ഇവിടുത്തെ മണലിന്റെ ഗുണമാണ് ഈ നാടിനു ശാപമായത്. കടൽത്തീരത്തു നിക്ഷേപിക്കുന്ന കരിമണൽ കോരിയെടുത്ത, അരിച്ചുകിട്ടുന്ന ധാതുക്കൾക്ക് പൊന്നിനേക്കാൾ വിലയുണ്ട്. ഇതുതിരിച്ചറിഞ്ഞ വെള്ളക്കാരൻ തുടങ്ങിയ മണൽവേട്ട ഇന്നും തടസ്സമില്ലാതെ തുടരുന്നു. ആർക്കും തടയാനാകാതെ.

ഒരു നാടിനെ കടലെടുക്കുമ്പോള്‍ - അതിജീവനച്ചൂടിൽ ആലപ്പാട്

Published On: 13 Jan 2019 11:52 AM GMT
ഒരു നാടിനെ കടലെടുക്കുമ്പോള്‍ -   അതിജീവനച്ചൂടിൽ ആലപ്പാട്ഫോട്ടോ : എ.ജയമോഹന്‍

വെള്ളനാംതുരുത്ത്(കൊല്ലം): ഒരു നേർത്ത വരമ്പുപോലെയാണ് ഇന്ന് ആലപ്പാട്. പടിഞ്ഞാറ് കടൽ. കിഴക്ക് ടി.എസ് കനാൽ. ഒരു രാത്രി കടൽ കലിപൂണ്ട് കയറി വന്നാൽ എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ പോലും ഇവിടെയുള്ളവർക്കിടമില്ല. മൂന്നര കിലോമീറ്ററിലേറെ വീതിയുണ്ടായിരുന്ന ഒരു തീരഗ്രാമം ഇന്ന് കടൽക്കയറി നേർത്തുനേർത്തു വരികയാണ്. കടൽ അതിക്രമിച്ചു കയറിയതല്ല. യന്ത്രക്കരണ്ടിയുമായി കരിമണൽ തോണ്ടിയെടുത്ത കുഴികളിലേക്കു തിര ഇരമ്പിയെത്തുകയായിരുന്നു. ഒന്നും രണ്ടുമല്ല, 2000 ഏക്കർ ഭൂമിയാണ് ഇക്കാലയളവിൽ ആലപ്പാട്ടെ ഭൂമുഖത്തുനിന്നു മാഞ്ഞുപോയത്. പ്രമാണവും കരമടച്ച രസീതിയും കൈയിലുണ്ടെങ്കിലും ഭൂമി കൈവശമില്ലാത്ത അപൂർവതയാണ് ഇന്ന് ആലപ്പാട്. കുഴിച്ചുകുഴിച്ച് വീടിന്റെ അസ്ഥിവാരമിളകുന്ന ഘട്ടമെത്തിയാൽ ഇവിടുത്തുകാർ കിടപ്പാടം വിട്ടോടുമെന്നു ഖനനം നടത്തുന്നവർക്കറിയാം. ആ വിശ്വാസത്തിന്റെ ബലത്തിലാണ് ഏക്കറുകണക്കിന് സ്ഥലം അവർ സ്വന്തമാക്കിയത്.

ഇവിടുത്തെ മണലിന്റെ ഗുണമാണ് ഈ നാടിനു ശാപമായത്. കടൽത്തീരത്തു നിക്ഷേപിക്കുന്ന കരിമണൽ കോരിയെടുത്ത, അരിച്ചുകിട്ടുന്ന ധാതുക്കൾക്ക് പൊന്നിനേക്കാൾ വിലയുണ്ട്. ഇതുതിരിച്ചറിഞ്ഞ വെള്ളക്കാരൻ തുടങ്ങിയ മണൽവേട്ട ഇന്നും തടസ്സമില്ലാതെ തുടരുന്നു. ആർക്കും തടയാനാകാതെ.ധാതുനിക്ഷേപം നാടിന്റെ സമ്പത്താണ്. അതു ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദപരമായും ഉപയോഗപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യവുമാണ്. എന്നാൽ അതൊരു നാടിനെ തന്നെ ഇല്ലാതാക്കുന്ന വിധം തുരന്നുകയറുമ്പോൾ അനുവദിക്കാനാകുമോ എന്ന തികച്ചും ന്യായമായ ചോദ്യമാണ് ആലപ്പാട്ടുകാർ ലോകത്തോടു ചോദിക്കുന്നത്. കേട്ടറിഞ്ഞവർ ആലപ്പാട്ടെത്തി കാണുന്ന കാഴ്ചകൾ ഭയപ്പെടുത്തുന്നതാണ്.

1965ൽ ഇന്ത്യൻ റെയർ എർത്‌സ്(ഐ.ആർ.ഇ) എന്ന പൊതുമേഖലാ സ്ഥാപനം ആലപ്പാട്ടെ മണലിലെ കറുത്തപൊന്ന് കുഴിക്കാനെത്തുമ്പോൾ 89.5 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയുണ്ടായിരുന്നു ഈ നാടിന്. അതേ ആലപ്പാടിന്റെ ഇന്നത്തെ ആകെ വിസ്തൃതി 7.6 ചതുരശ്ര കിലോമീറ്റര്‍. ഭൂമികുലുങ്ങിയോ, ഉരുൾപൊട്ടിയോ ഇല്ലാതായതല്ല ഈ മണ്ണ്. പകരം ഇടതടവില്ലാതെ, കുഴിച്ചെടുത്തു കടത്തിയതാണ്.

വ്യവസായത്തിനോ തൊഴിലിനോ സമ്പദ് വ്യവസ്ഥയ്‌ക്കോ ഇവിടുത്തെ സാധുക്കളായ മത്സ്യത്തൊഴിലാളികൾ എതിരല്ല. അങ്ങനെ വ്യാഖ്യാനിക്കുന്നവരുടെ ലക്ഷ്യം മറ്റൊന്നാണെന്നും ഇവർക്കറിയാം. ഇവിടെ, ഈ മണ്ണിൽ ജീവിക്കണം. ഈ നാട് മാഞ്ഞുപോകാതെ ഇതുപോലെയെങ്കിലും നിലനിർത്തണം. അതിനുവേണ്ടിയുള്ള അതീജീവനത്തിന്റെ സമരപാതയിലാണ് ആലപ്പാട്ടുകാർ.

സീ.വി ശ്രീജിത്ത്

സീ.വി ശ്രീജിത്ത്

തത്സമയം തിരുവനന്തപുരം ബ്യുറോ ചീഫ്‌


Top Stories
Share it
Top