എ.കെ.ജിയുടെ ഉറപ്പ്, ഇ.എം.എസിന്റെ തിരുത്തും കെ.കരുണാകരന്റെ നടപടിയും

ആദ്യകാലങ്ങളിൽ മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡങ്ങളുടെയും അതുവഴി ലോക്സഭയുടെയും വിജയം കർണാടക സമിതിയെ ആശ്രയിച്ചായിരുന്നു

എ.കെ.ജിയുടെ ഉറപ്പ്, ഇ.എം.എസിന്റെ തിരുത്തും കെ.കരുണാകരന്റെ നടപടിയും

നാരായണൻ കരിച്ചേരി

കാസർകോട്: കമ്മ്യൂണിസ്റ്റ് നേതാവായ എ.കെ.ജിയുടെ ഉറപ്പും പിന്നീട് ഇ.എം.എസിന്റെ തിരുത്തും കാസർകോട് ജില്ലയിലെ കർണാടക ലയനവാദവുമായി ബന്ധപ്പെട്ട പഴയ തെരഞ്ഞെടുപ്പ് കാല ചരിത്രത്തിലെ പ്രധാന സംഭവമാണ്. കാസർകോട് ലയന വാദം സംബന്ധിച്ച, ജസ്റ്റിസ് മിർഛന്ദ് മഹാജൻ കമ്മിഷൻ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുമുണ്ട്.

തെരഞ്ഞെടുപ്പിന്റെ ആദ്യകാലങ്ങളിൽ മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡങ്ങളുടെയും അതുവഴി ലോകസഭയുടെയും വിജയം കർണാടകസമിതിയെ ആശ്രയിച്ചായിരുന്നു. എന്നാൽ, നേതാക്കൾ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് മാത്രമല്ല, 1984 മേയ് 28ന് മുഖ്യമന്ത്രി കെ.കരുണാകരൻ കാസർകോട് ജില്ല രൂപീകരിച്ച് കർണാടക സമിതിയുടെ വാദം അടഞ്ഞ അദ്ധ്യായമാണെന്നു പ്രഖ്യാപിച്ചു. പഴയ മദ്രാസ് സംസ്ഥാനത്തിലെ സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു, കേരളം രൂപീകരണം വരെയും ഇന്നത്തെ കാസർകോട് ജില്ല. സംസ്ഥാന പുനർനിർണ്ണയത്തിനുശേഷം, കർണാടക ലയന വാദം സജീവമായതിനാൽ തെരഞ്ഞെടുപ്പ് കാലത്ത് വിവാദം ശക്തമാവുകയും വാഗ്ദാനങ്ങളും ചർച്ചകളും മുറക്ക് നടക്കുകയും ചെയ്തിരുന്നു. എ.കെ.ജി (എ.കെ.ഗോപാലൻ), ഇ.എം.എസ് അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും കാമരാജ്, പട്ടംതാണുപിള്ള, കെ.ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള പഴയകാല കോൺഗ്രസ്, പ്രജാസോഷ്യലിസ്റ്റ് പാർട്ടി നേതാക്കളും പലപ്പോഴായി കർണാടകസമിതിക്ക് കാസർകോടിനെ കർണാടകത്തിൽ ലയിക്കുന്നതിന് ആവശ്യമായ സഹായം നൽകുമെന്ന് ഉറപ്പ് നൽകി.

സി.പി.എം നേതാവ് എം.രാമണ്ണറൈ, കോൺഗ്രസ് ഐ നേതാവ് ഐ.രാമറൈ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരുമായും കർണാടക-കേരള മുഖ്യമന്ത്രിമാരുമായും ചർച്ചനടന്നെങ്കിലും ഫലമുണ്ടായില്ല. 1952ൽ കാസർകോട് എം.എൽ.എയായിരുന്ന മുസ്ലിം ലീഗിലെ എം.എസ്.മൊഗ്രാൽ ആണ് മദ്രാസ് അസംബ്ലിയിൽ കാസർകോട് താലൂക്ക് കർണാടകയുടെ ഭാഗമാണെന്ന് കാണിച്ച് ആദ്യം ഔദ്യോഗികമായി നിവേദനം നൽകി ചർച്ച നടത്തിയത്. 1957 മുതൽ 1967 വരെയുള്ള എല്ലാനിയമസഭ, ലോകസഭ തെരഞ്ഞുടപ്പുകളിലും കർണാടക സമിതിയുടെ സ്വാധീനം പ്രബലമായിരുന്നു. 1957 ൽ ആദ്യമായി മഞ്ചേശ്വരം മണ്ഡലത്തിൽനിന്നും അഡ്വ. ഉമേശ്‌റാവു കേരള നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതും കർണാടക സമിതി നേതാവെന്ന നിലയിലാണ്.

1952 ൽ ഇ.എം.എസ് പ്രസിദ്ധീകരിച്ച 'കേരളത്തിന്റെ ദേശിയ പ്രശ്‌നങ്ങൾ' എന്ന പുസ്തകത്തിൽ സൗത്ത് കാനറ ജില്ലയുടെ ഭാഗമായ കാസർകോട് താലൂക്കിന്റെ പകുതി ഭാഗം കർണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നു വ്യക്തമാക്കുന്നുണ്ട്. പകുതി ഭാഗം മാത്രമാണ് കേരളത്തിന്റെ ഭാഗമെന്നും പറയുന്നു. ഈ ഭാഗം കർണാടകത്തിൽ ലയിപ്പിക്കുന്നതിൽ എനിക്ക് എതിരപ്രായമില്ലെന്നും ഇ.എം.എസ് വ്യക്തമാക്കി. എന്നാൽ, 1966 ഒക്ടോബർ ആദ്യവാരം ഇറങ്ങിയ നവയുഗം വാരികയിലെ ലേഖനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായ സി.അച്യൂതമേനോൻ വാദം നിഷേധിക്കുന്നു. അതു തെറ്റായ വാദമാണെന്നും കേരള-മൈസൂർ വാദമെന്നൊന്നില്ലെന്നും, പുതിയ വാദമെന്നുമായിരുന്നു അച്യൂതമേനോന്റെ അഭിപ്രയം. ഇ.എം.എസ്. മുഖ്യമന്ത്രിയായിരുന്ന രണ്ടുഘട്ടത്തിലും മുൻഅഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയും, തനിക്കിപ്പോൾ സ്വതന്ത്രമായി തീരുമാനമെടുക്കാനാവില്ലെന്നും ഒരു കൂട്ടുകക്ഷി സർക്കാരിന്റെ മുഖ്യമന്ത്രി മാത്രമാണെന്നും വ്യക്തമാക്കുന്നുണ്ട്. 1957ലെ തെരഞ്ഞെടുപ്പിൽ 5145 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച എ.കെ.ഗോപാലന്റെ 1967 ലെ ഭൂരിപക്ഷം 118510 ആയത് കർണാടകസമിതിക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു.

പിന്നീട് എ.കെ.ജിയുടെ പകരക്കാരനായി, മത്സരിച്ച ഇ.കെ.നായനാർ കോൺഗ്രസിലെ കടന്നപ്പള്ളി രാമചന്ദ്രനോട് തോറ്റത് കർണാടകസമിതിയുടെ പിൻതുണയില്ലാതുകൊണ്ട്. 1965ലെ തെരഞ്ഞെടുപ്പിൽ കെ.എസ്.കാറാന്തിന് കർണാടക സമിതിയുടെ പിൻതുണയ്ക്കായി കെ.കാമരാജ്, പട്ടംതാണുപിള്ള, കെ.ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള കോൺഗ്രസ്,പി.എസ്.പി നേതാക്കൾ കാസർകോട്ടെത്തി കെ.മഹാബലഭണ്ഡാരി, ബി.എസ്.കക്കിലായ തുടങ്ങിയവരുമായി ചർച്ചനടത്തി. പിന്നീട് സി.പി.എമ്മിലെ എം. രാമണ്ണറൈയും കോൺഗ്രസിലെ ഐ. രാമറൈയും കർണാടക വാദികളായി തന്നെ കാസർകോട്ടുനിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പുനരേകീകരണത്തിന്റെ ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും ഈ മേഖലയിൽ കർണാടക ലയനവാദം കെട്ടടങ്ങിയിട്ടില്ല.

ഭാഷാന്യൂനപക്ഷമേഖലയിലെ നാലു ലക്ഷത്തോളം വരുന്ന വോട്ടർമാരുടെ തീരുമാനം മുന്നണികൾക്കു ഒരുപോലെ നിർണ്ണായകമാണ്.

Read More >>