അറയ്ക്കല്‍ ബീവി ആദിരാജ സുല്‍ത്താന ഫാത്തിമ മുത്തുബീവി അന്തരിച്ചു

2018 ല്‍ ജൂണ്‍ 26നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി 39ാമത് അറയ്ക്കല്‍ സുല്‍ത്താന്‍ സ്ഥാനം ഏറ്റെടുത്തത്.

അറയ്ക്കല്‍ ബീവി ആദിരാജ സുല്‍ത്താന ഫാത്തിമ മുത്തുബീവി അന്തരിച്ചു

അറയ്ക്കല്‍ ബീവി ആദിരാജ സുല്‍ത്താന ഫാത്തിമ മുത്തുബീവി (86) അന്തരിച്ചു. തലശ്ശേരി ചേറ്റന്‍കുന്നിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നടക്കും. 2018 ല്‍ ജൂണ്‍ 26നു സഹോദരിയും, 38ാമത് അറയ്ക്കല്‍ സ്ഥാനിയുമായിരുന്ന അറയ്ക്കല്‍ സുല്‍ത്താന്‍ സൈനബ ആയിഷ ആദിരാജയുടെ വിയോഗത്തെ തുടര്‍ന്നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി 39ാമത് അറയ്ക്കല്‍ സുല്‍ത്താന്‍ സ്ഥാനം ഏറ്റെടുത്തത്.

1932 ഓഗസ്റ്റ് 3ന് എടക്കാട് ആലുപ്പി എളയയുടെയും അറക്കല്‍ ആദിരാജ മറിയം എന്ന ചെറുബിയുടെയും ഏട്ടാമത്തെ മകളായാണ് ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ ജനനം. അറയ്ക്കല്‍ രാജവംശത്തിന്റെ അധികാരത്തിലുണ്ടായിരുന്ന ആദിരാജ ഹംസ കോയമ്മ തങ്ങള്‍, ആദിരാജ സൈനബ ആയിഷബി എന്നിവര്‍ സഹോദരങ്ങളാണ്.

കണ്ണൂര്‍ സിറ്റിയിലെ അറയ്ക്കല്‍ കെട്ടിനകത്തെ അസീസ് മഹലില്‍ ജനിച്ചു വളര്‍ന്ന ബീവിക്ക് വിദ്യയുടെ ആദ്യ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത് കണ്ണൂര്‍ സിറ്റിയുടെ ആധുനിക വിദ്യാഭ്യാസ ശില്‍പിയായ എ.എന്‍. കോയക്കുഞ്ഞി സാഹിബാണ്. കണ്ണൂര്‍ സിറ്റിയിലെ പലമാടത്തില്‍ അറയ്ക്കലിന്റെ ആശിര്‍വാദത്തോടെ പ്രവര്‍ത്തിച്ച കോയിക്കാന്റെ സ്‌കൂളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സി.പി. കുഞ്ഞഹമ്മദ് എളയയെ വിവാഹം ചെയ്ത ബീവിയുടെ ഏക മകള്‍ ആദിരാജ ഖദീജ സോഫിയയാണ്.

കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറയ്ക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിയില്‍ നിക്ഷിപ്തമായിട്ടുള്ളത്. കണ്ണൂര്‍ നഗരത്തിന്റെ ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ നേതൃത്വം നല്‍കുന്ന അറയ്ക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി.

ശനിയാഴ്ച തലശേരി ഓടത്തില്‍ പള്ളിയില്‍ മഗ്‌രിബ് നമസ്‌കാര ശേഷം മയ്യത്ത് നമസ്‌കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകന്‍ ഇത്യസ് അഹമദ് ആദിരാജ, സഹോദരി പുത്രന്‍ മുഹമ്മദ് റാഫി ആദിരാജ എന്നിവര്‍ അറിയിച്ചു.

Read More >>