'ബീഫ് മാത്രമല്ല, മട്ടണും പപ്പടവും അച്ചാറുമില്ല'; പൊലീസ് അക്കാദമിയിലെ 'മെനു' വിവാദത്തിൽ എഡിജിപി ബി. സന്ധ്യ

പൊലീസ് ക്യാംപുകളിൽ ബീഫ് നിരോധിച്ചിട്ടില്ലെന്നും വിവാദമുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും എഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.

തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ പരിശീലനത്തിനെത്തിയ ട്രെയിനി പൊലീസുകാർക്കും പരിശീലകർക്കുമുള്ള ഭക്ഷണ ലിസ്റ്റിൽനിന്ന് ബീഫ് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി അക്കാദമി ഡയറക്ടർ ബി സന്ധ്യ. അക്കാദമിയിലെ ബീഫിന് വിലക്കെന്ന വാര്‍ത്ത മാദ്ധ്യമ സൃഷ്ടിയാണെന്ന് ബി. സന്ധ്യ പറഞ്ഞു.

ഡയറ്റീഷ്യന്‍ നല്‍കിയ നിര്‍ദേശമാണ് പിന്തുടര്‍ന്നത്. ബീഫ് മാത്രമല്ല മട്ടനും അച്ചാറും പപ്പടവും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എഡിജിപി വിശദീകരിച്ചു. കേരള പൊലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തിലാണ് അക്കാദമി ഡയറക്ടര്‍ കൂടിയായ സന്ധ്യ കൂടുതൽ വിശദീകരണം നല്‍കിയിരിക്കുന്നത്.

പൊലീസ് ക്യാംപുകളിൽ ബീഫ് നിരോധിച്ചിട്ടില്ലെന്നും വിവാദമുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും എഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ സർവീസിലുള്ള ഡയറ്റീഷ്യന്മാരാണു ഭക്ഷണക്രമം തയാറാക്കുന്നത്. ഇതു പൂർണമായി പാലിക്കപ്പെടണമെന്നില്ലെന്നും ക്യാംപുകളിലെ ഭക്ഷണ കമ്മിറ്റികൾ അന്തിമ തീരുമാനം എടുക്കുന്നതാണു പതിവെന്നുമായിരുന്നു അവരുടെ പ്രതികരണം.

Next Story
Read More >>