ആലപ്പാട് കരിമണല്‍ ഖനനം തുടരുമെന്നു വ്യവസായ മന്ത്രി

പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും കോട്ടം തട്ടാത്ത വിധത്തിൽ ഖനനം നടത്തണമെന്നതാണ് സർക്കാർ നയം. ആലപ്പാട് മേഖലയിൽ ഖനനം വഴി കരയില്ലാതായി എന്ന വാദം ശരിയല്ലെന്നും മത്സ്യസമ്പത്തിനെ ഖനനം പ്രതികൂലമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

ആലപ്പാട് കരിമണല്‍ ഖനനം   തുടരുമെന്നു വ്യവസായ മന്ത്രി

സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

തിരുവനന്തപുരം: ആലപ്പാട് പഞ്ചായത്തിൽ ഇന്ത്യൻ റെയർ എർത്‌സ്(ഐ.ആർ.ഇ) നടത്തുന്ന കരിമണൽ ഖനനം നിർത്തിവയ്ക്കാനാകില്ലെന്നു വ്യവസായ മന്ത്രി ഇ.പി ജയരാജൻ. നിയമസഭയിൽ പ്രതിപക്ഷത്തെ പി.ടി തോമസ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഖനനം അനിവാര്യമാണ്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും കോട്ടം തട്ടാത്ത വിധത്തിൽ ഖനനം നടത്തണമെന്നതാണ് സർക്കാർ നയം. ആലപ്പാട് മേഖലയിൽ ഖനനം വഴി കരയില്ലാതായി എന്ന വാദം ശരിയല്ലെന്നും മത്സ്യസമ്പത്തിനെ ഖനനം പ്രതികൂലമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് ഖനനം നടത്തുന്നത്. ആലപ്പാട് വില്ലേജിൽ കര നഷ്ടമായത് സുനാമി കാരണമാണ്. ഖനനം നടത്തിയില്ലെങ്കിൽ പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്താനാകാതെ വരും. അമ്പതു വർഷത്തിലേറെയായി ഇവിടെ ഖനനം നടക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളും അവിടെ ജോലി ചെയ്യുന്ന അയ്യായിരത്തിലേറെ തൊഴിലാളികളും ഖനനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഖനനത്തിനെതിരായി അവിടുത്തെ നാട്ടുകാർ പരാതിപ്പെട്ടിട്ടില്ല. കരിമണൽ കടത്തുന്നതിനെതിരെയാണ് പരാതിയുള്ളത്. ഇക്കാര്യത്തിൽ കർശന നടപടിയെടുക്കും. കരിമണൽ കടത്ത് നിർത്തിയാൽ ആലപ്പാട്ടെ സമരം അവസാനിക്കും. സമരക്കാരുമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. താൽക്കാലികമായി സീ വാഷ് നിർത്തിവയ്ക്കാനും വിദഗ്ദ്ധ സമിതിയോട് പഠനം നടത്താനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തോമസ് ആവശ്യപ്പെട്ടു. മന്ത്രിയുടെ വിശദീകരണത്തെ തുടർന്നു സ്പീക്കർ പി. ശ്രീരമാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്നു പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

Read More >>