ഏറ്റെടുക്കാനും അവരുടെ ചികില്‍സയും പുനരധിവാസം ഉറപ്പു വരുത്താനും മാറിവരുന്ന സര്‍ക്കാറുകള്‍ തയ്യാറാകാത്തത്?

എന്‍ഡാസള്‍ഫാന്‍ ബാധിതര്‍ക്ക് നല്‍കേണ്ട പെന്‍ഷനെക്കുറിച്ചും അവര്‍ക്കു നല്‍കേണ്ട ചികില്‍സയെക്കുറിച്ചുമെല്ലാം കൃത്യമായ തീരുമാനങ്ങളുണ്ട്. അത് സമയബന്ധിതമായി നടപ്പാക്കുന്നുണ്ട്. പണം ഇല്ല എന്നു കരുതി ഒരു കാര്യവും എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ധനകാര്യവകുപ്പ് മുടക്കം വരുത്തിയിട്ടില്ല. എന്നാല്‍ ഇതു ദുരിതബാധിതരിലേക്ക് എത്തുന്നതിന് കാലതാമസം നേരിടുന്നുണ്ടെങ്കില്‍ അത് പദ്ധതി നടപ്പില്‍ വരുത്തുന്നതിലെ പോരായ്മകള്‍ കൊണ്ടാകാം