സി.ഐ നവാസിനു വേണ്ടി തെരച്ചില്‍ തുടരുന്നു; ബസ്സില്‍ കയറുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

സി.ഐ നവാസ് സംസ്ഥാനത്ത് തന്നെയുണ്ടെന്നും നാലു ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും കൊച്ചി ഡി.സി.പി പൂങ്കുഴലി വ്യക്തമാക്കി.

സി.ഐ നവാസിനു വേണ്ടി തെരച്ചില്‍ തുടരുന്നു;  ബസ്സില്‍ കയറുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചി: സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തില്‍ പുതിയ തെളിവുകള്‍ ലഭിച്ചതായി ഡി.ജി.പി. അന്വേഷണത്തിന് എറണാകുളം ഡി.സി.പിയെ ചുമതലപ്പെടുത്തി. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെ കുറിച്ച് നേരത്തെ പരാതി കിട്ടിയിട്ടില്ലെന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ നവാസ് സംസ്ഥാനത്ത് തന്നെയുണ്ടെന്നും നാലു ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും കൊച്ചി ഡി.സി.പി പൂങ്കുഴലി വ്യക്തമാക്കി.

ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. കായംകുളത്ത് നവാസിനെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ഇന്നലെ കായംകുളത്ത് വിശദപരിശോധന നടത്തിയിരുന്നു. പാലാരിവട്ടം എസ്.ഐയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘത്തിന് ആണ് അന്വേഷണ ചുമതല. ഇന്നലെ പുലര്‍ച്ചെയാണ് ദുരൂഹ സാഹചര്യത്തില്‍ സി.ഐ നവാസിനെ കാണാതായത്. ഉന്നത ഉദ്യോഗസ്ഥനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് നവാസ് കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നു എന്നാണ് ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയിലുള്ളത്.

ഇന്നലെ എ.ടി.എമ്മില്‍നിന്ന് 10,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പൃഥിരാജിന്റെ നേതൃത്വത്തില്‍ ഡി.ജി.പിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ കൊച്ചി അസി.കമ്മിഷണറും സി.ഐമായുണ്ടായ തര്‍ക്കത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി കമ്മിഷണര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നു. അസി.കമ്മിഷണറുമായുള്ള വാക്കേറ്റത്തിനു പിന്നാലെ നവാസ് സ്റ്റേഷനിലെത്തി തന്റെ ഔദ്യോഗിക സിംകാര്‍ഡ് കീഴുദ്യോഗസ്ഥന് കൈമാറുകയും 10 ദിവസത്തേക്ക് ഒരു യാത്ര പോകുന്നതായും പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

Read More >>