കടലും തിളയ്ക്കുന്നു

അകംപുറം വെന്ത് മത്സ്യത്തൊഴിലാളികള്‍ - ആഴക്കടലിൽ വെള്ളം ചൂടാകുന്നതിനാൽ മത്സ്യക്കൂട്ടങ്ങൾ മറ്റിടങ്ങളിലേക്ക് മാറുന്നതും എൻജിൻ ഘടിപ്പിച്ച ബോട്ടുകൾ ഉൾപ്പെടെയുള്ളവ വളം നിർമ്മിക്കുന്നതിനായി ഇരട്ടവല ഉപയോ​ഗിച്ച് ചെറിയ മീൻകുഞ്ഞുങ്ങളെയടക്കം പിടിക്കുന്നതും മത്സ്യലഭ്യത കുറയാൻ കാരണമാകുന്നതായി തൊഴിലാളികൾ പറയുന്നു.

കടലും തിളയ്ക്കുന്നുഫോട്ടോ : വിശ്വജിത്ത് പി കെ

ശ്രീനാഥ് അഭിമന്യു

ബേപ്പൂർ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കരയ്ക്കു സമാനം ചുട്ടുപൊള്ളി കടലും. പകൽനേരത്ത് കടലിൽ തോണിയും ചെറുവള്ളങ്ങളും ഇറക്കാനാവാതെ വിയർക്കുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.

കടുത്ത ചൂട് കാരണം തോണി നങ്കൂരമിടാനോ വലവിരിക്കാനോ ആവാത്ത ദുരിതത്തിലാണ് തൊഴിലാളികൾ. അസഹ്യമായ ചൂട് മത്സ്യലഭ്യതയേയും ബാധിക്കുന്നു. സൂര്യാഘാത സാദ്ധ്യത വകവയ്ക്കാതെ അന്നന്നത്തെ അന്നത്തിനു വേണ്ടി കടലിൽ പോകുന്നവർ മിക്കപ്പോഴും വെറുംകൈയോടെയാണ് മടങ്ങുന്നത്. സാധാരണ ലഭിക്കാറുള്ള അയല, മത്തി, ചെമ്മീൻ, മാന്തൾ ഉൾപ്പെടെയുള്ള മീനുകളുടെ ലഭ്യത ഏറെ കുറഞ്ഞിട്ടുണ്ട്.

ആഴക്കടലിൽ വെള്ളം ചൂടാകുന്നതിനാൽ മത്സ്യക്കൂട്ടങ്ങൾ മറ്റിടങ്ങളിലേക്ക് മാറുന്നതും എൻജിൻ ഘടിപ്പിച്ച ബോട്ടുകൾ ഉൾപ്പെടെയുള്ളവ വളം നിർമ്മിക്കുന്നതിനായി ഇരട്ടവല ഉപയോ​ഗിച്ച് ചെറിയ മീൻകുഞ്ഞുങ്ങളെയടക്കം പിടിക്കുന്നതും മത്സ്യലഭ്യത കുറയാൻ കാരണമാകുന്നതായി തൊഴിലാളികൾ പറയുന്നു.

കാലാവസ്ഥ വ്യതിയാനം മൂലം കടലിന്റെ അടിത്തട്ടിൽ അനുഭവപ്പെടുന്ന മർദ്ദവ്യത്യാസം നീരൊഴുക്കിന്റെ ദിശമാറ്റുന്നുണ്ട്. ഇതും മീൻപിടിത്തത്തെ ബാധിക്കുന്നു. നിരവധി കുടുംബങ്ങളാണ് പരമ്പരാ​ഗത മത്സ്യബന്ധനം നടത്തി തീരമേഖലയിൽ ഉപജീവനമാർ​ഗം കണ്ടെത്തുന്നത്. കടലിലെ പ്രതിസന്ധി ഇവരുടെ നിത്യജീവിതത്തിലും കരിനിഴൽ വീഴ്ത്തുകയാണ്. ലഭ്യത കുറഞ്ഞതോടെ മാർക്കറ്റിൽ മീൻവിലയും കുതിച്ചുയർന്നു. കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ മത്തി കിലോയ്ക്ക് 140 മുതൽ 160 വരെയാണ് വില. അയല കിലോയ്ക്ക് 180 മുതൽ 200 വരെ. ചെമ്മീൻ ചെറുതിന് 200-300 രൂപയും വലുതിന് 450 രൂപയുമാണ്.

മാന്തളിന് 150 രൂപ മുതൽ 180 രൂപവരെയാണ് വിൽപ്പന. മംഗളൂരു, ഗോവ, തൂത്തുക്കുടി, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മാർക്കറ്റിൽ ഇപ്പോൾ മീനെത്തുന്നത്. മത്സ്യവില വർദ്ധനയ്ക്ക് ഇതും കാരണമായതായി സെൻട്രൽ മാർക്കറ്റിൽ കച്ചവടം നടത്തുന്ന കുഞ്ഞിക്കോയ പറയുന്നു.

Read More >>