മത്തി പോയി ക്ലാത്തി വന്നു; മത്തി ലഭ്യതയില്‍ 54 ശതമാനം കുറവ്

മത്തി കുറഞ്ഞപ്പോള്‍ ക്ലാത്തി (ഉടുപ്പൂരി)ലഭ്യത വളരെയേറി.

മത്തി പോയി ക്ലാത്തി വന്നു; മത്തി ലഭ്യതയില്‍ 54 ശതമാനം കുറവ്

മുജീബ് റഹ്മാന്‍ കരിയാടന്‍

കൊച്ചി: മത്തി ലഭ്യതയില്‍ 54 ശതമാനം കുറവ്. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ വാര്‍ഷിക പഠന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മീന്‍ ലഭ്യതയിലെ കുറവ് രേഖപ്പെടുത്തിയത്. പുതുതായി നിലവില്‍ വന്ന ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയാണ് മത്സ്യഗവേഷണ കേന്ദ്രത്തിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ് വിഭാഗം കണക്കുകള്‍ തയ്യാറാക്കിയത്.

2017നെ അപേക്ഷിച്ച് 2018ല്‍ ഇന്ത്യയില്‍ മത്തി ലഭ്യതയില്‍ പകുതിയിലധികം കുറവ് രേഖപ്പെടുത്തിയപ്പോള്‍ കേരളത്തിലത് 39 ശതമാനമായിരുന്നു. 2017ല്‍ ലഭിച്ചതിനേക്കാള്‍ ഏകദേശം അമ്പതിനായിരം ടണ്‍ കുറഞ്ഞ് 77,093 ടണ്‍ മത്തിയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത്. അതേസമയം മറ്റ് മീനുകളുടെ ലഭ്യതയില്‍ വര്‍ദ്ധനവുണ്ടായതിനാല്‍ മത്തിയുടെ കുറവ് പ്രതിഫലിച്ചില്ല. മാത്രമല്ല, സംസ്ഥാനത്തെ ആകെ മീന്‍ ലഭ്യതയില്‍ 10 ശതമാനം വര്‍ദ്ധനവുണ്ടാവുകയും ചെയ്തു.

2018ല്‍ 6.42 ലക്ഷം ടണ്‍ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. 2017ല്‍ ഇത് 5.85 ലക്ഷം ടണ്‍ ആയിരുന്നു. മത്തിയില്‍ കുറവ് രേഖപ്പെടുത്തിയപ്പോഴും കേരളത്തില്‍ അയല വര്‍ദ്ധിക്കുകയാണുണ്ടായത്. 2017നെ അപേക്ഷിച്ച് 2018ല്‍ 142 ശതമാനം വര്‍ദ്ധനവാണുണ്ടായത്. 2017നെ അപേക്ഷിച്ച് 2018ല്‍ ഒമ്പത് ശതമാനാണ് മത്സ്യ ലഭ്യതയില്‍ ഇന്ത്യയില്‍ കുറവുണ്ടായത്.

മത്തിക്ക് ഒമ്പതാം സ്ഥാനം

ഒന്നാം സ്ഥാനത്തായിരുന്ന മത്തി ലഭ്യത ദേശീയതലത്തില്‍ ഒമ്പതാം സ്ഥാനത്തോണ് കൂപ്പുകുത്തിയത്. പശ്ചിമ ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതാണ് ദേശീയതലത്തിലെ കണക്കില്‍ വലിയ കുറവുണ്ടാക്കിയത്. എന്നാല്‍ മത്തി കുറഞ്ഞപ്പോള്‍ ക്ലാത്തി (ഉടുപ്പൂരി)ലഭ്യത വളരെയേറി.

മൂന്നില്‍ തുടരുന്ന കേരളം

മൊത്തം ഉല്‍പാദനത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോല്‍പാദനത്തില്‍ കേരളം കഴിഞ്ഞ വര്‍ഷത്തെ അതേ സ്ഥാനത്തു തന്നെയാണ്. ഗുജറാത്തിനും തമിഴ്‌നാടിനും പിറികിലാണ് കേരളത്തിലെ സമുദ്രമത്സ്യ ലഭ്യത. മൊത്തം ലഭിച്ച മത്സ്യത്തിന്റെ 25 ശതമാനമാണ് കേരളത്തിന്റെ സംഭാവന. സംസ്ഥാനത്ത് എറണാകുളത്തെ മുനമ്പം തുറമുഖത്താണ് ഏറ്റവും കൂടുതല്‍ മീന്‍ ലഭിച്ചത്.

സാമ്പത്തികമൂല്യത്തില്‍ നേരിയ വര്‍ദ്ധന

കഴിഞ്ഞ വര്‍ഷം രാജ്യത്തെ ലാന്റിങ് സെന്ററുകളില്‍ 52,632 കോടി രൂപയുടെ മത്സ്യമാണ് വിറ്റഴിക്കപ്പെട്ടത്. 2017നെ അപേക്ഷിച്ച് 0.4 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്. ലാന്റിങ് സെന്ററുകളില്‍ ഒരു കിലോ മീനിന് 11.1 ശതമാനം വര്‍ദ്ധനയില്‍ ശരാശരി വില 152 രൂപയും ചില്ലറ വ്യാപാരത്തില്‍ 13.4 ശതമാനം കൂടി 232 രൂപയും ലഭിച്ചു.

എന്താണ് ക്ലാത്തി

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതല്‍ പശ്ചിമ കടലില്‍ വ്യാപകമായി കണ്ടുവന്ന മീനാണ് ക്ലാത്തി. വാളന്‍ കരട്ടി, ഉടുപ്പൂരി എന്ന പേരുകളിലും അറിയപ്പെടുന്ന ഈ മീന്‍ ഒഡോണസ് നൈജര്‍ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. സാധാരണയായി ഭക്ഷണാവശ്യങ്ങള്‍ക്ക് ക്ലാത്തി ഉപയോഗിക്കാറില്ലെങ്കിലും വന്‍തോതില്‍ ലഭിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് ചെറിയ തോതില്‍ ഭക്ഷിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. മീന്‍ തീറ്റയുണ്ടാക്കുന്ന കേന്ദ്രങ്ങളിലേക്കാണ് ക്ലാത്തി വലിയ തോതില്‍ കയറ്റിപ്പോകുന്നത്. മീന്‍ തീറ്റയാക്കുന്നതിന് പുറമേ മനുഷ്യരും ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങിയതോടെ ക്ലാത്തിക്ക് മികച്ച വില കിട്ടിത്തുടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ക്ലാത്തിയുടെ ലഭ്യത വര്‍ദ്ധിച്ചതെന്ന പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്

Read More >>