'സിപിഎം പ്രവര്‍ത്തകർ; മാവോയിസ്റ്റുകള്‍ ആണെങ്കില്‍ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ': പ്രതികരണവുമായി അലനും താഹയും

അലനേയും താഹയേയും ഫെബ്രുവരി 14 വരെ എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകരാണെന്നും മാവോയിസ്റ്റുകള്‍ ആണെങ്കില്‍ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെയെന്നും പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയും. എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.

ഞങ്ങൾ മാവോയിസ്റ്റുകള്‍ ആണെന്ന് പറയുന്ന മുഖ്യമന്ത്രി തങ്ങൾ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം ബൂത്ത്‌ ഏജന്‍റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. വോട്ട് പിടിക്കാനും പോസ്റ്റർ ഓടിക്കാനും തെണ്ടി നടന്നവരാണ് തങ്ങളെന്നും ഇരുവരും പറഞ്ഞു.

അതേസമയം അലനേയും താഹയേയും ഫെബ്രുവരി 14 വരെ എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതിനു ശേഷം ആദ്യമായാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. സുരക്ഷ പരിഗണിച്ച് അലനെയും, താഹയെയും തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Read More >>