സര്‍ക്കാരിന് വിവാദപ്പേടി! കാര്‍ബണും ആമിയും പിന്‍വലിക്കാന്‍ സാംസ്‌കാരിക മന്ത്രിയുടെ ഓഫീസ്

അക്കാദമി ഭാരവാഹികളുടെ ചിത്രത്തിന് അവാര്‍ഡ് ലഭിച്ചാല്‍ വിവാദമാകുമെന്നാണു സര്‍ക്കാരിന്റെ ആശങ്ക. എന്നാല്‍ സിനിമ അവാര്‍ഡിനു സമര്‍പ്പിക്കുന്നതു നിര്‍മ്മാതാക്കളാണെന്നിരിക്കെ സംവിധായകനോ എഡിറ്റര്‍ക്കോ അതില്‍ അഭിപ്രായം പറയാനാവില്ല.

സര്‍ക്കാരിന് വിവാദപ്പേടി! കാര്‍ബണും ആമിയും പിന്‍വലിക്കാന്‍ സാംസ്‌കാരിക മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും കമലിന്റെ ആമിയും വേണുവിന്റെ കാര്‍ബണും പിന്‍വലിക്കണമെന്ന് മന്ത്രി എ.കെ ബാലന്റെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം. അക്കാദമിയുടെ ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ആമി. വൈസ് ചെയര്‍പേഴ്‌സണായ ബീനാ പോള്‍ എഡിറ്റിങ് നിര്‍വ്വഹിച്ച സിനിമയാണ് കാര്‍ബണ്‍. ഇതോടെയാണ് ഇരു ചിത്രങ്ങളും പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് മന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചത്. അക്കാദമി ഭാരവാഹികള്‍ അവാര്‍ഡിനായി അപേക്ഷിക്കരുതെന്നാണ് നിയമം. എന്നാല്‍ അംഗങ്ങള്‍ ഭാഗവാക്കായ സിനിമകള്‍ അവാര്‍ഡിന് അപേക്ഷിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ സിനിമകള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് ഇവര്‍. കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്.

അക്കാദമി ചെയര്‍മാനായ കമലിന്റെ പടം മത്സരത്തില്‍ നിന്നു പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ചെയര്‍മാന്‍ പദവി രാജി വച്ച ശേഷം ചിത്രം മത്സരത്തിന് അയയ്ക്കുന്നതാണ് നല്ലതെന്നുമുള്ള നിലപാടാണ് സാംസ്‌കാരിക മന്ത്രിയുടെ ഓഫിസ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ചട്ടം അനുസരിച്ച് അവാര്‍ഡിനു സമര്‍പ്പിച്ച ചിത്രം ഏകപക്ഷീയമായി തള്ളാനാവില്ല. തള്ളിയാല്‍ നിര്‍മ്മാതാവിനു കേസിനു പോകാം. അല്ലെങ്കില്‍ നിര്‍മ്മാതാവ് തന്നെ സിനിമ പിന്‍വലിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മ്മാതാവില്‍ സമ്മര്‍ദം ചെലുത്തി പടം പിന്‍വലിപ്പിക്കാനാണു സാദ്ധ്യത. സിനിമ മത്സരത്തിനുണ്ടാവില്ലെന്ന് അക്കാദമി അധികൃതര്‍ അനൗദ്യോഗികമായി പറയുന്നു.

അക്കാദമി ഭാരവാഹികളുടെ ചിത്രത്തിന് അവാര്‍ഡ് ലഭിച്ചാല്‍ വിവാദമാകുമെന്നാണു സര്‍ക്കാരിന്റെ ആശങ്ക. എന്നാല്‍ സിനിമ അവാര്‍ഡിനു സമര്‍പ്പിക്കുന്നതു നിര്‍മ്മാതാക്കളാണെന്നിരിക്കെ സംവിധായകനോ എഡിറ്റര്‍ക്കോ അതില്‍ അഭിപ്രായം പറയാനാവില്ല.

അക്കാദമി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ആറംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വ്യക്തിഗത അവാര്‍ഡിനു മത്സരിക്കാന്‍ പാടില്ലെന്നാണു ചട്ടങ്ങളില്‍ പറയുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനു നിയമ തടസ്സമില്ല. ഇതനുസരിച്ചു മികച്ച ചിത്രം, സംവിധായകന്‍, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ അവാര്‍ഡുകള്‍ക്കു വേണ്ടി മത്സരിക്കുന്നതിനു മാത്രമേ 'ആമി'ക്കു തടസ്സമുള്ളൂ. എഡിറ്റര്‍ക്കുള്ള അവാര്‍ഡിനു മത്സരിക്കുന്നതിന് 'കാര്‍ബണി'നും തടസ്സമുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരും മുമ്പേ അവാര്‍ഡ് പ്രഖ്യാപിക്കാനായി തിരക്കിട്ടു നീങ്ങുന്നതിനിടെയാണ് ഈ പ്രശ്നം. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ലക്ഷദ്വീപിലുള്ള കമല്‍ അവാര്‍ഡ് പ്രഖ്യാപനത്തിനു തൊട്ടു മുമ്പേ ഇനി തിരികെ എത്തുകയുള്ളൂ. ഇതിനിടെ, ജൂറി അംഗങ്ങളുടെ പേരുകള്‍ ചലച്ചിത്ര അക്കാദമി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. ഹരിഹരന്‍, അമോല്‍ പലേക്കര്‍, കെ.പി.കുമാരന്‍ തുടങ്ങിയവരെയാണ് ജൂറി ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. 105 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്.

Read More >>